ദോഹ സൂ​ഖ് വാ​ഖി​ഫിലെ ഒരുക്കം

കളിവാതിൽ തുറന്ന് ഖത്തർ

ദോഹ: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർക്ക് മുമ്പാകെ വാതിലുകൾ തുറന്ന് ഖത്തർ വരവേൽക്കുന്നു. ലോകകപ്പ് ഫുട്ബാളിന്റെ കിക്കോഫ് മാസമായ നവംബർ നാളെ പിറക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കാണികളെയും ആതിഥേയ മണ്ണ് സ്വാഗതം ചെയ്യുന്നു. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയവർ ഹയ്യാ കാർഡ് വഴിയാണ് ചൊവ്വാഴ്ച മുതൽ ഖത്തറിലെത്തുന്നത്. കിക്കോഫ് വിസിൽ മുഴങ്ങാനുള്ള കാത്തിരിപ്പു നാളുകൾ 20ലെത്തുമ്പോൾ തന്നെ ലോകകപ്പ് വേളയിലെ പരിഷ്കാരങ്ങൾക്കും ചൊവ്വാഴ്ച തുടക്കമാവും.

ഗതാഗത നിയന്ത്രണം, രാജ്യത്തേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളുടെ പ്രവർത്തനസമയങ്ങളുടെ ക്രമീകരണം, ഇഹ്തിറാസ്-കോവിഡ് പരിശോധന ഉൾപ്പെടെയുള്ള ഭേദഗതികൾ തുടങ്ങിയവ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച നിർദേശങ്ങൾ വിവിധ മന്ത്രാലയങ്ങളും സുപ്രീം കമ്മിറ്റിയും നേരത്തേ തന്നെ അറിയിച്ചതാണ്.

സൂഖിന് ഇനി ഉറക്കമില്ല; മാളുകൾക്കും

നഗരമധ്യത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫ് നവംബർ ഒന്നുമുതൽ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കും. സൂഖ് വാഖിഫിലെ റസ്റ്റാറൻറുകളും കഫേകളും ടൂർണമെൻറ് ആഘോഷിക്കുന്നതിനായി അനുയോജ്യമായ യൂനിഫോമുകൾക്കൊപ്പം തങ്ങളുടെ ഭക്ഷണപാനീയ മെനുകളും വിപുലീകരിച്ചിരിക്കുകയാണ്.

അതേസമയം, മാളുകളുടെയും പ്രവർത്തനസമയം ദീർഘിപ്പിച്ചു. രാജ്യത്തെ ഷോപ്പിങ് മാളുകൾ ലോകകപ്പ് കഴിയും വരെ 24 മണിക്കൂറും തുറക്കാനാണ് നിർദേശം. -സ്കൂൾ പ്രവൃത്തി സമയത്തിൽ മാറ്റംനവംബർ ഒന്നുമുതൽ 17 വരെ രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം പ്രാബല്യത്തിൽ വരും. രാവിലെ ഏഴുമുതൽ ഉച്ച 12 വരെയാണ് സ്കൂളുകളുടെ പ്രവൃത്തി സമയം. സെമസ്റ്റർ പരീക്ഷക്കു പിന്നാലെ നവംബർ 20 മുതൽ സ്കൂളുകളിൽ അവധി തുടങ്ങും. ലോകകപ്പും കഴിഞ്ഞ് ഡിസംബർ 22നായിരിക്കും സ്കൂളുകൾ പുനരാരംഭിക്കുന്നത്.

സർക്കാർ ഓഫിസുകളിൽ നിയന്ത്രണം

നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 19 വരെ രാവിലെ ഏഴുമുതല്‍ ഉച്ച 11 വരെയാകും ഓഫിസ് പ്രവര്‍ത്തനം. 20 ശതമാനം ജീവനക്കാര്‍ ഓഫിസില്‍ എത്തിയാല്‍ മതി. 80 ശതമാനം പേര്‍ക്ക് വര്‍ക്ക് അറ്റ് ഹോം ആയിരിക്കും. എന്നാൽ, അവശ്യസേവനങ്ങളായ സുരക്ഷ, സൈനിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിയന്ത്രണം ബാധകമല്ല. സ്വകാര്യമേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പതിവുപോലെ പ്രവർത്തനം തുടരാവുന്നതാണ്. 

പ്രവേശന നിയന്ത്രണങ്ങൾ

ഹയ്യാ കാർഡ് വഴിയാവും ചൊവ്വാഴ്ച മുതൽ വിദേശികൾക്ക് പ്രവേശനം. ഹയ്യാ കാർഡും എൻട്രി പെർമിറ്റുമുള്ളവർക്ക് ഡിസംബർ 23 വരെ രാജ്യത്തേക്ക് പ്രവേശിക്കാം. എന്നാൽ, ജനുവരി 23 വരെ മാത്രമേ ഇവർക്ക് ഖത്തറിൽ നിൽക്കാൻ കഴിയൂ. ഖത്തർ പൗരന്മാർക്കും താമസക്കാർക്കും ലോകകപ്പ് വേളയിലും യാത്രകളിൽ നിയന്ത്രണങ്ങളൊന്നുമില്ല. എന്നാൽ, മറ്റു സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശനമുണ്ടാവില്ല.

Tags:    
News Summary - Qatar opened the paly door

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.