പെനാൽറ്റി ഗോളിന് ഇൻജുറി ടൈമിൽ മറുപടി; മാഞ്ചസ്റ്റർ യുനൈറ്റഡ്-ചെൽസി പോരാട്ടം സമനിലയിൽ (1-1)

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരുടെ പോരാട്ടം സമനിലയിൽ. മാഞ്ചസ്റ്റർ യുനൈറ്റഡും ചെൽസിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

ചെൽസിക്കുവേണ്ടി ഇറ്റാലിയൻ താരം ജോർഗീനോയും യുനൈറ്റഡിനുവേണ്ടി ബ്രസീലിയൻ താരം കാസെമിറോയുമാണ് ഗോൾ നേടിയത്. ചെൽസിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി 87ാം മിനിറ്റിൽ ജോർഗീനോ അനായാസം യുനൈറ്റഡിന്‍റെ വലയിലെത്തിച്ചു.

സമനില ഗോളിനായി യുനൈറ്റഡ് താരങ്ങൾ ഉണർന്നു കളിച്ചതോടെ ഇൻജുറി ടൈമിൽ ഫലംകണ്ടു. പ്രതിരോധ താരം ലൂക്ക് ഷാ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് കാസെമിറോ ഹെഡിലൂടെ വലയിലെത്തിച്ചു. ലീഗിൽ പോയിന്‍റ് പട്ടികയിൽ ചെൽസി നാലാം സ്ഥാനത്തും യുനൈറ്റഡ് അഞ്ചാം സ്ഥാനത്തുമാണ്.

ചെൽസിക്ക് 11 മത്സരങ്ങളിൽനിന്നായി ആറു വിജയവും മൂന്നു സമനിലയും രണ്ടു തോൽവിയുമായി 21 പോയിന്‍റാണുള്ളത്. യുനൈറ്റഡിന് ഇത്രയും മത്സരങ്ങളിൽ ആറു ജയവും രണ്ടു സമനിലയും മൂന്നു തോൽവിയുമായി 20 പോയിന്‍റും. ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിന് 10 മത്സരങ്ങളിൽനിന്നായി 27 പോയിന്‍റുണ്ട്

Tags:    
News Summary - Manchester United-Chelsea draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.