വിനീഷ്യസ് ജൂനിയർ ഫിഫയുടെ വംശീയ വിരുദ്ധ സമിതി തലവൻ

മൈതാനങ്ങളിൽ ഫുട്‌ബാൾ താരങ്ങൾക്കെതിരെ നടക്കുന്ന വംശീയാതിക്രമങ്ങൾക്കെതിരെ ഫിഫ രൂപീകരിച്ച വംശീയ വിരുദ്ധ സമിതിയുടെ തലവനായി റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇക്കാര്യം അറിയിച്ചത്. കളിക്കളത്തിൽ വംശീയതയെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും വംശീയ സംഭവങ്ങള്‍ അരങ്ങേറിയ ഉടന്‍ കളി അവിടെ വച്ച് അവസാനിപ്പിക്കണമെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.

''വംശീയതയെ ഇനി കളിക്കളങ്ങളിൽ വച്ചുപൊറുപ്പിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ അരങ്ങേറിയാൽ മത്സരം ഉടൻ അവസാനിപ്പിക്കണം. ഫിഫയുടെ വംശീയ വിരുദ്ധ സമിതിയെ നയിക്കാൻ ഞാൻ വിനീഷ്യസിനോട് ആവശ്യപ്പെട്ടു. വംശീയതക്കെതിരായ ശക്തമായ നടപടികൾ ഈ സമിതി കൈക്കൊള്ളും''- ഇൻഫാന്റിനോ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ വലൻസിയയ്‌ക്കെതിരായ റയലിന്റെ തോൽവിക്കു പിന്നാലെയാണ് വിനീഷ്യസ് കടുത്ത വംശീയാധിക്ഷേപം നേരിട്ടത്. കുരങ്ങുവിളി മുതൽ അറപ്പുളവാക്കുന്ന പരാമർശങ്ങളുമായാണ് വലൻസിയ ആരാധകർ താരത്തെ വരവേറ്റത്. മത്സരശേഷം കരഞ്ഞുകൊണ്ടാണ് വിനീഷ്യസ് കളംവിട്ടത്.

കഴിഞ്ഞ ജനുവരിയില്‍ ഇതിലും ക്രൂരമായൊരു അധിക്ഷേപത്തിന് വിനീഷ്യസ് ഇരയായിട്ടുണ്ട്. കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് മാഡ്രിഡ് നഗരത്തിലെ ഒരു പാലത്തില്‍ ''മാഡ്രിഡ് റയലിനെ വെറുക്കുന്നു'' എന്നെഴുതിയിട്ട ശേഷം അത്ലറ്റിക്കോ ആരാധകര്‍ വിനീഷ്യസിന്‍റെ കോലം തൂക്കിയിട്ടു. ഇതിന് കളിക്കളത്തിലാണ് വിനീഷ്യസ് പ്രതികാരം ചെയ്തത്. കോപ്പ ഡെല്‍റേ ക്വാര്‍ട്ടറില്‍ വിനീഷ്യസിന്‍റെ പടയോട്ടങ്ങള്‍ക്ക് മുന്നില്‍ അത്ലറ്റിക്കോ മാഡ്രിഡ് തകര്‍ന്നടിഞ്ഞു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്ലറ്റിക്കോ പരാജയപ്പെടുമ്പോള്‍ ഒരു ഗോള്‍ വിനീഷ്യസിന്‍റെ ബൂട്ടില്‍ നിന്നാണ് പിറവിയെടുത്തത്. കഴിഞ്ഞ സീസണില്‍ മാത്രം പത്ത് തവണയിലധികം വിനീഷ്യസ് മൈതാനങ്ങളില്‍ വച്ച് വംശീയാധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

Tags:    
News Summary - Real Madrid's Vinicius to lead FIFA anti-racism committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.