ഇരട്ടഗോളുമായി തിളങ്ങി സാദിയോ മാനെ; കഷ്ടകാലം തീരാതെ ബ്രസീൽ; സെനഗാളിനോട് തോറ്റത് 4-2ന്

ലിസ്ബണ്‍: സൗഹൃദ മത്സരത്തിൽ ബ്രസീലിനെ നാണംകെടുത്തി സെനഗാൾ. രണ്ടിനെതിരെ നാല് ഗോളിനാണ് മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലിന്‍റെ തോൽവി.

നായകൻ സാദിയോ മാനെ സെനഗാളിനായി ഇരട്ടഗോളുകളുമായി തിളങ്ങി. ഹബീബി ഡയല്ലോയും ടീമിനായി ഗോൾ നേടി. ഒരു ഗോൾ ബ്രസീൽ താരം മാർക്വീഞ്ഞോസിന്‍റെ വകയായിരുന്നു. ലൂകാസ് പക്വേറ്റ, മാർക്വീഞ്ഞോസ് എന്നിവർ ബ്രസീലിനായി വലകുലുക്കി. സൂപ്പർതാരം നെയ്മർ ഇല്ലാതെ കളത്തിലിറങ്ങിയ ബ്രസീൽ പാസ്സിങ്ങിലും പന്തടക്കത്തിലും ബഹുദൂരം മുന്നിൽ നിന്നെങ്കിലും വിജയ ഗോളുകൾ കണ്ടെത്താനായില്ല.

പക്വേറ്റയുടെ ഗോളിലൂടെ കളിയുടെ 11ാം മിനിറ്റിൽ തന്നെ ബ്രസീൽ ലീഡ് നേടി. വിനീഷ്യസ് ജൂനിറയാണ് ഗോളിന് വഴിയൊരുക്കിയത്. 22ാം മിനിറ്റിൽ ഡയല്ലോ സെനഗാളിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ (52ാം മിനിറ്റിൽ) മാർക്വീഞ്ഞോസിന്‍റെ സെൽഫ് ഗോളിലൂടെ സെനഗാൾ വീണ്ടും മുന്നിലെത്തി. 55ാം മിനിറ്റിൽ നായകൻ മാനെ ലീഡ് ഉയർത്തി. 58ാം മിനിറ്റിൽ സെൽഫ് ഗോളിന് പകരമായി മാർക്വീഞ്ഞോസ് ബ്രസീലിനായി വലകുലുക്കി.

അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ബ്രസീൽ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ (90+7) പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മാനെ ടീമിനായി രണ്ടാം ഗോളും ടീമിന് ഗംഭീര ജയവും സമ്മാനിച്ചു. സ്കോർ 4-2. അഫ്രിക്കൻ കരുത്തരായ സെനഗാൾ ആദ്യമായാണ് ബ്രസീലിനെ തോൽപിക്കുന്നത്. ടീമിന്‍റെ തോൽവി അറിയാത്ത എട്ടാമത്തെ മത്സരമാണിത്.

അതേസമയം, കഴിഞ്ഞ നാലു മത്സരങ്ങളിൽ ബ്രസീലിന്‍റെ മൂന്നാമത്തെ തോൽവിയാണിത്. 2015ൽ ചിലിയോട് 2-0ത്തിന് തോൽവി വഴങ്ങിയശേഷം ബ്രസീൽ ആദ്യമായാണ് ഒരു ടീമിനോട് രണ്ടു ഗോളിന് തോൽക്കുന്നത്. 2014 ലോകകപ്പ് സെമി ഫൈനലിൽ ജർമനിയോട് 7-1ന് തോറ്റ ശേഷം ഒരു ടീമിനോട് നാലു ഗോളുകൾ വഴങ്ങുന്നതും ആദ്യം.

Tags:    
News Summary - Sadio Mane Strikes Twice As Senegal Beat Brazil In Friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.