ഖത്തർ ദേശീയ ടീം അംഗങ്ങൾ കോച്ച് മാർക്വേസ് ലോപസിനൊപ്പം

കിരീടം നിലനിർത്തുക വലിയ ഉത്തരവാദിത്തം -കോച്ച് ​മാർക്വേസ് ലോപസ്

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് കിരീടം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്നും എല്ലാവരുടെയുടെയും പിന്തുണ ആവശ്യമുള്ള സമയമാണെന്നും ഖത്തർ ദേശീയ ടീം പരിശീലകൻ ബർത്തലോം മാർക്വേസ് ലോപസ്. ഏഷ്യൻ കപ്പിന് മുന്നോടിയായി ജോർഡൻ, കംബോഡിയ ടീമുകൾക്കെതിരെ ഡിസംബർ 31, ജനുവരി 5 തീയതികളിൽ നടക്കുന്ന സന്നാഹമത്സരങ്ങൾ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ലോപസ് ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു.

ടൂർണമെന്റിന് മുന്നോടിയായി പരിശീലനത്തിലെ അന്തീരക്ഷത്തിലും കളിക്കാരുടെ മാനസികാവസ്ഥയിലും ഏറെ സംതൃപ്തനാണെന്നും ഖത്തറിന്റെ സ്പാനിഷ് പരിശീലകൻ ചൂണ്ടിക്കാട്ടി. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ടൂർണമെന്റ്. ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ലബനാനാണ് ഖത്തറിന്റെ എതിരാളികൾ. 2019ൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിൽ ജപ്പാനെ തകർത്താണ് ഖത്തർ തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്.

സമ്മർദത്തിലാണ് എപ്പോഴും ഫുട്‌ബാൾ കളിക്കുന്നതെന്നും എല്ലാ ടൂർണമെന്റിലും പ്രയാസങ്ങളും വെല്ലുവിളികളും നേരിടുമെന്നും ലോപസ് പറഞ്ഞു.

പോർചുഗീസ് പരിശീലകനായിരുന്ന കാർലോസ് ക്വിറോസിനെ പുറത്താക്കിയതിനെ തുടർന്ന് ഈ മാസമാദ്യമാണ് മാർക്വേസ് ലോപസ് അന്നാബികളുടെ ദേശീയ പരിശീലകനായി ചുമതലയേറ്റത്.ആറ് വർഷത്തോളം അൽ വക്‌റയുടെ പരിശീലക സ്ഥാനത്തിരുന്നതിന് നന്ദി പറഞ്ഞ അദ്ദേഹം, ടൂർണമെന്റിലെ ടീമിന്റെ കുതിപ്പിന് പിന്തുണയും ആവശ്യപ്പെട്ടു.

2021-2022 സീസണിൽ ഖത്തറിലെ മികച്ച പരിശീലകനായി ലോപ്പസിനെ തിരഞ്ഞെടുത്തിരുന്നു. ഖത്തരി ആരാധകരുടെ പിന്തുണ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദനവും ശക്തിയും നൽകുമെന്നും ലോപസ് കൂട്ടിച്ചേർത്തു. ചൈന, തജികിസ്താൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. 

Tags:    
News Summary - Retaining the title is a big responsibility - Coach Marquez Lopez

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT