ക്രിസ്റ്റ്യാനോ നയിക്കും, താരത്തിന് ആറാം ലോകകപ്പ്; പോർചുഗൽ ടീമിനെ പ്രഖ്യാപിച്ചു

ലിസ്ബൺ: ഫിഫ ഫുട്ബാൾ ലോകകപ്പിനുള്ള പോർചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ആറാം ലോകകപ്പ് കളിക്കുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടീമിനെ നയിക്കുന്നത്.

ക്രിസ്റ്റ്യാനോക്കൊപ്പം യൂറോപ്യൻ മുൻനിര ലീഗുകളിലെ സൂപ്പർ താരങ്ങളും സ്ക്വാഡിലുണ്ട്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, വിറ്റിന, റൂബൻ നെവസ്, ഗോൺസാലോ റാമോസ് ഉൾപ്പെടെയുള്ള താരങ്ങളെല്ലാം പരിശീലകൻ റൊബർട്ടോ മാർട്ടിനസിന്‍റെ സ്ക്വാഡിലുണ്ട്. സൗദി പ്രോ ലീഗിലെ അൽ നസർ ക്ലബ് താരമായ 41കാരൻ ക്രിസ്റ്റ്യാനോ ആറാമത് ലോകകപ്പിലാണ് പന്തുതട്ടുന്നത്. മെക്സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ, അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി എന്നിവരും റെക്കോഡ് നേട്ടത്തിൽ അദ്ദേഹത്തിനൊപ്പമുണ്ട്.

മെസ്സിയും ക്രിസ്റ്റ്യാനോയും കളിക്കുന്ന അവസാന ലോകകപ്പ് കൂടിയാണിത്. ഇരുവരുടെയും അവസാന ലോകകപ്പെന്ന നിലയിൽ ഇത്തവണയെങ്കിലും അർജന്റീനയും പോർചുഗലും നേൽക്കുനേർ വരണമെന്ന് വലിയൊരു വിഭാഗം ആരാധകർ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു ലോകകപ്പുകളിൽ ഒരിക്കൽ പോലും ഇരുവർക്കും നേർക്കുനേർ കളിക്കാൻ അവസരമുണ്ടായിട്ടില്ല. എന്നാൽ, ഇത്തവണ അർജന്റീനയും പോർചുഗലും തങ്ങളുടെ ഗ്രൂപ്പുകളിൽ ഒന്നാമതെത്തുകയാണെങ്കിൽ ക്വാർട്ടർ ഫൈനലിൽ ഈ ഇതിഹാസങ്ങൾ ഒരിക്കൽ കൂടി നേർക്കുനേർ വരാൻ സാധ്യതയുണ്ട്. 2016ലെ യൂറോ കപ്പ് ജേതാക്കളായ പോർചുഗലിന്, ഗ്രൂപ്പ് കെയിൽ ഡി.ആർ കോംഗോ, കൊളംബിയ, ഉസ്ബെക്കിസ്ഥാൻ എന്നിവരാണ് എതിരാളികൾ.

യൂറോ കപ്പും യുവേഫ നാഷൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ടെങ്കിലും പോർചുഗലിന് ഇതുവരെ ലോകകിരീടം നേടാനായിട്ടില്ല. ടൂർണമെന്റിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ പോർചുഗൽ ചിലിയെയും നൈജീരിയയെയും നേരിടും. ജൂൺ 17ന് ഡി.ആർ കോംഗോക്കെതിരെയാണ് പോർചുഗലിന്റെ ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ജൂൺ 23, 27 തീയതികളിൽ യഥാക്രമം ഉസ്ബെക്കിസ്ഥാനെയും കൊളംബിയയെയും നേരിടും.

പോർചുഗൽ ലോകകപ്പ് സ്ക്വാഡ്:

ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ, റൂയി സിൽവ, റിക്കാഡോ വെൽഹോ, ജോസ് സാ,

പ്രതിരോധനിരക്കാ: ഡിയോഗോ ഡാലോട്ട്, മാത്യൂസ് നൂനസ്, നെൽസൺ സെമേഡോ, ജാവോ കാൻസെലോ, ന്യൂനോ മെൻഡിസ്, ഗോൺസാലോ ഇനാസിയോ, റെനാറ്റോ വെയ്ഗ, റൂബൻ ഡയസ്, ടോമസ് അരൗജോ

മധ്യനിരക്കാർ: റൂബൻ നെവെസ്, ജാവോ നെവെസ്, വിറ്റിന, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, ജാവോ ഫെലിക്സ്, ഫ്രാൻസിസ്കോ ട്രിൻകാവോ, ഫ്രാൻസിസ്കോ കോൺസീസാവോ, സാമു കോസ്റ്റ

മുന്നേറ്റനിരക്കാർ: പെഡ്രോ നെറ്റോ, റാഫേൽ ലിയാവോ, ഗോൺസാലോ ഗ്വെഡസ്, ഗോൺസാലോ റാമോസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ.

Tags:    
News Summary - Portugal squad for FIFA World Cup 2026: Ronaldo, Bruno IN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.