മുഹമ്മദൻസിന്റെ വിജയ ഗോൾ നേടിയ ആഹ്ലാദത്തിൽ മിർജലുൽ കാസിമോവ്
ബംഗളൂരു: ഐ.എസ്.എൽ സീസണിൽ സ്വന്തം മണ്ണിൽ തോൽവിയറിഞ്ഞിട്ടില്ലാത്ത കരുത്തരായ ബംഗളൂരുവിനെ ഒറ്റ ഗോളിന് മലർത്തി മുഹമ്മദൻസ് എസ്.സി. കളിയുടെ 88ാം മിനിറ്റിൽ മധ്യനിര താരം മിർജലുൽ കാസിമോവ് നേടിയ തകർപ്പൻ ഫ്രീകിക്ക് ഗോളിലാണ് ബംഗളൂരുവിന്റെ തോൽവി. കഴിഞ്ഞ രണ്ട് കളിയിലും ഗോൾ വഴങ്ങാതെ സമനില നേടിയ മുഹമ്മദൻസിന്റെ സീസണിലെ രണ്ടാം ജയമാണിത്. ഇതോടെ 10 പോയന്റുമായി പട്ടികയിൽ മുഹമ്മദൻസ് ഒരു സ്ഥാനം മെച്ചപ്പെടുത്തി. ഹൈദരാബാദാണ് അവസാന സ്ഥാനത്ത്. മുൻ ഇന്ത്യൻ ഇന്റർനാഷനൽ മെഹ്റാജുദ്ദീൻ വാദൂ അസി. കോച്ചായ ശേഷം മുഹമ്മദൻസിന്റെ തോൽവിയില്ലാത്ത രണ്ടാം മത്സരംകൂടിയാണിത്.
പോയന്റ് പട്ടികയിൽ അവസാനക്കാരായിരുന്ന മുഹമ്മദൻസ് കരുത്തരായ ബംഗളൂരുവിനെതിരെ കളിയിലുടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്തു. പ്രതിരോധവും ആക്രമണവും ഒരുപോലെ മെച്ചപ്പെടുത്തിയ കൊൽക്കത്തക്കാർ ബംഗളൂരുവിനെ വിറപ്പിച്ചു. ഫൈനൽ തേഡിൽ മുഹമ്മദൻസ് മുന്നേറ്റ താരങ്ങൾ അവസരങ്ങൾ തുലച്ചില്ലായിരുന്നെങ്കിൽ ബംഗളൂരു കാൽ ഡസൻ ഗോളിനെങ്കിലും തകർന്നേനെ.
16ാം മിനിറ്റിൽ ലീഡെടുക്കാൻ മുഹമ്മദൻസിന് അവസരം പിറന്നു. മലയാളി പ്രതിരോധ താരം മുഹമ്മദ് ഇർഷാദിന്റെ ലോങ് പാസ് പിടിച്ചെടുത്ത് ലാൽറംസാങ്ക എതിർ ബോക്സിലേക്ക് ഒന്നാന്തരം ക്രോസ് നൽകിയെങ്കിലും പന്തിലേക്ക് ഓടിയെത്തിയ ബികാഷ് സിങ്ങിന് കണക്ട് ചെയ്യാനായില്ല. 24ാം മിനിറ്റിലും സന്ദർശകർ ഗോളിനടുത്തെത്തി. ലാൽറംസാങ്കയുടെ പാസുമായി മുന്നേറ്റ താരം ഫ്രാങ്ക ബംഗളൂരു ബോക്സിൽ ഗോളിയുമായി മുഖാമുഖമെത്തിയെങ്കിലും ഷോട്ടിന് മുമ്പെ ഗുർപ്രീത് സിങ് സന്ധു പന്ത് കൈക്കലാക്കി. 39ാം മിനിറ്റിൽ റയാൻ വില്യംസ് എടുത്ത കോർണർ കിക്ക് മുഹമ്മദൻസ് ഗോൾമുഖത്തേക്ക് പെരേര ഡയസ് തലകൊണ്ട് ചെത്തിയിട്ടെങ്കിലും ബോക്സിലുണ്ടായിരുന്ന നെഗ്വേരയുടെ അടി പ്രതിരോധനിര തടഞ്ഞു. തൊട്ടടുത്ത മിനിറ്റിൽ ആതിഥേയരുടെ ബോക്സിൽ എതിർ താരം അലക്സിസ് ഗോമസും അവസരം തുലച്ചു.
42ാം മിനിറ്റിൽ മുഹമ്മദൻസ് സെൽഫ് ഗോൾ വഴങ്ങേണ്ടതായിരുന്നു. ഗോൾകീപ്പറുടെ സമയോചിത ഇടപെടലിൽ അപകടമൊഴിവായി.
രണ്ടാം പകുതിയിൽ ഇരു ടീമും നിരന്തരം ആക്രമണം മെനഞ്ഞു. 49ാം മിനിറ്റിൽ മുഹമ്മദൻസിന് മുന്നിൽ സുവർണാവസരം തെളിഞ്ഞു. ബംഗളൂരു ഗോളി ഗുർപ്രീത് സ്വന്തം പ്രതിരോധത്തിലേക്ക് നൽകിയ പന്ത് തട്ടിയെടുത്ത മുഹമ്മദൻസ് താരം അലക്സിസ് തടയാൻ വന്ന എതിർതാരത്തെ മറികടന്ന് ഷോട്ടുതിർക്കുമ്പോൾ ഗോളി ഗുർപ്രീത് പൊസിഷനിൽ തിരിച്ചെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഷോട്ട് വലതു പോസ്റ്റിന് പുറത്തേക്ക് പോയി. 73ാം മിനിറ്റിൽ റയാൻ വില്യംസിന്റെ ക്രോസിൽ എതിർ വല കുലുക്കാൻ ബംഗളൂരു താരം ഷിവാൾഡോക്ക് ലഭിച്ച ഓപൺ ചാൻസും മിസ്സായി.
88ാം മിനിറ്റിൽ ബംഗളൂരു ബോക്സിന് പുറത്ത് ഫ്രാങ്കയെ ഫൗൾ ചെയ്തതിൽനിന്ന് ലഭിച്ച ഫ്രീകിക്കിൽ മുഹമ്മദൻസ് നിർണായക ഗോൾ നേടി. വലതു ബോക്സിന് പുറത്തുനിന്നുള്ള കാസിമോവിന്റെ കിക്ക് ബംഗളൂരുവിന്റെ വിശ്വസ്ത ഗോൾകീപ്പർ ഗുർപ്രീതിന് ഒരവസരവും നൽകാതെ സുന്ദരമായി പോസ്റ്റിന്റെ വലതുമൂലയിലേക്ക് വളഞ്ഞുകയറി. കളിയുടെ അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ബംഗളൂരു താരങ്ങൾ എതിർബോക്സിലേക്ക് നിരന്തരം റെയ്ഡ് നടത്തിയെങ്കിലും ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.