മഞ്ഞപ്പടക്ക് കന്നിയങ്കം; 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ ഇന്ന് ഇന്റർ കാശിക്കെതിരെ
കൊച്ചി/പുണെ: പുതിയ ഉടമസ്ഥതയിൽ പുത്തൻ പ്രതീക്ഷകളോടെ 2026-27 ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ അങ്കത്തിന്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ ഇന്റർ കാശി എഫ്.സിക്കെതിരെ എവേ മത്സരത്തോടെയാണ് സീസൺ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ആദ്യ മത്സരത്തിനിറങ്ങും മുമ്പായി ടീമിന്റെ സീസണിലെ 28 അംഗ സ്ക്വാഡിനെയും പ്രഖ്യാപിച്ചു. പരിചയസമ്പന്നരായ താരങ്ങളും ക്ലബിന്റെ വിശ്വസ്ത മുഖങ്ങളും പുതിയ സൈനിങ്ങുകളും ഒത്തുചേരുന്ന ടീമുമായാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ അണിനിരക്കുന്നത്. ശക്തമായ ഇന്ത്യൻ യുവനിരക്കൊപ്പം മികച്ച വിദേശ താരങ്ങളും അണിനിരക്കുന്നതോടെ എല്ലാ പൊസിഷനുകളിലും ടീമിന് മികച്ച പകരക്കാരെയും ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്.
മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്ത ആഷ്ലി വെസ്റ്റ്വുഡിന്റെ കീഴിലാണ് ടീം കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ടീം കാഴ്ചവെച്ച മികച്ച പ്രകടനത്തിന്റെ തുടർച്ച ലക്ഷ്യമിട്ടാണ് വെസ്റ്റ്വുഡും സംഘവും ആദ്യ മത്സരത്തിന് ബൂട്ടുകെട്ടുന്നത്. ക്രിയേറ്റിവ് മിഡ്ഫീൽഡിൽ കളി മെനയാൻ അഡ്രിയാൻ ലൂണ തന്നെയാണ് പ്രധാന കരുത്ത്.
മുന്നേറ്റനിരയിൽ വേഗതയും അപകടകരമായ പ്രഹരശേഷിയുമായി ആന്ദ്രെ ഗ്രീനും ശാരീരികക്ഷമതയും ഗോൾ സ്കോറിങ് മികവുമുള്ള മോമോ യാൻസാനെയും ഇന്ത്യൻ യുവതാരം മുഹമ്മദ് സനാനും അണിനിരക്കുന്നു. ഗോൾകീപ്പർ അമരീന്ദർ സിങ്ങിനൊപ്പം ഹോർമിപാം റുയിവ, ബികാഷ് യുമനം, അമേയ് റണവാഡെ, ഫാലോ എൻഡിയായെ എന്നിവരും മധ്യനിരയിലുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ടീം
ഗോൾകീപ്പർമാർ: അമരീന്ദർ സിംഗ്, അർഷ് അൻവർ ശൈഖ്, അൽ സാബിത്ത്, പ്രതിരോധ നിര: സന്ദീപ് സിംഗ്, ഹോർമിപാം റുയിവ, ജെയിംസ് ബോൾട്ടൺ, ജഗന്നാഥ് ജയൻ, ഐബൻ ഡോഹ്ലിങ്, ബികാഷ് യുമനം, ഫാലോ എൻഡിയായെ, നവോച്ച സിങ് ഹുയിഡ്രോം, അമേയ് റണവാഡെ, സുമിത് ശർമ, മധ്യനിര: ഫ്രെഡി ലല്ലാവ്മൗമ, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, സാഹിൽ തവോറ, പോൾ റാംഫാങ്സൗവ, നെബോജ്ഷ കൊസോവിച്ച്, ജോയൽ ലാൽറമെങ്മാവിയ, എബിൻദാസ് യേശുദാസൻ, മുന്നേറ്റ നിര: കൊറൗ സിംഗ്, ആന്ദ്രെ ജെയ് ഗ്രീൻ, മുഹമ്മദ് സനാൻ, മുഹമ്മദ് യാസിർ, ശ്രീകുട്ടൻ എം.എസ്, റാംലുൻഛുങ്ങ, മോമോ യാൻസാനെ. അമിത് റാണ അസി. കോച്ചും ഹാസ്നി അൽജോഫ്രി അസി. മാനേജറും ഫെലിക്സ് ഡിസൂസ ഗോൾ കീപ്പിങ് കോച്ചുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.