നാ​സ​ർ അ​ൽ ഖാ​തി​ർ

ലോകകപ്പ്: വിമർശനങ്ങൾക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം -അൽ ഖാതിർ

ദോഹ: ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയലക്ഷ്യം മാത്രമാണെന്ന് ഖത്തർ ലോകകപ്പ് 2022 സി.ഇ.ഒ നാസർ അൽ ഖാതിർ. രാഷ്ട്രീയ വാഗ്വാദങ്ങളിലേക്ക് കായികമേളയെ വലിച്ചിഴക്കരുതെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.'ചില യൂറോപ്യൻ രാജ്യങ്ങൾ വിശ്വസിക്കുന്നത് ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്നത് അവരുടെ മാത്രം കുത്തകയാണെന്നാണ്. 22 ടൂർണമെന്റുകളിൽ 11 ടൂർണമെന്റിനാണ് യൂറോപ്പ് ആതിഥേയത്വം വഹിച്ചത്. എല്ലാവരെയും ഖത്തർ സ്വാഗതം ചെയ്യുന്നു. ടൂർണമെന്റിനെത്തുന്നവർ ആതിഥേയ രാജ്യത്തിന്റെ സംസ്കാരങ്ങളെ മാനിക്കണം'- അദ്ദേഹം പറഞ്ഞു.

'ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ആക്രമണങ്ങൾക്ക് പിന്നിലെന്ത്'എന്ന തലക്കെട്ടിൽ അൽജസീറ ചാനലിലെ 'ലിൽ ഖിസ്സതി ബഖിയ്യ'പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകകപ്പ് തയാറെടുപ്പുകളെല്ലാം കൃത്യമായ ദിശയിലാണ് നീങ്ങുന്നതെന്നും 12 ലക്ഷത്തോളം ആരാധകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ലോകകപ്പിനായി നാല് കോടി ടിക്കറ്റ് അപേക്ഷയാണ് ലഭിച്ചത്. 30 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ വിജയകരമായ ലോകകപ്പിനായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുക എന്നതിനുള്ള തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പിന്റെ വിജയത്തിൽ മാത്രമാണ് രാജ്യം ശ്രദ്ധയൂന്നുന്നതെന്നും ചില ആരോപണങ്ങൾക്ക് കൃത്യമായ മറുപടി മാധ്യമങ്ങളിലൂടെ നൽകിയിട്ടുണ്ടെന്നും സൂചിപ്പിച്ച ഫിഫ ലോകകപ്പ് സി.ഇ.ഒ, ചില ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നും മാധ്യമങ്ങളിൽനിന്നും പ്രഫഷനലിസമാണ് പ്രതീക്ഷിക്കുന്നതെന്നും രൂക്ഷമായി പ്രതികരിച്ചു.ലോകകപ്പുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾക്കിടയിൽ മൂന്നേ മൂന്ന് തൊഴിലാളികളാണ് മരണമടഞ്ഞതെന്നും ലോകകപ്പ് പദ്ധതികളിലുടനീളം ഉന്നത അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിൽ ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങളാണ് നടപ്പാക്കിയതെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി പറഞ്ഞു.

ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്ന് ആവർത്തിച്ച അൽ ഖാതിർ, തികഞ്ഞ വംശീയതയാണ് ഇത്തരം കാമ്പയിനിലൂടെ പുറന്തള്ളുന്നതെന്നും വലിയ യൂറോപ്യൻ രാജ്യങ്ങളുമായി ചെറു അറബ്, ഇസ്ലാമിക രാജ്യമായ ഖത്തറിന് മത്സരിക്കാൻ എങ്ങനെ സാധിക്കുമെന്നതാണ് അവരെ അലട്ടുന്നതെന്നും പറഞ്ഞു.ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കൂടുതൽ അർഹർ തങ്ങളാണെന്ന ഭാവമാണ് അവരെ ഇതിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Political objective behind the criticism - Al Khatir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.