ബ്രസീലിനും ഉറുഗ്വാക്കുമെതിരെ ഇന്ത്യ; ജയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഖാലിദ് ജമീൽ
ന്യൂഡൽഹി: അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെയും രണ്ടുതവണ കിരീടം ചൂടി ഉറുഗ്വായിയെയും സ്വന്തം നാട്ടിൽ നേരിടുന്നത് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ സ്വപ്നസാക്ഷാത്കാര നിമിഷമാണെന്ന് മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ. ചരിത്രത്തിലെ ഒരു വഴിത്തിരിവായിരിക്കും ഈ മത്സരങ്ങളെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷത്തെ ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തയാറെടുക്കാൻ ഇന്ത്യയെ ഈ മത്സരങ്ങൾ സഹായിക്കുമെന്ന് ഖലിദ് ജമീൽ അഭിപ്രായപ്പെട്ടു.
ചരിത്രത്തിൽ ആദ്യമായാണ് നമ്മൾ ബ്രസീലിനെതിരെ കളിക്കുന്നത്. പോസിറ്റിവായി ചിന്തിക്കണം. ഇന്ത്യ ജയിക്കണമെന്ന കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ശക്തമായ ടീമുകളുമായി കളിക്കുന്നത് ഇന്ത്യൻ ഫുട്ബാളിന് സംഭവിക്കുന്ന വളരെ നല്ല കാര്യമാണെന്ന് ജമീൽ പി.ടി.ഐയോട് പറഞ്ഞു. കാണികൾ ഇന്ത്യയെ നൂറു ശതമാനം പിന്തുണച്ചാൽ കളിക്കാർക്ക് പ്രചോദനം ലഭിക്കുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീൽ, ഉറുഗ്വായ് തുടങ്ങിയ മുൻനിര ടീമുകളുമായി കളിക്കുന്നത് പ്രചോദനമാണ്. ഇത് ഒരു ചുവടുവെപ്പാണ്, അടുത്ത ഘട്ടം ആത്മവിശ്വാസം നേടുന്നതിന് കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ഫിറ്റ്നസുള്ള കളിക്കാരെ മാത്രമാണ് ടീമിലുൾപ്പെടുത്തിയതെന്ന് പരിശീലകൻ വ്യക്താമക്കി.
കൊൽക്കത്തയിൽ കളിക്കുന്നതിന്റെ ആത്മവിശ്വാസമുണ്ടെന്നും ഖാലിദ് ജമീൽ അഭിപ്രായപ്പെട്ടു. കളിക്കാരും പരിശീലക സ്റ്റാഫ് എന്ന നിലയിലും ബ്രസീലിനെതിരെ കളിക്കാൻ കഴിയുന്നത് സന്തോഷകരമാണ്. ബ്രസീൽ എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. ഉയർന്ന റാങ്കുള്ള ടീമിനൊപ്പം കളിക്കുന്നതാണ് നല്ലതെന്നും സന്തുലിതമായ ടീമിനെയാണ് ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടീമിൽ നാല് മലയാളി താരങ്ങൾ
ബ്രസീൽ, ഉറുഗ്വായ്, പാനമ ടീമുകൾക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരങ്ങൾക്കുള്ള 26 അംഗ ഇന്ത്യൻ ദേശീയ ടീമിൽ നാല് മലയാളി താരങ്ങളാണുള്ളത്. ബിജോയ് വർഗീസ്, ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, സഹൽ അബ്ദുൽ സമദ് എന്നിവരാണ് ടീമിൽ ഇടംനേടിയ മലയാളി താരങ്ങള്‍. ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ടീമിൽ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു, ആകാശ് മിശ്ര, അൻവർ അലി, ജയ് ഗുപ്ത, ഫാറൂഖ് ചൗധരി, മൻവീർ സിങ്, റഹീം അലി, റയാൻ വില്യംസ് എന്നീ പ്രമുഖ താരങ്ങളുമുണ്ട്.
ഈ മാസം 14ന് ബംഗളൂരുവിൽ ടീമിന്റെ പരിശീലന ക്യാമ്പിന് തുടക്കമാകും. 16ന് ബംഗളൂരുവിലാണ് പാനമക്കെതിരായ മത്സരം. ഒക്ടോബർ മൂന്നിനാണ് ആവേശകരമായ ബ്രസീലുമായുള്ള അങ്കം. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം. ഇതേ വേദിയിൽ ഒക്ടോബർ 6ന് ഉറുഗ്വായുമായി ഏറ്റുമുട്ടും. സീനിയർ താരങ്ങളായ സന്ദേശ് ജിങ്കാൻ, ലാലിയൻസുവാല ചാങ്തെ എന്നിവർ ടീമിലില്ല.
ടീം-ഗോൾ കീപ്പർമാർ: അൽബിനോ ഗോമസ്, ഗുർപ്രീത് സിങ് സന്ധു, പ്രഭ്സുഖാൻ സിങ് ഗിൽ, സോം കുമാർ. പ്രതിരോധ നിര: അഭിഷേക് സിങ് ടെക്ചാം, ആകാശ് മിശ്ര, അൻവർ അലി, ബിജോയ് വർഗീസ്, ഹമിംഗ്തൻമാവിയ റാൽറ്റെ, ജയ് ഗുപ്ത, പ്രാംവീർ, റിക്കി മീതെയ് ഹാബാം. മധ്യനിര: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, ഫാറൂഖ് ചൗധരി, ലാലെങ്മാവിയ റാൽട്ടെ, മക്കാർട്ടൺ നിക്സൻ, മുഹമ്മദ് സനാൻ, റിക്കി ഷാബോങ്, സഹൽ അബ്ദുൽ സമദ്. മുന്നേറ്റ നിര: എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, മൻവീർ സിങ്, റഹീം അലി, റയാൻ വില്യംസ്, വിക്രം പ്രതാപ് സിങ്. റിസർവ് താരങ്ങള്‍: ഹൃതിക് തിവാരി, ചിംഗ്ലെൻസന, റോഷൻ സിങ്, സുരേഷ് സിങ്.
ബ്രസീൽ മത്സരത്തിന്റെ ടിക്കറ്റിന് വൻ ഡിമാൻഡ്
കൊൽക്കത്ത: അടുത്ത മാസം മൂന്നിന് നടക്കാനിരിക്കുന്ന ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരത്തിന്റെ ടിക്കറ്റുകൾക്ക് വൻ ആവശ്യക്കാർ. ബുധനാഴ്ച ഓൺലൈനിൽ ടിക്കറ്റ് വിൽപന തുടങ്ങി മണിക്കൂറിനുള്ളിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ വിറ്റുതീർന്നു. 999 മുതൽ 15,000 വരെ രൂപയാണ് ടിക്കറ്റ് വില.
ഡിസ്ട്രിക്റ്റ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് വിൽപന. 999, 2000, 2500, 3500, 4500, 6000, 7000, 9000 എന്നിങ്ങനെയാണ് ടിക്കറ്റ് വില. വി.ഐ.പി സീറ്റുകൾക്ക് 15,000 രൂപയാണ്. മത്സരം നടക്കുന്ന സാൾട്ട് ലേക്കിൽ ഏകദേശം 67,000 പേർക്ക് കളികാണാനുള്ള സൗകര്യമുണ്ട്.
ഇതിൽ 70 ശതമാനം സീറ്റുകളും ടിക്കറ്റ് വിൽപന വഴി നിറയും. ബാക്കിയുള്ളവ പാസുകളാകാനാണ് സാധ്യത. വഴി കൗണ്ടർ ടിക്കറ്റ് വിൽപനയില്ല. ഫിഫ ലോകകപ്പിലേതുപോലെ എല്ലാ പാസുകളും ഡിജിറ്റലായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.