യുനൈറ്റഡിന് ഈസ്റ്റ് ബംഗാളിനോട് മമത; മധ്യസ്ഥനായി 'മഹാരാജാവ്'

കൊൽക്കത്ത: പ്രതിസന്ധിയിൽ തുടരുന്ന കൊൽക്കത്ത ഈസ്റ്റ് ബംഗാൾ എസ്.സിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ് വാങ്ങിയേക്കുമെന്ന വാർത്തകൾക്ക് മധ്യസ്ഥനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ സ്ഥിരീകരണം. ഇത്തരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും രണ്ടാഴ്ചക്കകം വ്യക്തമായ ചിത്രം ലഭിക്കുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ പറഞ്ഞു.

ഈസ്റ്റ് ബംഗാളിൽ യുനൈറ്റഡിന് നിക്ഷേപം നടത്താനാണോ പദ്ധതിയെന്ന ചോദ്യത്തിന് ഉടമസ്ഥത തന്നെ കൈമാറാനാണ് ശ്രമമെന്ന് സ്വകാര്യ ചടങ്ങിൽ സംബന്ധിക്കവെ ഗാംഗുലി മറുപടി നൽകി. കുറച്ചുസമയം കൂടി എടുക്കും. വ്യക്തമായി കാര്യങ്ങൾ പറയാനാവുന്ന ഘട്ടം എത്തേണ്ടതുണ്ട്. എന്നിട്ട് കൂടുതൽ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിലെ ബസുന്ധര ഗ്രൂപ്പുമായും ഈസ്റ്റ് ബംഗാൾ അസോസിയേഷൻ ചർച്ചകൾ നടത്തിയെങ്കിലും എവിടെയുമെത്തിയില്ല. നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലബ് വർഷങ്ങളായി പ്രതിസന്ധിയിലാണ്. പലരും ഏറ്റെടുത്തെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചുപോയി. ഇതിനിടെ, മോഹൻ ബഗാൻ ഐ.എസ്.എൽ ഫ്രാഞ്ചൈസിയായ എ.ടി.കെയിൽ ലയിച്ചു. ഇവർ ഒരുമിച്ച് ഐ.എസ്.എല്ലിലെത്തിയ 2020-21 സീസണിൽത്തന്നെ അവസാന നിമിഷം ഈസ്റ്റ് ബംഗാളിനും പ്രവേശനം ലഭിച്ചു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അഭ്യർഥന പ്രകാരം ശ്രീ സിമന്റ് ലിമിറ്റഡ് ഈസ്റ്റ് ബംഗാളിനെ രക്ഷിക്കാനെത്തിയതോടെയാണിത്. 76 ശതമാനം ഓഹരി ഇവർ വാങ്ങിയിരുന്നു. എന്നാൽ, ചില കാരണങ്ങളാൽ അന്തിമ കരാറിൽ ഒപ്പുവെക്കാൻ ഈസ്റ്റ് ബംഗാൾ അസോസിയേഷൻ തയാറായില്ല. ക്ലബും ശ്രീ സിമന്റ് ലിമിറ്റഡും തമ്മിലുള്ള ബന്ധം ഏപ്രിലിൽ അവസാനിച്ചിരുന്നു.

Tags:    
News Summary - Manchester united to own East Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.