‘ആശുപത്രിയിലെ ദൃശ്യങ്ങൾ ഭയാനകം’; ഗസ്സയിലേക്കുള്ള സഹായം അനുവദിക്കണമെന്ന് സലാഹ് - വിഡിയോ

ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ ഉടൻ അനുവദിക്കണമെന്ന് ലോക പ്രശസ്ത ഫുട്ബാൾ താരം മുഹമ്മദ് സലാഹ് അഭ്യർത്ഥിച്ചു. ഇസ്രായേൽ വ്യോമാക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സംഭാവന നൽകിയതിന് പിന്നാലെയാണ് ലിവർപൂൾ-ഈജിപ്ത് മുന്നേറ്റ താരം അഭ്യർഥനയുമായി എത്തിയത്. ഈജിപ്ഷ്യൻ റെഡ് ക്രസന്റിനാണ് താരം ഭീമൻ തുക സംഭാവന നൽകിയത്. .

തന്റെ സമൂഹ മാധ്യമ പ്രൊഫൈൽ ഉപയോഗിച്ച് ഇസ്രായേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് അഭിപ്രായം പറയാത്തതിന് സലാഹ് ഈജിപ്തിൽ വിമർശനം നേരിട്ടിരുന്നു, എന്നാൽ ബുധനാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ, “നിരപരാധികളായ ജനങ്ങളെ കശാപ്പ് ചെയ്യുന്നത് തടയാനും ഗാസയിലെ ജനങ്ങൾക്ക് അടിയന്തിര സഹായം ലഭ്യമാക്കാനും’’ ലോക നേതാക്കളോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

“ഇതുപോലുള്ള സമയങ്ങളിൽ സംസാരിക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ല, വളരെയധികം ആക്രമണങ്ങളും ഹൃദയഭേദകമായ ക്രൂരതയും നടന്നിട്ടുണ്ട്, അസഹനീയമാണ് കാര്യങ്ങള്‍. എല്ലാ ജീവിനുകളും പവിത്രമാണ്, അവ സംരക്ഷിക്കപ്പെടണം”-സലാഹ് പറഞ്ഞു. “കൊലപാതകങ്ങൾ അവസാനിപ്പിക്കണം. കുടുംബങ്ങൾ ശിഥിലമാകുകയാണ്. ഗസ്സയിലേക്കുള്ള മാനുഷിക സഹായം ഉടൻ അനുവദിക്കണം എന്നതാണ് ഇപ്പോൾ മനസിലാകുന്നത്. അവിടെയുള്ള ആളുകൾ ഭയാനകമായ അവസ്ഥയിലാണ്. ഇന്നലെ രാത്രി ആശുപത്രിയിലെ ദൃശ്യങ്ങൾ ഭയാനകമായിരുന്നു. നിരപരാധികളായ ജീവനുകളെ കൂടുതൽ കശാപ്പ് ചെയ്യുന്നത് തടയാനായി ഒരുമിക്കാൻ ഞാൻ ലോക നേതാക്കളോട് ആഹ്വാനം ചെയ്യുന്നു. മനുഷ്യത്വം ജയിക്കണം. ” -സലാഹ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ഗസ്സയിലെ മരണസംഖ്യ 3,478 ആണ്. പരിക്കേറ്റവരുടെ എണ്ണം 12,065 ആയി. തകർന്ന ​കെട്ടിടാവശിഷ്​ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നവർ ചുരുങ്ങിയത്​ 1200-ലേറെ വരും. അവരിൽ 600ൽ അധികവും കുട്ടികളാണ്. എന്നിട്ടും ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും ബോംബർ വിമാനങ്ങൾ തീതുപ്പുന്നത്​ തുടരുകയാണ്​.

Tags:    
News Summary - Mohamed Salah calls for aid to be allowed into Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.