ദോഹ: പാരിസ് സെന്റ് ജെർമെയ്ൻ ക്ലബ് (പി.എസ്.ജി) ടീം ചൊവ്വാഴ്ച ദോഹയിൽ വിമാനമിറങ്ങും. ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയുമടക്കമുള്ള ടീമാണ് ഖത്തറിൽ പര്യടനത്തിനെത്തുന്നത്. ടീമിന്റെ പരിശീലന സെഷൻ ബുധനാഴ്ച ആസ്പയർ സോണിൽ നടത്തുമെന്ന് ക്ലബ് വെബ്‌സൈറ്റിൽ അറിയിച്ചു.
15,000 ആരാധകർക്ക് പരിശീലനം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 20 ഖത്തർ റിയാൽ വിലയിട്ട ടിക്കറ്റുകൾ കഴിഞ്ഞ ദിവസംതന്നെ വിറ്റഴിഞ്ഞിരുന്നു. ഇതിന് പുറമെ കുട്ടികളും മാതാപിതാക്കളുമടക്കം 5,000 പി.എസ്.ജി അക്കാദമി അംഗങ്ങളും പരിശീലനത്തിന് സാക്ഷികളാകാനെത്തും.
റിയാദ് സീസൺ കപ്പിന്റെ ഭാഗമായി വ്യാഴാഴ്ച കിങ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ സൗദി അൽ നസ്ർ, അൽ ഹിലാൽ ക്ലബുകളുടെ താരങ്ങൾ അണിനിരക്കുന്ന സംയുക്ത ടീമിനെതിരായ മത്സരത്തിനുള്ള തയാറെടുപ്പിന്റെ ഭാഗം കൂടിയാണ് ദോഹയിലെ പരിശീലനം. ബീൻ സ്പോർട്സ് നെറ്റ്‍വർക്കും പി.എസ്.ജി ടി.വിയും പി.എസ്.ജി സോഷ്യൽ മീഡിയയും തത്സമയം സംപ്രേഷണം ചെയ്യും. ഞായറാഴ്ച ഫ്രഞ്ച് ലീഗിൽ റെനെയോട് തോറ്റതിന് പിന്നാലെയാണ് പി.എസ്.ജി ദോഹയിലെത്തുന്നത്. ഖത്തറിൽനിന്ന് ജനുവരി 19ന് ടീം സൗദി അറേബ്യയിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.