ഫിഫ ഇന്ത്യക്ക് നൽകിയ റെഡ് കാർഡ്

ന്യൂഡൽഹി: 85 കൊല്ലത്തെ ചരിത്രത്തിൽ ഇതാദ്യമായി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് അന്താരാഷ്ട്ര സംഘടനയായ ഫിഫ ഏർപ്പെടുത്തിയ വിലക്ക് ഇന്ത്യൻ ഫുട്ബാളിനെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അധികാര വടംവലിയും സുപ്രീംകോടതി ഇടപെടലുമെല്ലാം ഫെഡറേഷൻ പ്രവർത്തനങ്ങളെ മറ്റൊരു രീതിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് ഫിഫയുടെ റെഡ് കാർഡും.

ഒക്ടോബർ 11 മുതൽ 30 വരെ നടക്കാനിരുന്ന അണ്ടർ 17 വനിത ലോകകപ്പിന് ആതിഥ്യമരുളിയും കളിച്ചും ഇന്ത്യൻ ഫുട്ബാൾ പുതിയൊരു ഉണർവ് കൈവരിക്കാനൊരുങ്ങവെ സസ്പെൻഷനിലൂടെ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ലോകകപ്പ് നടത്താനാവില്ലെന്ന് മാത്രമല്ല ഇന്ത്യൻ സീനിയർ, ജൂനിയർ ടീമുകളുടെ ഭാവി മത്സരങ്ങളും അനിശ്ചിതത്വത്തിലായി.

ആരാണീ മൂന്നാം കക്ഷി

മൂന്നാം കക്ഷിയുടെ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ഫുട്ബാൾ ഫെഡറേഷന് പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെ ഭരണം നിർവഹിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച കാര്യനിർവഹണ സമിതിയെയാണ് മൂന്നാംകക്ഷി എന്നത് കൊണ്ട് ഫിഫ ഉദ്ദേശിക്കുന്നത്. സമിതിയുമായി ചർച്ചകൾ നടത്തിയ ഫിഫ, വോട്ടർപട്ടികയിൽ സംസ്ഥാന അസോസിയേഷനുകളുടെ അത്രയെണ്ണം ഉന്നത താരങ്ങളെ ഉൾപ്പെടുത്തുന്നത് വിവേകപരമല്ല എന്ന് വ്യക്തമാക്കിയിരുന്നു.

സമിതി തയാറാക്കി സുപ്രീംകോടതിയിൽ സമർപ്പിച്ച ഫെഡറേഷന്റെ കരട് ഭരണഘടനയിൽ, 36 അസോസിയേഷനുകൾക്കൊപ്പം രാജ്യത്തെ 36 ഉന്നത ഫുട്ബാളർമാർക്കും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യാമെന്ന് വിശദീകരിച്ചിരുന്നു. എക്സിക്യൂട്ടിവ് അംഗങ്ങളിൽ പകുതിയും മുൻതാരങ്ങൾ വേണമെന്നും ഇതിലുണ്ട്. രണ്ടും അംഗീകരിക്കാതിരുന്ന ഫിഫ, എക്സിക്യൂട്ടിവ് അംഗങ്ങളിൽ നാലിലൊന്ന് മതി താരങ്ങളെന്നും ഇവരെ വോട്ടെടുപ്പിന് ശേഷം ഓപ്റ്റ് ചെയ്യാമെന്നും നിർദേശിച്ചു.

സസ്പെൻഷൻ തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനിടെ

എ.ഐ.എഫ്.എഫ് ഭാരവാഹി തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനിടെയാണ് ഫിഫയുടെ സസ്പെൻഷൻ വന്നിരിക്കുന്നത്. ബുധനാഴ്ചയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം. ഉമേഷ് സിൻഹയാണ് വരണാധികാരി. 28നോ 29നോ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാനാണ് തീരുമാനം. എന്നാൽ നിലവിലെ തെരഞ്ഞെടുപ്പ് രീതി ഫിഫ അംഗീകരിച്ചിട്ടില്ല.

സുപ്രീംകോടതി നിർദേശപ്രകാരം കാര്യനിർവഹണ സമിതിയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്. കായികചട്ടം പ്രകാരം അനുവദിക്കപ്പെട്ട പരമാവധി കാലയളവ് കഴിഞ്ഞിട്ടും തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെയും എക്സിക്യൂട്ടിവ് കമ്മിറ്റിയെയും മേയ് 18നാണ് സുപ്രീംകോടതി നീക്കിയത്. തുടർന്ന്, ഫെഡറേഷൻ ഭരണവും ഭരണഘടന നിർമാണച്ചുമതലയും മൂന്നംഗ കാര്യനിർവഹണ സമിതിയെ ഏൽപിക്കുകയായിരുന്നു. പുതിയ ഭരണഘടനയുടെ കരട് ഇവർ ഇതിനകം കോടതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന അസോസിയേഷനുകൾ എതിർവാദം ഉയർത്തിയതിൽ കേസ് തുടരുന്നുമുണ്ട്.

വിലക്ക് നീക്കാൻ എന്തൊക്കെ ചെയ്യണം

ഫിഫ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുകയും കാര്യനിർവഹണ സമിതി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ കമ്മിറ്റിയെ ഭരണം പൂർണമായും തിരിച്ചേൽപിക്കുകയും ചെയ്യുന്നതോടെ വിലക്ക് നീക്കും. അതിന് പുതിയ കമ്മിറ്റി വരണം. ഇതിനായുള്ള തെരഞ്ഞെടുപ്പും അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ നിഷ്കർഷിക്കുന്ന തരത്തിലാവണം. സംസ്ഥാന അസോസിയേഷനുകൾക്ക് മാത്രമാണ് വോട്ടുണ്ടായിരുന്നത്. ഇതിനു പുറമെ 36 ഉന്നത താരങ്ങളെക്കൂടി (24 പുഷന്മാരും 12 വനിതകളും) വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയത് ഫിഫ അംഗീകരിച്ചിട്ടില്ല.

ഫിഫയുടെയും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെയും ചട്ടങ്ങൾ പാലിക്കുന്ന തരത്തിലുള്ളതാവണം എ.ഐ.എഫ്.എഫിന്റെ പുതിയ ഭരണഘടന. ഒരു മൂന്നാം കക്ഷിയുടെയും ഇടപെടലില്ലാതെ എ.ഐ.എഫ്.എഫ് ജനറൽ അസംബ്ലി ഇതിന് അംഗീകാരം നൽകണം. ജനറൽ അസംബ്ലിയാണ് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിക്കേണ്ടത്. പുതിയ എക്സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഇവരാണ്. ഇക്കാര്യങ്ങളൊന്നും തെരഞ്ഞെടുപ്പ്, ഭരണഘടന പ്രക്രിയകളിൽ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഫിഫ കണ്ടെത്തിയിട്ടുണ്ട്.

വിലക്ക് വന്ന വഴി

22 മേയ് 18

എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെയും എക്സിക്യൂട്ടിവ് കമ്മിറ്റിയെയും സുപ്രീംകോടതി നീക്കി. ഫെഡറേഷൻ ഭരണവും ഭരണഘടന നിർമാണച്ചുമതലയും മൂന്നംഗ കാര്യനിർവഹണ സമിതിയെ ഏൽപിച്ചു.

മേയ് 29

സെപ്റ്റംബർ അവസാനത്തോടെ പുതിയ ഭരണഘടന നിലവിൽ വരുമെന്ന് കാര്യനിർവഹണ സമിതി അംഗം ഡോ. എസ്.വൈ. ഖുറേഷി അറിയിച്ചു.

ജൂൺ 11

എ.ഐ.എഫ്.എഫിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഇതിൽ അഫിലിയേറ്റ് ചെയ്ത യൂനിറ്റുകളുമായി കാര്യനിർവഹണസമിതി ചർച്ച.

ജൂൺ 21

ഫിഫ-എ.എഫ്.സി സംഘവുമായി കാര്യനിർവഹണസമിതി ഒന്നാംവട്ട കൂടിക്കാഴ്ച. ഫെഡറേഷനിലെ ദൈനംദിന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് 12 അംഗ ഉപദേശക സമിതിയെ ചുമതലപ്പെടുത്തി.

ജൂൺ 23

ജൂലൈ 31നകം ഭരണഘടന നിർമാണവും സെപ്റ്റംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയയും പൂർത്തിയാക്കുമെന്ന ഉറപ്പിന്മേൽ ഫിഫ സംഘം മടങ്ങി.

ജൂലൈ ആറ്

കരട് ഭരണഘടന നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാന ഫുട്ബാൾ അസോസിയേഷനുകളുമായി സമിതി ചർച്ച.

ജൂലൈ 16

എ.ഐ.എഫ്.എഫ് ഭരണഘടനയുടെ അന്തിമ കരട് അനുമതിക്കായി കാര്യനിർവഹണസമിതി സുപ്രീംകോടതിയിൽ സമർപ്പിച്ചു.

ജൂലൈ 18

ഭരണഘടനയുടെ അന്തിമ കരടിലെ പല നിർദേശങ്ങളും വിവേചനപരവും യുക്തിരഹിതവുമാണെന്ന് വ്യക്തമാക്കി സംസ്ഥാന അസോസിയേഷനുകൾ ഫിഫക്ക് കത്തെഴുതി.

ആഗസ്റ്റ് മൂന്ന്

കാര്യനിർവഹണ സമിതി തയാറാക്കിയ 27 ദിവസം നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അംഗീകരിച്ച സുപ്രീംകോടതി, അണ്ടർ 17 ലോകകപ്പ് മുൻനിശ്ചയിച്ച പ്രകാരം നടത്തുന്നതിന് വേണ്ട കാര്യങ്ങൾ വേഗത്തിലാക്കണമെന്ന് നിർദേശിച്ചു.

ആഗസ്റ്റ് ആറ്

എ.ഐ.എഫ്.എഫ് പ്രവർത്തനങ്ങളിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ചൂണ്ടിക്കാട്ടിയ ഫിഫ, അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ സസ്പെൻഡ് ചെയ്യുമെന്നും അണ്ടർ 17 ലോകകപ്പ് ആതിഥേയാവകാശം എടുത്തുകളയുമെന്നും മുന്നറിയിപ്പ് നൽകി.

ആഗസ്റ്റ് 10

ഫുട്ബാൾ ഫെഡറേഷൻ ഭരണത്തിൽ കൈകടത്തി സമിതിയുടെ പ്രവർത്തനങ്ങൾ പരാജയപ്പെടുത്താൻ പ്രഫുലുംസംസ്ഥാന അസോസിയേഷൻ ഭാരവാഹികളും ശ്രമിക്കുന്നതാ‍യും ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാര്യനിർവഹണ സമിതി സുപ്രീംകോടതിയിൽ

ആഗസ്റ്റ് 15

നിലവിൽ അംഗങ്ങളായ അസോസിയേഷനുകളുടെ പ്രാധാന്യം ആവർത്തിച്ച ഫിഫ, വോട്ടർപട്ടികയിൽ വ്യക്തികളെ ഉൾപ്പെടുത്തുന്നതിലെ അതൃപ്തി വീണ്ടും അറിയിച്ചു.

ആഗസ്റ്റ് 16

അഖിേലന്ത്യഫുട്ബാൾ ഫെഡറേഷനെ ഫിഫ സസ്പെൻഡ് ചെയ്തു.

Tags:    
News Summary - Red card given to India by FIFA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.