ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് ഇപസിച്ച് ടൗണിനെതിരെ സിറ്റി ജയിച്ച് കയറിയത്. ഇംഗ്ലീഷ് മുന്നേറ്റക്കാരൻ ഫിൽ ഫോഡൻ രണ്ടെണ്ണം ഗോൾ പോസ്റ്റിലെത്തിച്ചപ്പോൾ സൂപ്പർതാരം എർലിങ് ഹാലൻഡ് ഒരു ഗോൾ സ്വന്തമാക്കി. കൊവാസിച്, ജെറമി ഡോക്കു, ജെയിംസ് മക്കാറ്റി എന്നിവരും സ്കോർ ബോർഡിൽ ഇടംനേടി.
27ാം മിനിറ്റിലായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. ഫോഡനായിരുന്നു ഗോൾ സ്കോറർ. പിന്നാലെ കൊവാചിചിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഫോഡൻ വീണ്ടും ഗോൾ നേടി. ആദ്യ പകുതി 3-0 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിലും സിറ്റി കൃത്യമായ ആധിപത്യം തുടരുകയായിരുന്നു.
രണ്ടാം പകുതിയിലെ നാലാം മിനിറ്റിൽ തന്നെ ഗോൾ നേടി ഡോക്കുവും ഗോളടി മേളയിൽ തന്‍റെ പങ്ക് അടയാളപ്പെടുത്തി. 57ാം മിനിറ്റിലായിരുന്നു സൂപ്പർതാരം ഹാലൻഡിന്‍റെ ഗോൾ. 69ാം മിനിറ്റിൽ മക്കാറ്റ് ആറാം ഗോളും നേടി സിറ്റിക്ക് വമ്പൻ വിജയം നേടികൊടുത്തു. സീസണിൽ ഇടക്കാലത്ത് പിന്നിൽ പോയ ഗ്വാർഡിയോളയും കൂട്ടരും വമ്പൻ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് നിലവിൽ കാണാൻ സാധിക്കുന്നത്. ഈ വിജയത്തോടെ 38 പോയിന്‍റുമായി പ്രീമിയർ ലീഗ് പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കെത്തി. 50 പോയിന്‍റുമായി ലിവർപൂളാണ് ഒന്നാം സ്ഥാനത്ത് ആഴ്സനൽ 44 പോയിന്‍റുമായി രണ്ടാം സ്ഥാനത്തും അതേ പോയിന്‍റുമായി മൂന്നാമത് നോട്ടിങ്ഹാം ഫോറസ്റ്റുമുണ്ട്.
അതേസമയം മറ്റൊരു മത്സരത്തിൽ ബ്രൈറ്റണോട് മാഞ്ചസ്റ്റർ യുനൈറ്റഡ് തോറ്റു. ഒന്നിനനെതിരെ മൂന്ന് ഗോളാണ് ബ്രൈറ്റൺ യുണൈറ്റഡിന്‍റെ പോസ്റ്റിൽ അടിച്ചുകയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.