തോറ്റ് തോറ്റ് ഒടുവിൽ കൂമാൻ പുറത്ത്; ബാഴ്സ പരിശീലകനായി ഇനി സാവി?
മഡ്രിഡ്: ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ബാഴ്സലോണ എഫ്.സിയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുമെന്ന വീരവാദവുമായെത്തിയ റൊണാൾഡ് കൂമാനെ ബാഴ്സലോണ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കി.
ലാലിഗയിലെ അഭിമാനപ്പോരാട്ടമായ എൽക്ലാസികോയിൽ റയൽ മഡ്രിഡിനോട് സ്വന്തം മൈതാനത്ത് തോറ്റതിനു പിന്നാലെ, കഴിഞ്ഞ ദിവസം റായോ വല്ലേകാനോയോടും തോറ്റതോടെയാണ് കോച്ചിന്‍റെ കസേര തെറിച്ചത്. പരിശീലക സ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയർന്നുവരുന്നുണ്ടെങ്കിലും മുൻ ബാഴ്സ താരമായ സാവിയെ ഉത്തരവാദിത്തം ഏൽപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാവിയുമായി ബാഴ്സ അധികൃതർ സംസാരിച്ചു കഴിഞ്ഞു.
1987-88 സീസണിലെ മോശം നിലവാരത്തിനു ശേഷം ആദ്യമായാണ് ബാഴ്സലോണ ലാലിഗയിൽ ഇത്ര പിന്നിലാവുന്നത്. അന്ന് ആറാം സ്ഥാനത്തായിരുന്നു ബാഴ്സലോണ. ഇത്തവണ പത്തു മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്ന് തോൽവിയും മൂന്ന് സമനിലയുമായി ഒമ്പതാം സ്ഥാനത്താണ് . ഇങ്ങനെ തുടർന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ലഭിക്കില്ലെന്ന് കണ്ടാണ് മാനേജ്മെന്റ് കോച്ചിനെ പുറത്താക്കിയത്.
മഡ്രിഡ് കേന്ദ്രമായുള്ള റായോ വല്ലേകാനോക്കെതിരെ കഴിഞ്ഞ 19 വർഷത്തിനിടക്ക് ബാഴ്സ തോറ്റിട്ടില്ല. ഒപ്പം ചാമ്പ്യൻസ് ലീഗിൽ ഇത്തവണ ഗ്രുപ്പ് ഘട്ടം കടക്കില്ലെന്ന നിലയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.