ക്ലോഡിയ ഷീൻബാം

അമേരിക്ക വിസമ്മതിച്ചു; ലോകകപ്പിനെത്തുന്ന ഇറാൻ ടീമിന് രാജ്യത്ത് തങ്ങാൻ അനുമതി നൽകി മെക്സിക്കോ

മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കായി എത്തുന്ന ഇറാൻ ദേശീയ ടീമിന് തങ്ങളുടെ രാജ്യത്ത് ബേസ് ക്യാമ്പ് ഒരുക്കാൻ അനുമതി നൽകിയതായി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം. ഇറാൻ ടീമിനെ തങ്ങളുടെ മണ്ണിൽ താമസിപ്പിക്കാൻ അമേരിക്ക വിസമ്മതിച്ചതിനെ തുടർന്നാണ് മെക്സിക്കോയുടെ നിർണ്ണായക ഇടപെടൽ.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും അമേരിക്കയിലാണ് കളിക്കുന്നതെങ്കിലും, ഇറാന്റെ ഔദ്യോഗിക പരിശീലന ക്യാമ്പ്യു.എസ് അതിർത്തിയോട് ചേർന്നുള്ള മെക്സിക്കൻ നഗരമായ തിഹുവാനയിലേക്ക് മാറ്റി. ഫിഫയും ഇറാൻ ഫുട്ബോൾ ഫെഡറേഷനും ഈ മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫിഫയുടെ അഭ്യർത്ഥന മാനിച്ചാണ് തങ്ങൾ ഇറാൻ ടീമിന് താമസസൗകര്യം ഒരുക്കുന്നതെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം മാധ്യമങ്ങളോട് പറഞ്ഞു.

‘ഇറാൻ ടീം രാത്രി സമയങ്ങളിൽ യു.എസിൽ തങ്ങുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. തുടർന്ന് ഫിഫ പ്രതിനിധി ഞങ്ങളെ സമീപിച്ച് ഇറാൻ ടീമിന് മെക്സിക്കോയിൽ താമസിക്കാൻ അനുവാദം നൽകുമോ എന്ന് ചോദിച്ചു. ‘തീർച്ചയായും നൽകാം, ഞങ്ങൾക്ക് അതിൽ യാതൊരു പ്രശ്നവുമില്ല‘ എന്നാണ് ഞങ്ങൾ മറുപടി നൽകിയത്’ ക്ലോഡിയ ഷീൻബാം പറഞ്ഞു.

തുടക്കത്തിൽ അരിസോണയിലെ ട്യൂസണിലായിരുന്നു ഇറാന്റെ ബേസ് ക്യാമ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി 28ന് ഇറാനും യു.എസ്-ഇസ്രായേൽ സഖ്യവും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇതേത്തുടർന്ന് സുരക്ഷാ കാരണങ്ങളാലാണ് ക്യാമ്പ് കാലിഫോർണിയക്ക് തൊട്ടുതെക്കുള്ള മെക്സിക്കൻ അതിർത്തി നഗരമായ തിഹുവാനയിലേക്ക് മാറ്റിയത്.

അമേരിക്ക ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധങ്ങളും യുദ്ധസാഹചര്യവും ഇറാൻ ടീമിന്റെ യു.എസിലെ താമസം സങ്കീർണ്ണമാക്കുമായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. ക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റിയതോടെ വിസ സംബന്ധമായ വലിയ പ്രതിസന്ധികൾ ഒഴിവാക്കാൻ കഴിഞ്ഞതായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി മെഹ്ദി താജ് വ്യക്തമാക്കി. ഇറാൻ എയർ വിമാനങ്ങൾക്ക് നേരിട്ട് മെക്സിക്കോയിൽ ലാൻഡ് ചെയ്യാനാകുമെന്നതും ടീമിന് ആശ്വാസമാകും.

അതേസമയം, ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം ഇറാൻ ടീമിന് ടൂർണമെന്റിൽ പങ്കെടുക്കാൻ തടസ്സമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവർക്ക് രാജ്യത്ത് താമസസൗകര്യം നിഷേധിച്ചതിനെക്കുറിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജൂൺ 11 മുതൽ ജൂലൈ 19 വരെ യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇത്തവണത്തെ 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ തന്നെ രാഷ്ട്രീയ കാരണങ്ങളാൽ ഒരു ടീമിന്റെ ബേസ് ക്യാമ്പ് മറ്റൊരു രാജ്യത്തേക്ക് മാറ്റേണ്ടി വരുന്നത് ഇതാദ്യമായാണ്.

Tags:    
News Summary - President Sheinbaum allows Iran team to stay in Mexico during World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.