ലണ്ടൻ: പ്രിമിയർ ലീഗിൽ ഇത്തവണ മാഞ്ചസ്റ്റർ സിറ്റിയെ കടന്ന് കിരീടവുമായി മടങ്ങാമെന്ന് ഇനിയും സ്വപ്നങ്ങൾ ബാക്കിവെച്ചവർ ഉണ്ടാകുമോയെന്നറിയില്ല. ലീഗിൽ 29 മത്സരങ്ങൾ പൂർത്തിയാക്കിയ സിറ്റി 14 പോയിന്‍റിന്‍റെ അജയ്യ ലീഡുമായി ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിൽ. സതാംപ്ടണെയായിരുന്നു ബുധനാഴ്ച 5-2ന് മറികടന്നത്.
റിയാദ് മെഹ്റസും കെവിൻ ഡി ബ്രുയിനും ഇരട്ട ഗോളുമായി നിറഞ്ഞ മത്സരത്തിൽ 14ാമതുള്ള സതാംപ്ടണ് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. ഞായറാഴ്ച മാഞ്ചസ്റ്റർ നാട്ടങ്കത്തിൽ യുനൈറ്റഡിനു മുന്നിൽ വീണതിന്‍റെ ക്ഷീണം തീർത്ത പ്രകടനമായിരുന്നു ബുധനാഴ്ച സ്വന്തം കളിമുറ്റത്ത് സിറ്റി പുറത്തെടുത്തത്. 15ാം മിനിറ്റിൽ ഡിബ്രുയിൻ തുടങ്ങിയ ഗോൾവേട്ട അതിവേഗം മെഹ്റസും ഗുണ്ടൊഗനും ഏറ്റെടുത്തതോടെ ആദ്യ പകുതിയിൽ തന്നെ ലീഡ് കുത്തനെ ഉയർന്നു. ഇരു പകുതികളിലായി വാർഡ് പ്രോവ്സും ആദംസുമാണ് സതാംപ്ടണിന് ആശ്വാസ ഗോൾ സമ്മാനിച്ചത്.
ഇനി ആറു കളികൾ കൂടി അതിവേഗം ജയിച്ച് കിരീടമുറപ്പിക്കുകയാണ് ഗാർഡിയോളക്കു മുമ്പിലെ ലക്ഷ്യം. ഇത്തവണയും ചാമ്പ്യന്മാരാകുന്നതോടെ നാലു സീസണിനിടെ സിറ്റി പൂർത്തിയാക്കുന്ന മൂന്നാം പ്രിമിയർ ലീഗ് കിരീടമാകും ഇത്.
സിറ്റിക്ക് ഫുൾഹാമുമായാണ് അടുത്ത മത്സരം. സതാംപ്ടണിന് ബ്രൈറ്റണും എതിരാളിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.