ഗുഡിസൺ പാർക്കിൽ യുനൈറ്റഡിന് ആശ്വാസ സമനില; തിരിച്ചുവരവ് എവർട്ടണോട് രണ്ടു ഗോളിന് പിന്നിൽപോയശേഷം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണോട് രണ്ടു ഗോളിന് പിന്നിൽപോയശേഷം സമനില പിടിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. എവർട്ടണിന്‍റെ തട്ടകമായ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി പിരിഞ്ഞു.

എവർട്ടണായി ബെറ്റോയും ഡൊകൂറെയും വലകുലുക്കി. ബ്രൂണോ ഫെർണാണ്ടസ്, മാനുവൽ ഉഗാർതെ എന്നിവരാണ് യുനൈറ്റഡിന്‍റെ സ്കോറർമാർ. ആദ്യ പകുതിയിൽ താളം കണ്ടെത്താൻ പാടുപെടുന്ന യുനൈറ്റഡിനെയാണ് കണ്ടത്. എവർട്ടൺ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞു. 19ാം മിനുറ്റിൽ അതിനുള്ള ഫലവും കിട്ടി. കോർണറിൽനിന്നുള്ള പന്താണ് കൂട്ടപൊരിച്ചിലിനൊടുവിൽ ബെറ്റോ വലയിലാക്കിയത്. മോയെസ് പരിശീലകനായി എത്തിയശേഷം താരത്തിന്‍റെ അഞ്ചാം ഗോളാണിത്. 33ാം മിനിറ്റിൽ ഡൊകൂറെ ലീഡ് വർധിപ്പിച്ചു. ജാക് ഹാരിസണിന്‍റെ ഷോട്ട് ആന്ദ്രെ ഒനാന തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പന്ത് ഹെഡ്ഡറിലൂടെ ഡോകൂറെ വലയിലാക്കി. 2-0 എന്ന സ്കോറിനാണ് ഇടവേളക്കു പിരിഞ്ഞത്.

രണ്ടാം പകുതിയിലും കളി ആതിഥേയരൂടെ കാലിൽ തന്നെയായിരുന്നു. 72ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ഫ്രീകിക്കിലൂടെ ഒരു ഗോൾ മടക്കിയതോടെ യുനൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചെത്തി. ഇതിനിടെ യുവ സ്ട്രൈക്കർ ചിദോ ഒബിയെ പരിശീലകൻ റൂബൻ അമോറീം കളത്തിൽ എത്തിച്ചു. നിശ്ചിത സമയം അവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ഉഗാർതെ ടീമിന്‍റെ സമനില ഗോൾ നേടുന്നത്. യുനൈറ്റഡിനായി താരത്തിന്‍റെ ആദ്യ ഗോളാണിത്.

ഇൻജുറി ടൈമിൽ എവർട്ടണ് അനുകൂലമായി ഒരു പെനാൽട്ടി വിധിച്ചെങ്കിലും വാർ പരിശോധനയിൽ നിഷേധിച്ചു. 26 മത്സരങ്ങളിൽനിന്ന് 30 പോയന്‍റുമായി ലീഗിൽ 15ാം സ്ഥാനത്തു തന്നെയാണ് യുനൈറ്റഡ്. 31 പോയന്‍റുള്ള എവർട്ടൺ 14ാം സ്ഥാനത്തും. 61 പോയന്‍റുള്ള ലിവർപൂളാണ് ഒന്നാമത്.

Tags:    
News Summary - Manchester United staged a late comeback to earn a dramatic draw at Everton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.