സാ​ദി​യോ മാ​നേ ബ​യേ​ൺ ജ​ഴ്സി​യു​മാ​യി

ലണ്ടൻ: നിരവധി കിരീടങ്ങളുമായി ആറു വർഷം ലിവർപൂളിനൊപ്പം ജ്വലിച്ചുനിന്ന കരിയർ നിർത്തി സാദിയോ മാനേ ഇനി ബയേൺ മ്യൂണിക്കിൽ. ഒരു സീസൺ ബാക്കിനിൽക്കെയാണ് ലിവർപൂൾ വിട്ട് താരം ജർമൻ കരുത്തർക്കൊപ്പം ചേർന്നത്. നടപടികൾ പൂർത്തിയാക്കി ബുധനാഴ്ചയോടെ പുതിയ ക്ലബിന്റെ ഭാഗമായ 30കാരൻ പുതിയ ജഴ്സിയുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി.

ഒരു സീസണിൽ നാലു കിരീടങ്ങളെന്ന സ്വപ്നനേട്ടത്തിനരികെ ലിവർപൂളിനെയെത്തിച്ചാണ് ഇംഗ്ലണ്ട് വിട്ടത്. തൊട്ടുമുമ്പ് സെനഗാളിനെ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളാക്കിയിരുന്നു. 4.29 കോടി ഡോളറി (335 കോടി രൂപ) നാണ് കൈമാറ്റം. 3.35 കോടി ഡോളർ ബയേൺ ഉടൻ ലിവർപൂളിന് കൈമാറും. അവശേഷിച്ച തുക നിശ്ചിത നിബന്ധനകൾ പൂർത്തിയാകുന്ന മുറക്ക് പിന്നീടും. ലിവർപൂളിൽ ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ് ഉൾപ്പെടെ കിരീടങ്ങൾ മാനേ മാറോടുചേർത്തിരുന്നു.

അതേസമയം, മാനേ ബയേണിലെത്തുന്നതോടെ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി കൂടുവിടുമോ എന്ന സംശയം ബലപ്പെടുകയാണ്. ടീമിനൊപ്പം 384 കളികളിൽ 312 ഗോൾ പൂർത്തിയാക്കിയ ലെവൻഡോവ്സ്കി തുടർച്ചയായ അഞ്ചാം സീസണിലും ബുണ്ടസ് ലിഗ ടോപ്സ്കോററായിരുന്നു. മറുവശത്ത്, 2016ൽ സതാംപ്ടണിൽനിന്ന് ലിവർപൂളിലെത്തിയശേഷം 269 കളികളിൽ 120 ഗോളുകൾ കുറിച്ച മാനേ കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച പ്രകടനവുമായി നിറഞ്ഞുനിന്നിരുന്നു. പുതിയ ക്ലബിൽ മാനേ ഏതു ജഴ്സിയിലാകും എന്നതാണ് ലോകം കാത്തിരിക്കുന്നത്.

മറ്റു ടീമുകളും ബന്ധപ്പെട്ടിരുന്നുവെങ്കിലും ഏറ്റവും മികച്ച ടീം എന്ന നിലക്കാണ് ബയേൺ തെരഞ്ഞെടുത്തതെന്ന് താരം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ബുണ്ടസ് ലിഗയിൽ ബയേൺ തുടർച്ചയായ 10ാം തവണയാണ് കിരീടത്തിൽ മുത്തമിടുന്നത്.

10ാം നമ്പറിൽ ഇനിയാര്?

ലണ്ടൻ: മാനേ കളംവിട്ടതോടെ ലിവർപൂളിൽ 10ാം നമ്പർ ജഴ്സിക്ക് അവകാശികളാരാകും? പകരക്കാരനായി ഡാർവിൻ ന്യൂനസ് എത്തിയിട്ടുണ്ടെങ്കിലും 27ാം നമ്പറുകാരന്റെ കുപ്പായത്തിലാണ് കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയിരുന്നത്. നേരത്തേ ബെൻഫിക്കയിൽ അണിഞ്ഞ ഒമ്പതാം നമ്പറിലാണ് ന്യൂനസിന്റെ കണ്ണുകളെന്നാണ് റിപ്പോർട്ട്. അതോടെ, മാനേയുടെ 10ാം നമ്പറിന് അവകാശികൾ മറ്റാരെങ്കിലും ആകുമെന്നാണ് സൂചന. ഫുൾഹാമിനെ പ്രീമിയർ ലീഗിലെത്തിച്ച് ചെമ്പടക്കൊപ്പം ചേർന്ന കർവാലോ, ടീമിലെത്തി ചുരുങ്ങിയ നാളുകൾകൊണ്ട് ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറിയ ലൂയിസ് ഡയസ്, പോർചുഗീസ് ഫോർവേഡ് ഡീഗോ ജോട്ട തുടങ്ങി പുതുമുറക്കാർ ഏറെയുണ്ട്. ഫർമീനോ പോലുള്ള വെറ്ററൻമാർ വേറെയും.

Tags:    
News Summary - Sadio Mane in bayern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.