ദോഹ: അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് കിരീടം പോർച്ചുഗലിന്. ഫൈനലിൽ ഓസ്ട്രിയയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് തോൽപ്പിച്ചാണ് പോർച്ചുഗൽ ആദ്യമായി കപ്പുയർത്തിയത്. ദോഹയിലെ ഖലീഫ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരിൽ അനിസിയോ കബ്രാളാണ് വിജയ ഗോൾ നേടിയത്. 32-ാം മിനിറ്റിൽ പിറന്ന ഗോളിന് മറുപടി നൽകാൻ ഓസ്ട്രിയക്ക് കഴിഞ്ഞില്ല. മത്സരത്തിൽ പൂർണമായും പ്രതിരോധത്തിലൂന്നിയാണ് പോർച്ചുഗൽ കൗമാരപ്പട കളിച്ചത്. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ (2-4) ബ്രസീലിനെ തോൽപ്പിച്ച് ഇറ്റലി ജേതാക്കളായി.
മേയ് മാസത്തിൽ നടന്ന അണ്ടർ17 യൂറോ കപ്പ് വിജയിച്ചാണ് പോർച്ചുഗൽ അണ്ടർ 17 ലോകകപ്പിനായി ഖത്തറിലേക്ക് വണ്ടികയറിയത്. യൂറോപ്യൻ ചാമ്പ്യന്മാരായെത്തിയ ടീമിന്റെ പ്രകടനവും മോശമായിരുന്നില്ല. മൊറോക്കോയെയും ന്യു കാലിഡോണിയയെും ആറ് ഗോളിന് കീഴടക്കി ലോകകപ്പിൽ ഗംഭീര തുടക്കമായാണ് പോർച്ചുഗൽ പടയൊരുക്കം ആരംഭിച്ചത്. ടൂർണമെന്റിൽ ഒരു മത്സരത്തിൽ മാത്രമാണ് പോർച്ചുഗൽ തോറ്റത്. ഗ്രൂപ് ഘട്ടത്തിൽ ജപ്പാനോടേറ്റ തോൽവി ഒഴിച്ചാൽ പോർച്ചുഗലിന്റെ പ്രകടനം മികച്ചതായിരുന്നു.
ബെൽജിയത്തെയും മെക്സിക്കോയെയും സ്വിറ്റ്സർലൻഡ് എന്നിവർക്കെതിരായ തകർപ്പൻ വിജയങ്ങളിൽ പോർച്ചുഗലിന്റെ ആക്രമണശേഷി പ്രകടമായതാണ്. ബ്രസീലിനെതിരായ സെമിയിലും ആക്രമിച്ച് കളിച്ചെങ്കിലും പെനാൽറ്റിയിലൂടെയാണ് വിജയിച്ചത്. പോർച്ചുഗൽ യുവനിരയുടെ ആക്രമണത്തിന്റെ സൗന്ദര്യം ആരാധകർ ആസ്വദിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.