കൊച്ചി: ഐ.എസ്.എല്ലിന്റെ ഭാവി തുലാസിലാടുമ്പോൾ സ്വന്തം ഭാവി നോക്കി കൂടുതൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പുറത്തേക്ക്. സ്റ്റാർ സ്ട്രൈക്കറായ നോഹ സദോയിയാണ് കളംവിടുന്നത്. ലോൺ അടിസ്ഥാനത്തിൽ വിദേശ ക്ലബിലേക്കാണ് മൊറോക്കൻ താരമായ നോഹ പോവുന്നത്. വ്യാഴാഴ്ച ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും സമാനമായി ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബിലേക്ക് ചേക്കേറിയിരുന്നു.
നോഹയും ക്ലബും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് താരം മടങ്ങുന്നതെന്നും 2025-26 സീസണിൽ വിദേശ ക്ലബിനുവേണ്ടി കളിക്കുമെന്നും ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 2024 ജൂലൈയിൽ മഞ്ഞപ്പടക്കൊപ്പം ചേർന്ന നോഹ ഇക്കഴിഞ്ഞ സീസണിൽ മാത്രം 19 മത്സരങ്ങളിൽ മാറ്റുരക്കുകയും ഏഴ് ഗോളുകൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.
തീരുമാനം ഹൃദയഭാരത്തോടെയുള്ളതാണെന്ന് നോഹ വ്യക്തമാക്കി. തന്റെ ജീവിതം സമർപ്പിച്ച കായിക വിനോദത്തിന് ഒരു വിരാമമിടുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഐ.എസ്.എൽ നിർത്തിവെച്ചതിനാലാണ് പോകുന്നതെന്നും താരം സൂചിപ്പിച്ചു. ഇത് എന്നെന്നേക്കുമായി വിടപറയലല്ല, ‘ഉടൻ കാണാം’ എന്ന വാഗ്ദാനത്തോടെയാണ് താൻ പോകുന്നത്. സ്നേഹവും പ്രതീക്ഷയും കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന വാഗ്ദാനവും നൽകി പോകുകയാണെന്നും ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.