നെയ്മർ ഇനി ബ്രസീലിൽ! കരാർ റദ്ദാക്കി അൽ ഹിലാൽ

ബ്രസീലിന്‍റെ സൂപ്പർതാരം നെയ്മർ സൗദി അറേബ്യ ക്ലബ്ബായ അൽ-ഹിലാൽ വിട്ടു. ബ്രസീലിയൻ ക്ലബ്ബായ സാന്‍റോസുമായാണ് നെയ്മർ കരാറിലെത്തിയത്. തുടർച്ചയായി പിടിപെടുന്ന പരിക്കുകൾ മൂലം വളരെ ചുരുങ്ങിയ മത്സരങ്ങളാണ് താരം അൽ ഹിലാലിന് വേണ്ടി കളിച്ചത്. ഹിലാൽ നെയ്മറുമായുള്ള കരാർ റദ്ദാക്കുകയായിരുന്നു.

നെയ്മറിന്‍റെ ബാല്യകാല ക്ലബ്ബാണ് സാന്‍റോസ്. ഇവിടെ തന്നെയാണ് താരത്തിന്‍റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചതും. 90 മില്യൺ യൂറോ നൽകി 2023ലാണ് അൽ ഹിലാൽ നെയ്മറനെ ക്ലബ്ബിലെത്തിച്ചത്. താരത്തിന് അൽ ഹിലാലിനായി ഏഴ് മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ. ഒരു ഗോൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്തു. തുടർന്ന് പരിക്കിൻ്റെ പിടിയിലായ താരം ഒരു വർഷമായി പുറത്തായിരുന്നു.

അതേസമയം സാന്‍റോസിനായി ആദ്യ ഘട്ടത്തിൽ 225 മത്സരത്തിൽ കളിക്കാനിറങ്ങിയ നെയ്മർ 136 ഗോളടിച്ചിട്ടുണ്ട്. അക്കാദമി മുതൽ പത്ത് വർഷം നെയ്മർ സാന്‍റോസിന് വേണ്ടി കളിച്ചിട്ടുണ്ട്. ബ്രസീലിയൻ ക്ലബ്ബിനൊപ്പം കോപ്പ ലിബർട്ടഡോറസ്, കോപ്പ ഡോ ബ്രസീൽ, കാമ്പിയോനാറ്റോ പോളിസ്റ്റ് എന്നീ കിരീടങ്ങൾ നേടാൻ നെയ്മറിന് കഴിഞ്ഞിട്ടുണ്ട്. സാന്‍റോസിൽ നിന്നും സ്പാനിഷ് സൂപ്പർ ക്ലബ്ബായ ബാഴ്സലോണയിലേക്കാണ് നെയ്മർ ചേക്കെറിയത്, പിന്നീട് ജർമൻ ക്ലബ്ബായ പാരിസ് സെയിന്‍റ്-ജെർമെയിനിന് വേണ്ടിയും 32 കാരൻ പന്ത് തട്ടി. അതിന് ശേഷമാണ് അൽ-ഹിലാലിലേക്കെത്തുന്നത്. 

Tags:    
News Summary - Neymar transferred to santos from al hilal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.