ചാമ്പ്യൻസ് ലീഗിൽ നോട്ടമിട്ട് ഫോറസ്റ്റ്; ഇപ്സിച്ചിനെ വീഴ്ത്തിയത് 4-2ന്

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി കുരുങ്ങിയ ദിനത്തിൽ ആധികാരിക ജയവുമായി ചാമ്പ്യൻസ് ലീഗിൽ കണ്ണുറപ്പിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. ദുർബലരായ ഇപ്സിച്ച് ടൗണിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്തുവിട്ടാണ് ഫോറസ്റ്റുകാർ പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് കൂടുതൽ കരുത്തുകാട്ടിയത്.

രണ്ടാമതുള്ള ആഴ്സനലിനെക്കാൾ ഒറ്റ പോയന്റ് പിറകിലുള്ള ടീം അഞ്ചാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായി പോയന്റ് അകലം ആറാക്കി. ലീഗിൽ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിൽനിൽക്കുന്ന ലിവർപൂളിനെ പിടിക്കൽ അതിവിദൂര സാധ്യത മാത്രമാണെങ്കിലും മറ്റുള്ള എല്ലാ ടീമുകളും പിടിക്കാവുന്ന അകലത്തിലാണ്. 1979, 80 വർഷങ്ങളിൽ യൂറോപ്യൻ കപ്പ് നേടിയ ടീമാണ് ഫോറസ്റ്റ്. ബ്രയർ ക്ലൗ ആയിരുന്നു അന്ന് ടീമിന്റെ പരിശീലകൻ. 90കളുടെ മധ്യത്തിനുശേഷം പക്ഷേ, ടീം യൂറോപ്യൻ ലീഗ് കളിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ തരംതാഴ്ത്തൽ ഭീഷണിയിൽ നിൽക്കെ പരിശീലകക്കുപ്പായമണിഞ്ഞ നൂനോ എസ്പിരിറ്റോ സാന്റോക്കു കീഴിൽ ടീം കുറിച്ച ഉയിർത്തെഴുന്നേൽപ് ഏതറ്റംവരെ പോകുമെന്നാണ് കാത്തിരിപ്പ്. ടീം തോൽപിച്ചുവിട്ട ഇപ്സ്വിച്ച് ടൗണാകട്ടെ സീസൺ അവസാനത്തോടെ പ്രീമിയർ ലീഗിൽനിന്ന് പുറത്താകുമെന്ന് ഏകദേശം ഉറപ്പായി.

മറുവശത്ത്, ഒമ്പതു കളികൾ മാത്രം ബാക്കിനിൽക്കെ ഇനി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാൻ ഓരോ മത്സരവും ഫൈനലാണെന്ന് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള പറയുന്നു. അതേസമയം ബ്രൈറ്റണെതിരായ സിറ്റിയുടെ മത്സരം സമനിലയിൽ പിരിഞ്ഞു.

ഇരുടീമുകളും രണ്ട് ഗോൾ വീതമടിച്ചാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. സിറ്റിക്കായി എർലിങ് ഹാലൻഡിന് പുറമെ ഉമർ മർമൂഷും വല കുലുക്കിയപ്പോൾ ബ്രൈറ്റണെ ഒപ്പമെത്തിച്ച് സിറ്റി പ്രതിരോധതാരം അബ്ദുഖോദിർ ഖുസനനോവ് സ്വന്തം വല കുലുക്കി. ഏറെ കാലത്തിനുശേഷം ആദ്യമായാണ് ഇത്തിഹാദ് മൈതാനത്ത് ബ്രൈറ്റൺ സമനിലയിലാകുന്നത്. സീസണിൽ 28 മത്സരങ്ങൾ കളിച്ച സിറ്റി 14 വിജയങ്ങളുമായി അഞ്ചാം സ്ഥാനത്താണ്. ആറ് മത്സരത്തിൽ സമനില നേടിയ സിറ്റി ഒമ്പത് മത്സരങ്ങളിൽ പരാജയപ്പെട്ടു.

ബയേണിനെ പിടിച്ച് യൂനിയൻ

മ്യൂണിക്ക്: മാനുവൽ നോയറുടെ പിൻഗാമിയാകേണ്ട യുവ ഗോൾകീപർ ജൊനാസ് ഉർബിഗിന്റെ ചെറിയ പിഴവിൽ വീണ ഗോളിൽ ബുണ്ടസ് ലിഗയിൽ തുടർച്ചയായ രണ്ടാം സമനില വഴങ്ങി ബയേൺ മ്യൂണിക്ക്. പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലായിരുന്ന ടീമിനെ ഞെട്ടിച്ച് യൂനിയൻ ബർലിനാണ് നിർണായക സമനില ചോദിച്ചുവാങ്ങിയത്. 75ാം മിനിറ്റിൽ ലിറോയ് സാനെയിലൂടെ ബയേണാണ് ലീഡ് പിടിച്ചത്.

ആക്രമണം ദുർബലമായതിനാൽ പ്രതിരോധമുറപ്പിച്ച് കളിച്ച യൂനിയൻ ടീമിന്റെ കോട്ട പൊളിച്ചായിരുന്നു ഗോൾ. എന്നാൽ, എട്ടു മിനിറ്റ് കഴിഞ്ഞ് ബയേൺ പോസ്റ്റ് കണക്കാക്കിയെത്തിയ പന്ത് ഉയർന്നുചാടി ഉർബിഗ് തട്ടിത്തെറിപ്പിച്ചത് എതിർ താരത്തിന്റെ കാൽ കണക്കാക്കിയാണ് എത്തിയത്. യൂനിയൻ സ്ട്രൈക്കർ ബെനഡിക്റ്റ് ഹോളർബാഹ് അനായാസം പന്ത് വലയിലെത്തിയതോടെ സ്കോർ 1-1 ആയി. ശനിയാഴ്ച മറ്റൊരു മത്സരത്തിൽ ബയേർ ലെവർകൂസൻ ജയം പിടിച്ചതോടെ ഇരു ടീമുകളും തമ്മിലെ പോയന്റ് അകലം ആറായി. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബയേറിനെതിരെ 5-0ന്റെ കണ്ണഞ്ചും ജയവുമായി ക്വാർട്ടർ ഉറപ്പിച്ച ബയേൺ ബുണ്ടസ് ലിഗയിലും നിലവിൽ സുരക്ഷിത അകലത്തിലാണ്. അതേസമയം, വരും മത്സരങ്ങളിലും സമാന വീഴ്ചകൾ തുടർന്നാൽ തിരിച്ചടിയാകും.

ലീഗിൽ വൻവീഴ്ചകൾ പതിവാക്കിയ ബൊറൂസിയ ഡോർട്മുണ്ട് മറ്റൊരു മത്സരത്തിൽ ലൈപ്സീഗിനോട് എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റു. ഇതോടെ 18 ടീമുകളുള്ള ലീഗിൽ ഡോർട്മുണ്ടുകാർ ആദ്യ 10ൽനിന്ന് താഴോട്ടിറങ്ങി. ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് കരുത്തരായ ലിലെയെ തോൽപിച്ച് ക്വാർട്ടർ ഫൈനലിലെത്തിയ ശേഷമാണ് വൻതോൽവി.

Tags:    
News Summary - Nottingham Forest getting close to the Champions League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.