മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സൂ​പ്പ​ർ ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ൽ നെ​റോ​ക്ക എ​ഫ്.​സി​യും രാ​ജ​സ്ഥാ​ൻ യു​നൈ​റ്റ​ഡ് എ​ഫ്.​സി​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ​നി​ന്ന്      - മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ

സൂപ്പർ കപ്പ്: ഷൂ​ട്ടൗ​ട്ടി​ൽ രാ​ജ​സ്ഥാ​ൻ എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി നെരോക

മഞ്ചേരി: പയ്യനാട്ടെ സൂപ്പർ പോരാട്ടത്തിനുള്ള ആദ്യ യോഗ്യത മത്സരത്തിൽ നെരോക എഫ്.സിക്ക് വിജയം. ആവേശം നിറഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് രാജസ്ഥാനെ തകർത്താണ് നെരോക വിജയം കൊയ്തത്. സൂപ്പർ കപ്പ് യോഗ്യതയിൽ നിശ്ചിതസമയത്ത് ഓരോ ഗോൾ വീതം നേടി എക്സ്ട്രാ ടൈമിലും ഇരുടീമും രണ്ട് ഗോളാക്കി ഉയർത്തി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്ത് നെരോകയാണ് മുന്നേറ്റതാരം ലുൻമിൻലനിലൂടെ ആദ്യം ലീഡ് നേടി കരുത്തറിയിച്ചത്. രണ്ടാം പകുതിയിൽ രാജസ്ഥാൻ പകരക്കാരനായി ഇറങ്ങിയ മുന്നേറ്റതാരം ഷൈബോർലങ്ങിലൂടെ തിരിച്ചടിച്ച് സമനില നേടി. തുടർന്ന് ഇരു ടീമുകളും ഗോളിനായി തുടർ ആക്രമണം നടത്തിയെങ്കിലും അനുവദിച്ച സമയത്ത് വിജയ ഗോൾ നേടാനായില്ല. കളി എക്ട്രാ മിനിറ്റിൽ കടന്നപ്പോൾ മിഡ്ഫീൽഡർ റെസങ്കയിലൂടെ രാജസ്ഥാൻ ലീഡുയർത്തി. എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ നെരോകയുടെ സ്വീഡൻ ഫെർണാണ്ടസ് ഉഗ്രൻ ഗോളിലൂടെ കളി വീണ്ടും സമനിലയിലെത്തിച്ചു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ നെരോക വിജയിക്കുകയായിരുന്നു. വിജയത്തോടെ ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ നെരോക എഫ്.സി ശ്രീനിധി ഡെക്കാൻ എഫ്.സിയെ നേരിടും.

തുടക്കം നെരോക

ആദ്യപകുതിയിൽ നെരോക ആധിപത്യം പുലർത്തിയ കളിയിൽ നിരവധി മികച്ച നീക്കങ്ങൾ പിറന്നെങ്കിലും ഗോളാക്കാനുള്ള ഷോട്ടുകൾ കുറവായിരുന്നു. കൃത്യമായ ഇടവേളകളിൽ കളിമെനഞ്ഞ് ഓടിക്കയറിയ നെരോകക്ക് മറുപടിയായി രാജസ്ഥാൻ താരങ്ങളും ചില കൗണ്ടർ അറ്റാക്കുകളുമായി കളം നിറഞ്ഞു. ആറാം മിനിറ്റിൽ കളം നിറഞ്ഞു കളിച്ച രാജസ്ഥാന്റെ ബെഞ്ചമിൻ ഡ്രിബ്ൾ ചെയ്ത് കൊണ്ടുവന്ന് മധ്യഭാഗത്ത് നിന്ന് തൊടുത്തുവിട്ട ഉഗ്രൻ ഷോട്ട് രാജസ്ഥാൻ ഗോളി തടുത്തിട്ടു. 33ാം മിനിറ്റിൽ നെരോകയുടെ മൂന്ന് താരങ്ങൾ ഒരുമിച്ച് കുതിച്ച് രാജസ്ഥാൻ ബോക്സിൽ കന്നത്ത പ്രതിസന്ധി തീർത്തെങ്കിലും നിർഭാഗ്യം ഗോളാക്കിയില്ല. തൊട്ടടുത്ത മിനിറ്റിൽ രാജസ്ഥാന്റെ കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ സോമയുടെ കനത്തിലുള്ളൊരു ഷോട്ടും ഗോൾപോസ്റ്റിനു മുകളിലൂടെ പറന്നകന്നു. തുടർന്ന് ആദ്യ പകുതിയുടെ അധിക സമയത്ത് നെരോകൻ മുന്നേറ്റതാരം ഫെർണാണ്ടസ് നൽകിയ ക്രോസ് ബെഞ്ചമിന്റെ കാലിൽ നിന്ന് മുന്നേറ്റതാരം ലുൻമിൻലൻ പോസ്റ്റിലേക്ക് തൊടുത്തു വിട്ടാണ് നെരോകയുടെ ആദ്യ ഗോൾ പിറന്നത്. പോസ്റ്റിന്റെ ഇടതുമൂലയിൽ കുതിച്ചെത്തി തക്കം പാർത്തുനിന്നതാണ് ലുൻമിൻലന് ഗോളവസരം ലഭിച്ചത്.

തിരിച്ചടിച്ച് രാജസ്ഥാൻ

രണ്ടാം പകുതിയിൽ വിരസമായ തുടക്കത്തിന് 65ാം മിനിറ്റിൽ രാജസ്ഥാൻ ഗോൾ മടക്കിയതോടെ മത്സരത്തിന് ജീവൻവെച്ചു. 65ാം മിനിറ്റിൽ രാജസ്ഥാൻ മിഡ്ഫീൽഡർ യാഷ് ത്രിപതി ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് നൽകിയ വേഗമേറിയ ക്രോസ് പകരക്കാരനായിറങ്ങിയ ഷൈബോർലങ് സമയംകളയാതെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകളും ഒരു ഗോളിന് സമനിലയായതോടെ വിജയഗോളിനായി മത്സരം മുറുകി. രണ്ടാം പകുതിയിൽ രാജസ്ഥാൻ കൂടുതൽ മുന്നേറ്റങ്ങളുമായി കരുത്തറിയിച്ചു. 84ാം മിനിറ്റിൽ നെരോകക്ക് രാജസ്ഥാന്റെ ആളില്ലാ പോസ്റ്റിലേക്ക് തുറന്നവസരം കിട്ടിയെങ്കിലും വല കുലുക്കാനായില്ല. കളിയുടെ അവസാന മിനിറ്റുകളിൽ ഇരു ടീമുകളും മരണക്കളി പുറത്തെടുത്തെങ്കിലും ഗോൾ മാത്രം പിറന്നില്ല.

എക്സ്ട്രാ ടൈമിലും ഒപ്പത്തിനൊപ്പം

കളിയുടെ എക്സ്ട്രാ ടൈമിൽ 98ാം മിനിറ്റിൽ യാഷ് ത്രിപതിയുടെ ക്രോസിൽ റെസംഗയുടെ മനോഹരമായ ഷോട്ടിൽ രാജസ്ഥാൻ വല കുലുക്കിയാണ് രാജസ്ഥാൻ വിജയം പിടിച്ചെടുത്തത്. നെരോകൻ പ്രതിരോധം അമ്പേ പരാജയപ്പെട്ട തക്കത്തിലാണ് രാജസ്ഥാൻ അപ്രതീക്ഷിത ഗോൾ നേടിയത്. ഗോളിനു പിറകെ രാജസ്ഥാൻ താരത്തെ ഫൗൾ ചെയ്തതിന് നെരോകൻ ഡിഫൻഡർ ലാലംങ് സിറ്റേല ചുവപ്പ് കാർഡ് കിട്ടി പുറത്തായി. പിന്നീട് പത്ത് പേരുമായി പൊരുതിയ നെരോക എക്സ്ട്രാ ടൈമിലെ അവസാന മിനിറ്റിൽ ഗോൾ അടിച്ചെടുത്ത് മത്സരം വീണ്ടും ദീർഘിപ്പിച്ചു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ രാജസ്ഥാന്റെ മൂന്ന് ഷോട്ടുകൾ തടുത്ത് നെരോക വിജയികളായി.

Tags:    
News Summary - Neroca beat Rajasthan FC in shootout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT