ലണ്ടൻ: പ്രീമിയർ ലീഗിലെ വമ്പന്മാരെല്ലാം സമനിലയിൽ കുരുങ്ങിയ ദിനമായിരുന്നു. ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ കരുത്തർക്കെല്ലാം സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെ 1-1ന് പൂട്ടി നോട്ടിങ്ഹാം ഫോറസ്റ്റ് പോയിന്റ് പട്ടികയിൽ ആഴ്സനലിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി.
നോട്ടിങ്ഹാമിന്റെ സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടാം മിനിറ്റിൽ ക്രിസ് വുഡാണ് നോട്ടിങ്ഹാമിനെ മുന്നിലെത്തിക്കുന്നത്. രണ്ടാം പകുതിയിൽ 66ാം മിനിറ്റിൽ ഡീഗോ ജോട്ടയുടെ ഗോളിലൂടെയാണ് ലിവർപൂൾ മറുപടി ഗോൾ നേടിയത്.
മാഞ്ചസ്റ്റർ സിറ്റി- ബ്രെൻഡ് ഫോർഡ് മത്സരം 2-2ന് അവസാനിച്ചു. 66, 78 മിനിറ്റുകളിൽ ഫിൽ ഫോഡൻ നേടിയ ഇരട്ടഗോളിന്റെ ബലത്തിൽ 82 മിനിറ്റോളം മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി ജയം കൈവിടുന്നത്. 82 ാം മിനിറ്റിൽ യോനെ വിസ്സയും ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യൻ നോർഗാർഡും ഗോൾ നേടിയ ഗോളിലൂടെയാണ് ബ്രെൻഡ്ഫോർഡ് സിറ്റിയെ കുരുക്കിയത്.
മറ്റൊരു മത്സരത്തിൽ ബേൺമൗത്ത് 2-2ന് ചെൽസിയെ തളച്ചു. 13ാം മിനിറ്റിൽ കോൾ പാൽമറിന്റെ ഗോളിലൂടെ ചെൽസിയാണ് ആദ്യ ലീഡെടുക്കുന്നത്. 50ാം മിനിറ്റിൽ ജസ്റ്റിൻ ക്ലുവർട്ട് പെനാൽറ്റിയിലൂടെ ഗോൾ തിരിച്ചടിച്ചു(1-1). 68ാം മിനിറ്റിൽ ചെൽസിയെ ഞെട്ടിച്ച് ആന്റണീ സെമൻയോ ബേൺമൗത്തിനെ മുന്നിലെത്തിച്ചു(2-1). എന്നാൽ അന്തിമവിസിലിന് തൊട്ടുമുൻപ് റീസ് ജെയിംസ് തോൽവിയിൽ നിന്ന് രക്ഷിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ ഫുൾഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് വെസ്റ്റ്ഹാം കീഴടക്കി.
പ്രീമിയർ ലീഗിൽ 20 മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ 47 പോയിന്റുമായി ഒന്നാം സ്ഥാനത്തും 21 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി നോട്ടിങ്ഹാം രണ്ടാം സ്ഥാനത്തും തുടരുന്നു. 20 മത്സരങ്ങളിൽ നിന്ന് 40 പോയിൻറുമായി ആഴ്സനൽ മൂന്നാമതും 37 പോയിന്റുായി ചെൽസി നാലാമതുമാണ്. 35 പോയിന്റുമായി സിറ്റി ആറാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.