‘വാറി’ലും ‘കൈകടത്തൽ’ സമ്മതിച്ച് റഫറിമാരുടെ സംഘടന; ഗണ്ണേഴ്സിന്റെ പോയിന്റ് നഷ്ടം ആരു പരിഹരിക്കും?

റഫറിമാർക്ക് സംശയനിവാരണത്തിനാണ് പലപ്പോഴും വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനം ഉപയോഗപ്പെടുത്തുന്നത്. റഫറിയുടെ തെറ്റായ തീരുമാനം തിരുത്തിയും അവശ്യ സമയത്ത് റഫടി ഓടിച്ചെന്ന് സംശയം തീർത്തും കളി കുറ്റമാക്കുന്ന സംവിധാനമായാണ് ‘വാർ’ പരിഗണിക്കപ്പെടുന്നത്. എന്നാൽ, അതുപോലും തെറ്റിയാലോ? കഴിഞ്ഞ ദിവസം ആഴ്സണലും മറ്റൊരു മത്സരത്തിൽ ബ്രൈറ്റണും ഇതിന് ഇരയായതായാണ് റഫറിമാരുടെ സംഘടനയുടെ കുറ്റസമ്മതം. പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റി ഒപ്പമെത്താൻ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് വിഡിയോ റഫറിമാരുടെ തെറ്റിന്റെ പേരിൽ വിലപ്പെട്ട രണ്ടു പോയിന്റുകൾ നഷ്ടമായത്. ഇതോടെ ഒരു കളി കൂടുതൽ കളിച്ച സിറ്റി ആഴ്സണലുമായി പോയിന്റ് അകലം മൂന്നാക്കി കുറച്ചിട്ടുണ്ട്. ഇനിയുള്ള കളികളിലും ഫലം മാറിമറിഞ്ഞാൽ കിരീടം നിലനിർത്തുകയെന്ന അപൂർവ നേട്ടം പിടിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്കാകും.

ബ്രൈറ്റണെതിരായ മത്സരത്തിൽ ആദ്യം ഗോളടിച്ച് ഗണ്ണേഴ്സ് മുന്നിലെത്തിയതായിരുന്നു. വിവാദ ഗോളിൽ ഒപ്പം പിടിച്ച് ബ്രൈറ്റൺ കളി സമനിലയാക്കിയെങ്കിലും റി​േപ്ലയിൽ അത് ഓഫ്സൈഡാണെന്ന് വ്യക്തമായിരുന്നു. എന്നിട്ടും ‘വാർ പരിശോധിച്ച് ഉറപ്പുവരുത്തി’ ഗോൾ അനുവദിച്ചതിനെതിരെ ആഴ്സണൽ പരസ്യമായി രംഗത്തുവന്നു. കളി നിയന്ത്രിച്ച ഒഫീഷ്യലുകൾ കളി നിയമങ്ങൾ മാറ്റിമറിച്ചെന്ന് ആഴ്സണൽ കോച്ച് മൈകൽ ആർ​ടെറ്റ കുറ്റപ്പെടുത്തി. സ്കോർ ചെയ്ത എഥാൻ പിന്നോക്ക് ഓഫ്സൈഡായതിനാൽ ഗോൾ അനുവദിക്കട​രുതെന്നായിരുന്നു ആർടേറ്റയുടെ വാദം. ബ്രൈറ്റൺ- ക്രിസ്റ്റൽ പാലസ് മത്സരത്തിലായിരുന്നു സമാനമായ മറ്റൊരു അബദ്ധം കണ്ടത്. ഇവിടെ പെർവിസ് എസ്റ്റൂപിനൻ നേടിയ ഗോൾ തെറ്റായി ഓഫ്സൈഡ് ആരോപിച്ച് നിഷേധിക്കുകയായിരുന്നു.

‘ശനിയാഴ്ചത്തെ മത്സരങ്ങളിൽ ‘വാർ’ പ്രക്രിയയിൽ സംഭവിച്ച അബദ്ധങ്ങൾ

ആഴ്സണൽ, ബ്രൈറ്റൺ ടീമുകളെ ബന്ധപ്പെട്ട് ചീഫ് റഫറീയിങ് ഓഫീസർ ​ഹൊവാർഡ് വെബ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റമേറ്റിട്ടുണ്ടെ’ന്നും റഫറിമാരുടെ സംഘടനയായ പി.ജി.എം.ഒ.എൽ വ്യക്തമാക്കി.

‘‘ഓഫ്സൈഡ് സാഹചര്യം വിലയിരുത്തുന്നതിൽ രണ്ടിലും മാനുഷിക അബദ്ധങ്ങൾ സംഭവിച്ചതാണ്’’- സംഘടന അറിയിച്ചു.

മുൻ പ്രിമിയർ ലീഗ് റഫറിയായ ഹൊവാർഡ് വെബ് ഈ സീസണിലാണ് ചീഫ് റഫറീയിങ് ഓഫീസറായി ചുമതലയേറ്റത്.

Tags:    
News Summary - Referees' body PGMOL says "human error" was to blame for incorrect VAR decisions in games on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.