മൂന്നുവട്ടം വഴിയൊരുക്കി സലാഹ്, ആൻഡി ഹീറോ...; മിന്നുംജയത്തിലേക്ക് പൊരുതിക്കയറി ലിവർപൂൾ

ലണ്ടൻ: മൂന്നു ഗോളുകൾക്ക് വഴിയൊരുക്കി മുഹമ്മദ് സലാഹ്. നായകവേഷത്തിൽ എതിരാളികളുടെ വല കുലുക്കി ആൻഡി റോബർട്സണിന്റെ ഹീറോയിസം. മൊളിന്യൂ സ്റ്റേഡിയത്തിൽ തളരാതെ പടനയിച്ച് ലിവർപൂൾ പൊരുതിക്കയറിയെത്തിയത് പോയന്റ് പട്ടികയുടെ മുകളിലേക്ക്. വൂൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ ഒരു ഗോളിനുപിന്നിട്ടുനിന്നശേഷം അവസാന ഘട്ടത്തിൽ നേടിയ രണ്ടുഗോളുകൾ ചെങ്കുപ്പായക്കാർക്ക് ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്ബാളിൽ 3-1ന്റെ മിന്നുന്ന ജയവും വിലപ്പെട്ട മൂന്നു പോയന്റുകളും സമ്മാനിച്ചു.

സ്വന്തം തട്ടകത്തിൽ ഏഴാം മിനിറ്റിൽ ഹ്വാങ് ഹീ ചാനിലൂടെ ലീഡ് നേടിയ വൂൾവർഹാംപ്ടണിനെതിരെ രണ്ടാം പകുതിയിൽ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു യുർഗൻ ക്ലോപ്പി​ന്റെ കുട്ടികൾ. 55-ാം മിനിറ്റിൽ കോഡീ ഗാക്പോയുടെ ഗോളിൽ ഒപ്പംപിടിച്ച ലിവർപൂളിനെ 85-ാം മിനിറ്റിൽ റോബർട്സണാണ് മുന്നിലെത്തിച്ചത്. 91-ാം മിനിറ്റിൽ ഹാർവി എലിയറ്റിന്റെ ഷോട്ട് പോസ്റ്റിലുരുമ്മി വലയിലെത്തിയതിനിടെ എതിർതാരം ഹ്യൂഗോ ബ്യൂനോയുടെ കാലിലുരുമ്മിയതിനാൽ സെൽഫ് ഗോളായാണ് കണക്കിലെഴുതിയത്.

ആദ്യപകുതിയിലെ അൽപവേളകളൊഴിച്ചുനിർത്തിയാൽ കളിയിൽ ലിവർപൂളിന്റെ ആധിപത്യമായിരുന്നു. മത്സരത്തിൽ 66 ശതമാനം സമയവും പന്ത് കൈവശം വെച്ച സലാഹും കൂട്ടരും 16 ഷോട്ടുകളാണ് വല ലക്ഷ്യമിട്ട് പറത്തിയത്. രണ്ടാം പകുതിയിൽ ആക്രമണം മാത്രം അജണ്ടയിലുൾപ്പെടുത്തിയിറങ്ങിയ ക്ലോപ്പിന്റെ കുട്ടികൾ ഇടതടവില്ലാതെ ഇരച്ചുകയറി ലക്ഷ്യം കരഗതമാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ കോച്ച് നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകളും കുറിക്കുകൊണ്ടു. രണ്ടാംപകുതിയിൽ സ്വന്തം ഹാഫിലേക്ക് പിൻവലിഞ്ഞ വൂൾവ്സ് താരങ്ങൾ പ്രത്യാക്രമണങ്ങൾക്ക് കാര്യമായ കോപ്പുകൂട്ടാതിരുന്നതും ലിവർപൂളിന് സഹായകമായി.

ആതിഥേയ നിരയിൽ നിറഞ്ഞുകളിച്ച ഏഴാംനമ്പറുകാരൻ പെഡ്രോ നെറ്റോയാണ് ആദ്യഗോളിന് വഴിയൊരുക്കിയത്. ഇടതുവിങ്ങിലൂടെ പന്തുമായിക്കുതിച്ച് ലിവർപൂൾ താരങ്ങളെ ​സ്റ്റെപ്പോവറിലൂടെ കടന്നുകയറിയ നെറ്റോ നൽകിയ പാസിലാണ് ഹ്വാങ് ഹീ ചാൻ അലിസൺ ബക്കറെ നിസ്സഹായനാക്കി നിറയൊഴിച്ചത്.

ഗോൾ വീണിട്ടും അലസരായി കാണപ്പെട്ട ലിവർപൂൾ താരങ്ങൾക്കുമേൽ ആദ്യപകുതിയിൽ ആതിഥേയർക്കുതന്നെയായിരുന്നു മുൻതൂക്കം. എന്നാൽ, രണ്ടാംപകുതിയിൽ കഥ മറ്റൊന്നായി. ഇടവേള കഴിഞ്ഞ് മത്സരം അഞ്ചുമിനിറ്റ് പിന്നിടവേ, ഡി​യഗോ ജോട്ടയിൽനിന്ന് പന്തുവാങ്ങി വലതുവിങ്ങിലൂടെ സലാഹിന്റെ കുതിപ്പ്. സമാന്തരമായി ബോക്സിനുള്ളിൽ ഓടിക്കയറിയ ഗാക്പോയിലേക്ക് സലാഹിന്റെ അളന്നുകുറിച്ച മനോഹരപാസ്. തന്നെ ഇടംവലം നോട്ടമിട്ട ഡിഫൻഡർമാക്കിടയിൽനിന്ന് ഡച്ച് സ്ട്രൈക്കർ ഉടനടി പന്ത് വലയിലേക്ക് തള്ളിയപ്പോൾ ഗോളി ജോ സാക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ലീഡ് നഷ്ടമായിട്ടും തിരിച്ചുപിടിക്കാനുറച്ച് വൂൾവർ കയറിയെത്തിയില്ല. ലിവർപൂളാകട്ടെ, ആക്രമണം തുടർന്നു. ഏതുനിമിഷവും വല കുലുങ്ങു​മെന്ന തോന്നൽ യാഥാർഥ്യമാവാൻ 85-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നുവെന്ന് മാത്രം. അതിനുള്ള നിയോഗമാകട്ടെ, തന്റെ 200-ാമത് പ്രീമിയർ ലീഗ് മത്സരം കളിക്കുന്ന റോബർട്സണിനും. വിർജിൽ വാൻഡൈക് കളിക്കാനിറങ്ങാത്തതിനാൽ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞായിരുന്നു റോബർട്സണിന്റെ ഗോൾനേട്ടം. മധ്യനിരയിൽനിന്ന് പന്തെടുത്ത് കുതിച്ച് അത് സലാഹിന് കൈമാറിയശേഷം ക്ഷണത്തിൽ ക്ലോസ്റേഞ്ചിലേക്ക് ഓടിക്കയറുകയായിരുന്നു റോബർട്സ്ൺ.  ഇക്കുറിയും വലതു വിങ്ങിൽനിന്ന് സലാഹിന്റെ പിൻപോയന്റ് പാസ്.

കളി ഇഞ്ചുറിടൈമിലേക്ക് മുന്നേറിയതിനുപിന്നാലെ മൂന്നാംഗോളുമടിച്ച് വൂൾവ്സിന്റെ തിരിച്ചുവരവ് പ്രതീക്ഷകളെ ലിവർപൂൾ തല്ലിക്കെടുത്തി. ഡാർവിൻ നൂനെസ് നൽകിയ പാസിൽ പന്തെടുത്ത് വീണ്ടും സലാഹിന്റെ കരുനീക്കം. ആദ്യഷോട്ട് എതിർഡിഫൻഡറുടെ ദേഹത്തുതട്ടി വീണ്ടും തന്നിലേക്കെത്തിയപ്പോൾ ഈജിപ്തുകാരൻ പന്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന എലിയറ്റിന് തട്ടിനീക്കി. എലിയറ്റിന്റെ നിലംപറ്റെയുള്ള ഷോട്ട് ബ്യൂണോയുടെ കാലിൽതട്ടി വലതുപോസ്റ്റിലുരുമ്മിയശേഷം സമാന്തരമായി സഞ്ചരിച്ച് മറുഭാഗത്ത് ഗോൾലൈൻ കടന്നു. പന്ത് വലയിലേക്ക് ഉരുണ്ടുകയറുന്നത് നോക്കി നിൽക്കാനേ ജോസ് സാക്ക് കഴിഞ്ഞുള്ളൂ. ഗോൾനേട്ടം കാണികളുടെ അരികിലെത്തി ആഘോഷമാക്കിയെങ്കിലും ബ്യൂണോയുടെ സെൽഫ് ഗോളായാണ് അക്കൗണ്ടിൽ ഇടംപിടിച്ചത്. സെൽഫ് ഗോളായി വിധിയെഴുതിയതോടെ സലാഹിന്റെ അസിസ്റ്റും കണക്കിലുണ്ടായില്ല. ജയത്തോടെ അഞ്ചു കളികളിൽ 13 ​പോയന്റുമായി മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പോയന്റ് പട്ടികയിൽ മുന്നിലാണ് ലിവർപൂൾ.

Tags:    
News Summary - Mohamed Salah and Captain Andy Robertson heroes in Liverpool's comeback win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.