ഖത്തർ സർവകലാശാല ക്യാമ്പസിലേക്ക് അർജന്റീനയെ സ്വാഗതം ചെയ്യുന്ന കവാടം

ദോഹ: 'വീട്ടിൽനിന്ന് അകലെയൊരു വീട്' ആശയത്തോടെയാണ് ലോകകപ്പ് ടീമുകൾക്ക് ഖത്തറിലെ താമസം ഒരുക്കിയതെന്ന് ഫിഫ ചീഫ് ഓപറേറ്റിങ് ഓഫിസർ കോളിൻ സ്മിത്ത്. 32 ടീമുകളുടെയും ബേസ് ക്യാമ്പുകൾ അതത് ദേശീയപതാകയുടെയും ജഴ്സിയുടെയും നിറങ്ങളിലാണ് ഇവ സജ്ജമാക്കിയത്. 'ബെം വിൻഡോ സെലസാവോ' എന്ന് പോർചുഗീസിൽ സ്വാഗതമോതിയാണ് ബ്രസീൽ ടീമിനെ ക്യാമ്പിലേക്ക് വരവേൽക്കുന്നത്. ദ വെസ്റ്റിൻ ഹോട്ടലിലാണ് ബ്രസീൽ ടീമിന്റെ താമസം. പരിശീലനം അൽ അറബി സ്റ്റേഡിയത്തിലുമാണ്.

ബ്രസീൽ ടീമിന്റെ ബേസ് ക്യാമ്പിന് മുൻവശം

സെർബ് -ക്രൊയേഷ്യൻ ഭാഷയിൽ 'ഡോബ്രോഡോസ്ലി ഫാമിലി' എന്നെഴുതിയാണ് ക്രൊയേഷ്യൻ ടീമിനെ ഹിൽട്ടൺ ദോഹയിലെയും അൽ ഇർസൽ ട്രെയ്നിങ് സൈറ്റിലേക്കും വരവേൽക്കുന്നത്. സ്പാനിഷിലാണ് ഖത്തർ യൂനിവേഴ്സിറ്റിയിലെ ക്യാമ്പിലേക്ക് അർജന്റീനയെ സ്വാഗതം ചെയ്യുന്നത്.നീലയിൽ അലങ്കരിച്ച ബോർഡുകളിൽ 'കോപ അമേരിക്ക ജേതാക്കൾ' എന്നുമുണ്ട്.തുനീഷ്യൻ ടീമിനെ ബിൻവെന്യൂ എന്ന് ഫ്രഞ്ചിലും മർഹബ' എന്ന് അറബിയിലുമെഴുതി ദേശീയപതാകയുടെ നിറത്താൽ അലങ്കരിച്ച് സ്വാഗതം ചെയ്യുന്നു. വെസ്റ്റ്ബേ ബീച്ചിലെ വിൻധം ഗ്രാൻഡ് ദോഹയിലാണ് തുനീഷ്യയുടെ താമസം. അൽ ഇഗ്ല ട്രെയിനിങ് സൈറ്റിലാണ് ടീമിന്റെ പരിശീലനം.

തുനീഷ്യൻ ടീമിന്റെ കാവാടം

അർജന്റീന, മെക്സികോ, ഇംഗ്ലണ്ട്, പോർചുഗൽ, ഫ്രാൻസ്, ജർമനി തുടങ്ങിയ വിവിധ ടീമുകളെ അവരുടെ ഭാഷയും നിറവും നൽകിത്തന്നെ പോരാട്ടങ്ങളുടെ മണ്ണിലേക്ക് വരവേൽക്കുകയാണ് ഖത്തർ. ഇതാദ്യമാണ് ഓരോ ടീമിനെയും അവരുടെ നിറവും ഭാഷയും നൽകി കവാടങ്ങൾ ഒരുക്കുന്നതെന്ന കോളിൻ സ്മിത്ത് പറഞ്ഞു. നവംബർ ഏഴിന് ലോകകപ്പിനുള്ള ആദ്യ ടീമായി ജപ്പാനാണ് ഖത്തറിലെത്തുന്നത്. പിന്നാലെ, മറ്റു ടീമുകളും ലോകകപ്പ് വേദിയിലെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

സ്‍പെയിൻ ടീമിന്റെ ബേസ് ക്യാമ്പ് കവാടം

32 ടീമുകൾക്കും ഓരേ സ്ഥലത്തുതന്നെ താമസിച്ചും പരിശീലിച്ചും ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന ആദ്യ ലോകകപ്പാണ് ഖത്തറിലേതെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ കോളിൻ സ്മിത്ത് പറഞ്ഞു.24 ടീമുകളും ദോഹയിൽ 10 കിലോമീറ്റർ ചുറ്റളവിൽതന്നെയാണ് താമസിക്കുന്നതും പരിശീലിക്കുന്നതും.ടീമുകളുടെ ബേസ് ക്യാമ്പ്, പരിശീലന മൈതാനം തെരഞ്ഞെടുപ്പ് നടപടികൾ 2019ൽതന്നെ ആരംഭിച്ചതായും 162 സന്ദർശനങ്ങൾ നടന്നതായും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - Qatar welcomes teams at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.