പോഗ്ബയെ ടീമിലെടുത്ത് എ.ടി.കെ; ടിരിയും ജിംഗനും പുറത്തേക്ക്

ഫ്രഞ്ച് ഫുട്‌ബോളിലെ സൂപ്പര്‍താരം പോള്‍ പോഗ്ബയുടെ സഹോദരന്‍ ഫ്‌ളോറെന്റിന്‍ പോഗ്ബ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍). കൊല്‍ക്കത്തന്‍ ക്ലബ്ബ് എ.ടി.കെ മോഹന്‍ബഗാനാണ് താരവുമായി കരാറിലെത്തിയത്. ഫ്രഞ്ച് ലീഗ് 2 ക്ലബ്ബ് എഫ്.സി സൊഹോക്‌സ്-മോന്റ്‌ബെലിയാര്‍ഡിന്റെ താരമായിരുന്നു ഫ്‌ളോറെന്റിന്‍. ഫ്രഞ്ച് ക്ലബ്ബുമായി ഒരു വര്‍ഷത്തെ കരാര്‍ അവശേഷിക്കെയാണ് എ.ടി.കെ മോഹന്‍ബഗാനുമായി മുപ്പത്തൊന്നുകാരന്‍ കരാറിലെത്തിയത്.

പ്രതിരോധ നിരക്കാരനെങ്കിലും ഗോളിലേക്ക് അവസരം തുറക്കുന്ന സെന്റര്‍ ബാക്കാണ് ഫ്‌ളോറെന്റിന്‍. പ്രതിരോധത്തില്‍ നിന്ന് ആക്രമണം തുടങ്ങുന്ന ശൈലിക്കുടമയാണ് താരമെന്നും കോച്ച് യുവാന്‍ ഫെറാന്‍ഡോ പറഞ്ഞു.

എ.എഫ്.സി കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്താണ് എ.ടി.കെ എംബി ഫിനിഷ് ചെയ്തത്. എന്നാല്‍, മൂന്ന് മത്സരങ്ങളില്‍ ആറ് ഗോളുകള്‍ വഴങ്ങിയ പ്രതിരോധ നിര തലവേദനയാണ്. സ്പാനിഷ് പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോ എ.ടി.കെയുടെ പ്രതിരോധ നിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഫ്‌ളോറന്റിന്‍ പോഗ്ബയെ ടീമിലെത്തിച്ചത്.


ആസ്‌ത്രേലിയന്‍ എ ലീഗിലെ സ്റ്റാര്‍ ഡിഫന്‍ഡര്‍ ബ്രെന്‍ഡന്‍ ഹാമിലും എ.ടി.കെയിലേക്ക് എത്തുമെന്നാണ് കേള്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ പ്രതിരോധ നിരയിലായിരുന്നു തിരിച്ചടി നേരിട്ടത്. പരിക്കും ഫോം നഷ്ടവും കാരണം കഴിഞ്ഞ സീസണില്‍ മങ്ങിപ്പോയ സ്പാനിഷ് സെന്റര്‍ ബാക്ക് ടിരിയും ഇന്ത്യന്‍ താരം സന്ദേശ് ജിംഗനും എ.ടി.കെയില്‍ നിന്ന് പുറത്തേക്കാണെന്ന സൂചനയാണ് ലഭിക്കുന്നത്.

പോള്‍ പോഗ്ബ ഫ്രാന്‍സിന്റെ താരമാണെങ്കിലും ഫ്‌ളോറെന്റിന്‍ പോഗ്ബയുടെ അന്താരാഷ്ട്ര കരിയര്‍ ഗിനിയക്കൊപ്പമാണ്. 2010 ല്‍ പത്തൊമ്പതാം വയസില്‍ ഫ്‌ളോറെന്റിന്‍ ഗിനിയന്‍ ജഴ്‌സിയില്‍ അരങ്ങേറി. ദേശീയ ടീമിനായി മുപ്പത് മത്സരങ്ങളാണ് കളിച്ചത്. പ്രൊഫഷണല്‍ ക്ലബ്ബ് കരിയര്‍ 2010 ല്‍ ഫ്രഞ്ച് ക്ലബ്ബ് എസ് സി സെഡാനൊപ്പം ആരംഭിച്ചു. രണ്ട് സീസണുകളിലായി 45 മത്സരങ്ങള്‍ കളിച്ച ശേഷം എ.എസ് സെയിന്റ് എറ്റീനെയിലേക്ക് മാറി.

ഫ്രഞ്ച് ലീഗ് ഒന്നില്‍ എറ്റീനെക്കൊപ്പം അരങ്ങേറിയ ഫ്‌ളോറെന്റിന്‍ വൈകാതെ തുര്‍ക്കി ക്ലബ്ബ് ജെലെര്‍ബിര്‍ലിഗി എസ്കെയിലെത്തി. മേജര്‍ ലീഗ് സോക്കറില്‍ അറ്റലാന്റയുടെ താരമായിരുന്നു. യു.എസ് ഓപണ്‍ കപ്പ്, കാംപിയോനെസ് കപ്പ് എന്നിവ എം.എല്‍.എസ് ക്ലബ്ബിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. സഹോദരന്‍ ഫ്‌ളോറെന്റിന്‍ ഐ.എസ്.എല്ലില്‍ തിളങ്ങട്ടെയെന്ന് പോള്‍ പോഗ്ബ ആശംസ അറിയിച്ചിട്ടുണ്ട്

Tags:    
News Summary - Paul Pogba’s brother Florentin Pogba joins ATK Mohun Bagan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.