പാരിസ്: ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ കിരീടനേട്ടത്തിന് പിന്നാലെ ശനിയാഴ്ച രാത്രി പാരിസിൽ അരങ്ങേറിയത് ആക്രമണ പരമ്പരകൾ. 780ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലബിന്റെ ജഴ്സികൾ അണിഞ്ഞും ഫ്ലെയറുകൾ കത്തിച്ചും പരസ്പരം കെട്ടിപ്പിടിച്ചും തെരുവുകളിൽ ആഘോഷം തിമിർക്കുകയായിരുന്നു. എന്നാൽ, ആ ആഘോഷം പിന്നീട് കലാപത്തിലേക്ക് വഴിമാറുകയായിരുന്നു.
ഈഫൽ ടവർ നീലയിലും ചുവപ്പിലും കുളിച്ച് തുടങ്ങിയ ആഘോഷം, പിന്നീട് കലാപത്തിലേക്കും ആക്രമണങ്ങളിലേക്കും കാറുകൾക്ക് തീയിടുന്നതിലേക്കുമാണ് നീങ്ങിയത്. ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 264ലധികം കാറുകൾ കത്തിയമരുകയും ചെയ്തു. ഒരു പൊലീസ് സ്റ്റേഷനിലേക്ക് ആക്രമിസംഘം ഇരച്ചുകയറാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
ഹംഗറിയിലെ ബുഡപെസ്റ്റിൽ നടന്ന നാടകീയ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് ആഴ്സനലിനെ പരാജയപ്പെടുത്തി പി.എസ്.ജി കിരീടം ചൂടിയതിന് പിന്നാലെയാണ് പാരിസിൽ ആരാധക ആഘോഷം തുടങ്ങിയത്. ആരാധകർ ആർക്ക് ഡി ട്രയോംഫിന് സമീപത്തെ തെരുവുകളിലൂടെ ഫ്ലെയറുകൾ കത്തിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയും മാർച്ച് നടത്തി. ഷാംപ്സ് എലിസേ തെരുവിൽ ഇരുപതിനായിരത്തോളം പേരാണ് തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.
മത്സരസമയത്ത് അയ്യായിരത്തോളം പേർ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടുകയും ഇവർ പൊലീസിന് നേരെ വസ്തുക്കൾ എറിയുകയും ചെയ്തു. ആരാധകർ സ്റ്റേഡിയത്തിന്റെ ഗേറ്റുകളിലൊന്ന് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തിരിപ്പിച്ചു.
അധികൃതർ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും ആക്രമണം തടയാൻ പര്യാപ്തമായിരുന്നില്ല. രാജ്യത്തുടനീളം 22,000 പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്; ഇതിൽ 8000 പേർ പാരിസിൽ മാത്രമായിരുന്നു.
ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ട്രാം സർവിസുകൾ നിർത്തിവെക്കുകയും ചില മെട്രോ സ്റ്റേഷനുകൾ അടക്കുകയും ബസ് സർവിസുകൾ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം പി.എസ്.ജി കിരീടം നേടിയപ്പോഴും ആരാധകർ സമാനമായ രീതിയിൽ കടകൾ കൊള്ളയടിച്ചിരുന്നു. അന്ന് അഞ്ഞൂറിലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.