പടജയിച്ച് പി.എസ്.ജി, തുടർച്ചയായി അഞ്ചാം കിരീടം; ക്ലബ് ചരിത്രത്തിൽ 14ാം കിരീടം

പാരിസ്: ഫ്രഞ്ച് ലീഗിൽ എതിരാളികളില്ലാതെ പാരിസ് സെയ്ന്റ് ജർമൻ. ലീഗിലെ അവസാന മത്സരത്തിലും ജയം ആവർത്തിച്ച പി.എസ്.ജി തങ്ങളുടെ 14ാം ഫ്രഞ്ച് ലീഗ് കിരീടവുമായി ചരിത്രമെഴുതി. അവസാന മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള ലെൻസിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചുകൊണ്ടായിരുന്നു പി.എസ്.ജിയുടെ കൊട്ടിക്കലാശം. 2022 മുതൽ കിരീട നേട്ടത്തിന് ഇടവേളയെടുക്കാതെ ടീം കുതിച്ചപ്പോൾ ഇത് തുടർച്ചയായ അഞ്ചാം ലീഗ് കിരീടമായി.

ഖത്തർ ആസ്ഥാനമായ പുതിയ മാനേജ്മെന്റിനു കീഴിൽ ലോകോത്തര താരങ്ങളടങ്ങിയ നിരയുമായി തിരികെയെത്തിയ പി.എസ്.ജിക്ക് 2013 മുതലാണ് കിരീട നേട്ടങ്ങളുടെ നല്ലകാലം ആരംഭിക്കുന്നത്. ശേഷം, 14 സീസണിനിടെ 12 കിരീട വിജയങ്ങളുമായി ഫ്രഞ്ച് ഫുട്ബാളിലും യൂറോപ്യൻ ക്ലബ് ഫുട്ബാളിലും ആധികാരിക സംഘമായി മാറി. ഇത്തവണ 33 മത്സരങ്ങളിൽ നിന്ന് 76 പോയന്റുമായാണ് പി.എസ്.ജി കിരീടം ചൂടിയത്. ഇതിൽ 24 ജയവും നാല് സമനിലയും അഞ്ച് തോൽവിയും. രണ്ടാമതുള്ള ലെൻസിന് 33 കളിയിൽ 67 പോയന്റാണ് സമ്പാദ്യം.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടമണിഞ്ഞ് യൂറോപ്പിന്റെ രാജസിംഹാസനത്തിലേറിയ പി.എസ്.ജി ഇത്തവണയും യുവേഫ ചാമ്പ്യൻസ് ലീഗ് കലാശപോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്. സെമിയിൽ ബയേൺ മ്യൂണികിനെ തോൽപിച്ചവർ മേയ് 30ന് ആഴ്സനലിനെ കിരീടപ്പോരാട്ടത്തിൽ നേരിടും.

പിടിവിടാതെ സിറ്റിയും; ഇംഗ്ലണ്ടിൽ ഫോട്ടോഫിനിഷ്

ലണ്ടൻ: സ്പെയിനിലും ഫ്രാൻസിലും ലീഗ് കിരീടം നേരത്തെ തീർപ്പായപ്പോൾ, ഇംഗ്ലണ്ടിലെ പോരാട്ടങ്ങൾ സ്പ്രിന്റ് റണ്ണിന്റെ ഫോട്ടോ ഫിനിഷ് പോലെ ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെ 3-0ത്തിന് തകർത്തുകൊണ്ട് കിരീട നിർണയം ത്രില്ലർ സിനിമപോലെയാക്കിമാറ്റി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു പകുതികളിലുമായാണ് സിറ്റി സ്കോർ ചെയ്തത്.

അന്റോണിയോ സെമന്യോയിലൂടെ 32ാം മിനിറ്റിൽ തുടങ്ങിയ ഗോൾവേട്ടയിൽ ഈജിപ്ഷ്യൻ താരം ഉമർ മർമൗഷ് (40), സാവിന്യോ (84) എന്നിവർ കൂടി വലകുലുക്കി. ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ ഒന്നാമതുള്ള ആഴ്സനലും (79), രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്കും (77) ഇടയിൽ രണ്ട് പോയന്റിന്റെ മാത്രം വ്യത്യാസം. മാഞ്ചസ്റ്റർ സിറ്റിക്ക് ബേൺ മൗത്തും, ആസ്റ്റൺ വില്ലയും, ആഴ്സനലിന് ബേൺലിയും ക്രിസ്റ്റൽ പാലസുമാണ് ശേഷിക്കുന്ന എതിരാളികൾ.

ശനിയാഴ്ച എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയെ നേരിടാനിരിക്കുന്ന സിറ്റി, മുൻനിരക്കാരെ ബെഞ്ചിലിരുത്തിയാണ് കളത്തിലിറങ്ങിയത്. ആറു മാറ്റങ്ങളുണ്ടായപ്പോൾ, എർലിങ് ഹാലൻഡ്, റ്യാർ ചെർകി, ജെറമി ഡോകു എന്നിവർ സ്റ്റാർട്ടിങ് ലൈനപ്പിൽ നിന്നും പുറത്തായി. ഫിൽ ഫോഡൻ വിങ്ങിൽ തിരികെയെത്തി രണ്ട് അസിസ്റ്റുമായി മികച്ച സംഭാവന നൽകി.

നൂറ് സ്വപ്നം പൊലിഞ്ഞ് ബാഴ്സലോണ

ബാഴ്സലോണ: തുടർച്ചയായി രണ്ടാം തവണയും സ്പാനിഷ് ലാ ലിഗയിലെ കിരീടം ചൂടി, വിക്ടറി പരേഡും നടത്തിയതിനു പിന്നാലെ ബാഴ്സലോണക്ക് തോൽവി. കിരീട വിജയത്തിന്റെ ആഘോഷം നിലക്കും മുമ്പായിരുന്നു, കഴിഞ്ഞ രാത്രിയിൽ അലാവസിനെ നേരിടാനിറങ്ങിയ ബാഴ്സലോണ 1-0ത്തിന് തോറ്റത്. ഇതോടെ, സെഞ്ച്വറി പോയന്റ് എന്ന ചരിത്ര നേട്ടവുമായി സീസൺ അവസാനിപ്പിക്കാമെന്ന മോഹവും പൊലിഞ്ഞു.

35 കളിയിൽ 91 പോയന്റുമായി കിരീടം ചൂടിയ ബാഴ്സലോണക്ക്, ശേഷിച്ച മൂന്ന് മത്സരങ്ങൾ കൂടി ജയിച്ചാൽ 100 പോയന്റ് എന്ന മാജിക് നമ്പറിൽ എത്താമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, തുടർച്ചയായ 11 മത്സരങ്ങളിലെ ജയത്തിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ടീമിന് അലാവസിനോടേറ്റത് അപ്രതീക്ഷിത തോൽവിയായി. ശേഷിച്ച രണ്ട് കളി ജയിച്ചാലും ഇനി 97ൽ എത്താനേ കഴിയൂ.

അതേസമയം, തരംതാഴ്ത്തൽ ഭീഷണിയുള്ള അലാവസിന് ഈ ജയം ആശ്വാസമായി. ജയത്തോടെ സ്ഥാനക്കയറ്റം നേടിയ ടീം 15ലെത്തി. മറ്റൊരു മത്സരത്തിൽ അത്‍ലറ്റികോ മഡ്രിഡ് 2-1ന് ഒസാസുനയെയും, എസ്പാന്യോൾ 2-0ത്തിന് അത്‍ലറ്റിക് ക്ലബിനെയും തോൽപിച്ചു. രണ്ടാമതുള്ള റയലിന്റെ വെല്ലുവിളിയെ ബഹുദൂരം പിന്നിലാക്കിയാണ് (35 കളിയിൽ 77) ബാഴ്സ നേരത്തെതന്നെ കിരീടം ചൂടിയത്.

Tags:    
News Summary - PSG wins fifth consecutive title; 14th title in club history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.