ബാഴ്സലോണ കുപ്പായത്തിൽ റാഷ്ഫോഡ്; ജയത്തോടെ തുടക്കം

കോബെ: ഒരു പതിറ്റാണ്ടുകാലം മാഞ്ചസ്റ്റർ യുനൈറ്റഡി​ന്റെ ചെങ്കുപ്പായത്തിൽ കളംവാണ മാർകസ് റാഷ്ഫോഡിന് ബാഴ്സലോണയുടെ നീലയും ചുവപ്പും കലർന്ന കുപ്പായത്തിൽ അരങ്ങേറ്റം. ഇംഗ്ലണ്ടിൽ നിന്നും സ്പാനിഷ് വമ്പന്മാരുടെ മുന്നേറ്റത്തിലെ പുതു എൻജിനായി അവതരിപ്പിച്ച റാഷ്ഫോഡിന്റെ അരങ്ങേറ്റം​കൊണ്ട് ശ്രദ്ധേയമായിരുന്നു കഴിഞ്ഞ ദിവസത്തെ ബാഴ്സലോണയുടെ സൗഹൃദ മത്സരം. ജപ്പാൻ ക്ലബ് വിസെൽ കോബെക്കെതിരെ അവരുടെ തട്ടകത്തിലിറങ്ങിയ ബാഴ്സലോണ 3-1ന്റെ തകർപ്പൻ ജയവുമായി തുടക്കം കുറിച്ചു. കഴിഞ്ഞ സീസൺ ലാ ലിഗയിലും കിങ്സ് കപ്പിലും കിരീടം ചൂടി പുതുസീസണിൽ മിന്നും തുടക്കത്തിനൊരുങ്ങുന്ന ടീമിന് ഇരട്ടി വീര്യം പകരാനായാണ് പരിചയ സമ്പന്നനായ ഇംഗ്ലീഷ് താരത്തെ ബാഴ്സലോണ തങ്ങളുടെ നിരയിലെത്തിച്ചത്.

30.3 ദശലക്ഷം പൗണ്ട് പ്രതിഫലത്തിനായിരുന്നു റാഷ്ഫോഡിന്റെ കൂടുമാറ്റം. കളിയുടെ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ റഫീന്യയുടെ പകരക്കാരനായി 14ാം നമ്പറിൽ റാ​ഷ്ഫോഡിനെ കോച്ച് ഹാൻസ് ഫ്ലിക് കളത്തിലേക്ക് അവതരിപ്പിക്കുമ്പോൾ ഗാലറിയും കൈയടികളോടെ വരവേറ്റു. 78ാം മിനിറ്റിൽ പെഡ്രോ ഫെർണാണ്ടസിനുവേണ്ടി കളം വിട്ട താരം അരങ്ങേറ്റത്തിൽ 32 മിനിറ്റ് പന്തു തട്ടി വരവറിയിച്ചു.

ലാമിൻ യമാൽ, ഫെറാൻ ടോറസ്, റഫീന്യ, പെഡ്രി ഉൾപ്പെടെ മുൻനിര താരങ്ങളുമായി 45 മിനിറ്റ് കളിച്ച ശേഷം, രണ്ടാം പകുതിയിൽ 11 പേരെയും പിൻവലിച്ചായിരുന്നു ബാഴ്സ കളിച്ചത്. കളിയുടെ ഇരുപകുതികളിലുമായാണ് ബാഴ്സ ഗോളുകൾ നേടിയത്. 33ാം മിനിറ്റിൽ എറിക ഗാർഷ്യയുടെ വകയായിരുന്നു ആദ്യ ഗോൾ. എന്നാൽ, 42ാം മിനിറ്റിൽ ബാഴ്സ​ പ്രതിരോധത്തെ പൊളിച്ചുകൊണ്ട് ജപ്പാനീസ് ക്ലബ് സമനില ഗോൾ നേടി ഞെട്ടിച്ചു. രണ്ടാം പകുതിയിൽ പുതുമുഖ താരം റൂണി ബർദാജി ബാഴ്സലോണയുടെ രണ്ടാം ഗോൾ നേടി. കുവൈത്തിൽ ജനിച്ചു വളർന്ന് സ്വീഡനുവേണ്ടി കളിക്കുന്ന താരം ഈ സീസണിലാണ് ബാഴ്സ​യിലേക്ക് കൂടുമാറിയത്. 87ാം മിനിറ്റിൽ 17കാരനായ പെഡ്രോ ഫെർണാണ്ടസിന്റെ ബൂട്ടിൽ നിന്നും ബാഴ്സലോണയുടെ മൂന്നാം ഗോളും പിറന്ന് വിജയം ആധികാരികമാക്കി.

ഇംഗ്ലണ്ടിൽ നിന്നുമെത്തിയ റാഷ്ഫോഡിന്റെ പ്രകടനത്തിൽ കോച്ച് ഫ്ലിക്ക് സംതൃപ്തി പ്രകടിപ്പിച്ചു. എല്ലാവർക്കും 45 മിനിറ്റ് വീതം നൽകാനായിരുന്നു തീരുമാനും. എന്നാൽ, ബെഞ്ചിൽ മാർടിനും, പെ​ഡ്രോയും ബാക്കിയായതോടെ രണ്ടാം പകുതിയിൽ 30 മിനിറ്റിന് ശേഷം ​റാഷ്ഫോഡ്, ജൊഫ്രെ ടൊറന്റേയോയെയും പിൻവലിച്ച് കളി സജീവമാക്കുകയായിരുന്നുവെന്ന് ഹാൻസ് ഫ്ലിക് പറഞ്ഞു.

Tags:    
News Summary - Rashford makes first Barcelona appearance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.