ലോകകപ്പിൽ യു.എസ് വിലക്കേർപ്പെടുത്തിയ സൊമാലിയൻ റഫറി ഒമർ അർതാൻ യുവേഫ സൂപ്പർ കപ്പ് നിയന്ത്രിക്കും

ജനീവ: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി യു.എസ് അധികൃതർ പ്രവേശന വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ഫിഫ ലോകകപ്പ് നഷ്ടമായ സൊമാലിയൻ റഫറി ഉമർ അർതാന് പകരമായി വൻ പദവി നൽകി യൂറോപ്യൻ ഫുട്ബാൾ ഭരണസമിതിയായ യുവേഫ. വരാനിരിക്കുന്ന യൂറോപ്യൻ സൂപ്പർ കപ്പ് ഫൈനൽ മത്സരം നിയന്ത്രിക്കാനുള്ള ചുമതല ഉമർ അർതാന് നൽകിയതായി യുവേഫ പ്രഖ്യാപിച്ചു. ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് യുവേഫയുടെ ഈ നിർണായക പ്രഖ്യാപനം പുറത്തുവന്നത്.

പി.എസ്.ജി - ആസ്റ്റൺ വില്ല പോരാട്ടം നിയന്ത്രിക്കും

ഓഗസ്റ്റ് 12-ന് ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടക്കുന്ന യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിലാണ് ഉമർ അർതാൻ റഫറിയാവുക. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരീസ് സെന്റ് ജെർമനും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റൺ വില്ലയും തമ്മിലാണ് ഈ വർഷത്തെ സൂപ്പർ കപ്പ് പോരാട്ടം.

ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷനും യുവേഫയും തമ്മിലുള്ള പരസ്പര സഹകരണ കരാറിന്റെ ഭാഗമായാണ് ഈ നിയമനം നടന്നിരിക്കുന്നത്. ഫുട്ബാളിലെ സമത്വവും വിവേചനമില്ലായ്മയും ഉയർത്തിപ്പിടിക്കാനാണ് യുവേഫ ഇതിലൂടെ ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഉമർ അർതാൻ പ്രായത്തിൽ ചെറുതാണെങ്കിലും ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ നിയന്ത്രിച്ച് കരിയറിൽ മികവ് തെളിയിച്ച മികച്ച റഫറിയാണ്. ഫുട്ബാൾ മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കാനുള്ളതാണ്. ഉമറിന്റെ കഴിവിനോടുള്ള ആദരസൂചകമായാണ് ഈ അഭിമാനകരമായ ചുമതല അദ്ദേഹത്തെ ഏൽപ്പിക്കുന്നത് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ വ്യക്തമാക്കി.

അർതാൻ സൊമാലിയക്കും ആഫ്രിക്കൻ ഭൂഖണ്ഡത്തിനും വലിയ അഭിമാനമാണ് ഉണ്ടാക്കിയതെന്ന് സി.എ.എഫ് പ്രസിഡന്റ് പാട്രിസ് മോട്സെപെയും പ്രതികരിച്ചു. 2025-ലെ ആഫ്രിക്കയിലെ മികച്ച പുരുഷ റഫറിയായി തെരഞ്ഞെടുക്കപ്പെട്ടത് അർതാൻ ആയിരുന്നു.

വിലക്കിന് പിന്നിൽ യു.എസിന്റെ ഭീകരവാദ ആരോപണം

കഴിഞ്ഞ ശനിയാഴ്ച മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഉമർ അർതാനെ യു.എസ് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതും രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയതും. അർതാന് ചില ഭീകര സംഘടനകളിലെ സംശയാസ്പദമായ വ്യക്തികളുമായി ബന്ധമുണ്ടെന്നായിരുന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ആരോപണം. യു.എസ് പ്രവേശന അനുമതി നിഷേധിച്ചതിന് പിന്നാലെ ഫിഫയും അദ്ദേഹത്തെ ലോകകപ്പ് റഫറിമാരുടെ പാനലിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിലെ 52 അംഗ റഫറിമാരുടെ പട്ടികയിൽ അർതാൻ ഇടംപിടിച്ചത് സൊമാലിയൻ ജനതയ്ക്ക് വലിയ ആവേശമായിരുന്നു നൽകിയിരുന്നത്.

നാട്ടിൽ ഹീറോ പരിവേഷം; ലക്ഷ്യം 2030 ലോകകപ്പ്

യു.എസിന്റെ വിലക്കിനെ തുടർന്ന് ബുധനാഴ്ച സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ തിരിച്ചെത്തിയ ഉമർ അർതാന് വൻ സ്വീകരണമാണ് രാജ്യം നൽകിയത്. രാജ്യത്തെ ജനങ്ങളും കായികപ്രേമികളും അദ്ദേഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നിലവിലെ പ്രതിസന്ധികളിൽ തളരില്ലെന്നും വരാനിരിക്കുന്ന 2030 ലെ ലോകകപ്പിൽ താൻ മത്സരം നിയന്ത്രിക്കുമെന്നും അർതാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - Somali referee banned by US to officiate European Super Cup, UEFA says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.