തിരുവനന്തപുരം: അർജന്‍റീന ഫുട്ബാൾ ടീം കേരളത്തിലെത്തുമെന്ന അവകാശവാദവുമായി വീണ്ടും കായികമന്ത്രി വി. അബ്ദുറഹിമാൻ. അർജന്‍റീന ടീം മാർച്ചിൽ കേരളത്തിലെത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നുവെന്നും അർജ എ.എഫ്.എ ഉടൻ പ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് നടന്ന കായിക വിഷൻ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രണ്ടു ദിവസങ്ങൾക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട് അർജന്‍റീന ഫുട്ബാൾ അസോസിയേഷന്‍റെ മെയിൽ വന്നു. മാർച്ചിൽ വരുമെന്നും അടുത്ത ദിവസം തന്നെ അതിന്‍റെ പ്രഖ്യാപനം നടത്താമെന്നും അവർ അറിയിച്ചു. അത് പുറത്തുവിടാത്തത് അവരുമായി ചർച്ച ചെയ്ത് ഡേറ്റ് ഉറപ്പിക്കേണ്ടതുണ്ട്. 15 ദിവസത്തിനകം സ്റ്റേഡിയത്തിന് ഫിഫ അംഗീകാരം ലഭിക്കും -മന്ത്രി പറഞ്ഞു.
ഏതെങ്കിലും ആളുകളുടെ കുറവായിട്ടും ഓവർ സ്മാർട്ടായിട്ടും ഇതിനെ കാണേണ്ട കാര്യമില്ല. ഒരു വിൻഡോയിൽ വരുന്ന മാറ്റമാണ്. സ്പോർട്സ് ആകുമ്പോൾ സെൽഫ് ഗോളും പെനാൽറ്റിയും ഗോളുമെല്ലാമുണ്ടാകും. അതിനെ പൊതുസമൂഹം ആ രീതിയിൽ തന്നെ എടുക്കണം. ഇതിന് എടുത്ത പരിശ്രമത്തെ കാണുക. ഇതിൽ മറ്റൊരു താൽപര്യവും ആർക്കുമില്ല. മെസ്സി വന്ന് കളിക്കുക എന്നത് എല്ലാവരുടെയും താൽപര്യമാണ്. ഒരു ഡേറ്റ് മാറി എന്നതുകൊണ്ട് അതിന്‍റെ മുഴുവൻ ഉത്തരവാദത്തം ഇതിന് തയാറെടുത്തവരുടെ തലയിൽവെച്ച് തരിക എന്നത് ശരിയായ രീതിയല്ല -മന്ത്രി വ്യക്തമാക്കി.
അർജന്‍റീന ടീം കഴിഞ്ഞ മാസം കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ മന്ത്രിയും ബന്ധപ്പെട്ടവരും അറിയിച്ചിരുന്നത്. തുടർന്ന് സ്റ്റേഡിയം നവീകരണം അടക്കം ആരംഭിച്ചിരുന്നു. കരാറിൽ ഒപ്പിടുകയും പണം കൈമാറുകയും ചെയ്തിരുന്നു. ആ സമയത്ത് വരാനാവില്ലെന്ന് അർജന്റീന അറിയിച്ചതോടെ പിന്മാറുകയല്ലാതെ മറ്റ് പോംവഴികളില്ലായിരുന്നു എന്നാണ് അന്ന് മന്ത്രി പറഞ്ഞത്. എന്നാൽ, കേരള സർക്കാറാണ് കരാർ ലംഘിച്ചതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ തങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അർജന്റീന ഫുട്ബാൾ അസോസിയേഷൻ ചീഫ് മാർക്കറ്റി് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.