മെസ്സിയുടെ മയാമിയിലേക്കില്ല; നെയ്മർ ജന്മനാട്ടിലേക്ക് മടങ്ങുന്നു; ഇനി സാന്‍റോസിനൊപ്പം കളിക്കും...

ലണ്ടൻ: അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമി ക്ലബിലേക്ക് ബ്രസീൽ സൂപ്പർതാരം നെയ്മർ പോകില്ല. പകരം ബ്രസീലിലെ തന്റെ ആദ്യ ക്ലബായ സാന്റോസിലേക്ക് തന്നെ താരം മടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.

സൗദി ക്ലബ് അൽ ഹിലാലുമായുള്ള നെയ്മറിന്‍റെ കരാർ സീസണൊടുവിൽ അവസാനിക്കും. താരവുമായി ഇനി കരാർ പുതുക്കേണ്ടെന്നാണ് ഹിലാലിന്‍റെ തീരുമാനം. 2023ൽ റെക്കോഡ് തുകക്ക് സൗദി ക്ലബിനൊപ്പം ചേർന്ന നെയ്മറിന് വെറും ഏഴു മത്സരങ്ങളിൽ മാത്രമാണ് ടീമിനുവേണ്ടി കളിക്കാനായത്. ഒരു ഗോളും മൂന്നു അസിസ്റ്റുമാണ് താരത്തിന്‍റെ പേരിലുള്ളത്. ഇതോടെയാണ് നെയ്മർ അമേരിക്കൻ ഫുട്‌ബാൾ ക്ലബായ ഇന്റർ മയാമിയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹം പരന്നത്.

നെയ്‌മർ, മെസ്സിയുമായി സംസാരിച്ചെന്ന തരത്തിലും വാർത്തകളുണ്ടായിരുന്നു. മയാമിയിലേക്ക് വരാൻ മെസ്സി ആവശ്യപ്പെട്ടെന്ന് നെയ്‌മർ വെളിപ്പെടുത്തിയതായും വാർത്തകൾ വന്നു. നേരത്തെ, ബാഴ്‌സലോണയിലും പി.എസ്.ജി.യിലും ഇരുവരും ഒരുമിച്ചു കളിച്ചിരുന്നു. മുൻ ബാഴ്‌സ താരം ലൂയിസ് സുവാരസും ഇപ്പോൾ മയാമിയിലുണ്ട്. നെയ്മർ കൂടി എത്തിയാൽ പഴയ മെസ്സി-സുവാരസ്-നെയ്മർ (എം.എസ്.എൻ) ത്രയം ആവർത്തിക്കും.

മെസ്സി 2004ൽ‌ ബാഴ്സയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ 2013ൽ നെയ്മറും 2014ൽ സുവാരസും ക്ലബിന്‍റെ ഭാഗമായി. മൂവരും ചേർന്ന് 363 ഗോളുകളും 173 അസിസ്റ്റുകളും ബാഴ്സക്കായി നേടി. 2017ൽ നെയ്മർ ബാഴ്സ വിട്ടതോടെയാണ് ഈ ത്രയത്തിന് അവസാനമായത്.

സാന്‍റോസിലൂടെയാണ് നെയ്മർ ഔദ്യോഗിക ഫുട്ബാൾ ജീവിതം ആരംഭിക്കുന്നത്. നെയ്മറിന്‍റെ മികവിലാണ് 50 വർഷത്തിനിടെ 2011ൽ സാന്‍റോസ് ആദ്യമായി ദക്ഷിണ അമേരിക്കൻ ചാമ്പ്യൻഷിപ്പായ കോപ്പ ലിബർട്ടഡോറസിൽ ജേതാക്കളാകുന്നത്. ബ്രസീലിയൻ ക്ലബിനായി വ്യത്യസ്ത ചാമ്പ്യാൻഷിപ്പുകളിലായി 225 മത്സരങ്ങളിൽ 136 ഗോളുകളും 64 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. ബ്രസീലിയൻ ക്ലബ് അൽ ഹിലാലിന് ഔദ്യോഗികമായി ലോൺ ഓഫർ നിർദേശം സമർപ്പിച്ചിട്ടുണ്ട്.

സാന്റോസ് നിലവിൽ സൗദി ക്ലബിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 2026ലെ ലോകകപ്പ് കൂടി മനസ്സിൽ വെച്ചാണ് നെയ്മർ തന്റെ ജന്മനാട്ടിലേക്ക് മടങ്ങുന്നത്.

Tags:    
News Summary - Neymar joining Brazilian giants -Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.