കാനഡ താരങ്ങൾ പരിശീലനത്തിൽ
ടൊറന്റോ (കാനഡ): ലോകകപ്പ് ഗ്രൂപ് ബി പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം. ഇന്ന് രാത്രി ഇന്ത്യൻ സമയം അർധ രാത്രി 12.30ന് ആതിഥേയരായ കാനഡയും ബോസ്നിയ ഹെർസഗോവിനയും ഏറ്റുമുട്ടും. കാനഡയുടെ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ലോകകപ്പ് മത്സരമെന്ന പ്രത്യേകതയും കളിക്കുണ്ട്. ഖത്തറും സ്വിറ്റ്സർലൻഡുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ആയതിനാൽ ജയത്തിൽ കുറഞ്ഞൊന്നും കാനഡയും ബോസ്നിയയും ആഗ്രഹിക്കുന്നില്ല.
മുമ്പ് രണ്ടുതവണ മാത്രമാണ് കാനഡ ലോകകപ്പ് കളിച്ചത് 1986ലും 2022ലും. ഗ്രൂപ് റൗണ്ടിലെ ആകെ ആറ് കളികളിലും തോൽക്കാനായിരുന്നു വിധി. ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ജയം സ്വന്തം കാണികൾക്ക് മുന്നിൽ നേടാമെന്ന പ്രതീക്ഷയാണ് ടൊറന്റോ സ്റ്റേഡിയത്തിലിറങ്ങുന്ന സംഘത്തിനുള്ളത്. ജെസ്സി മാർഷ് പരിശീലിപ്പിക്കുന്ന ടീം കഴിഞ്ഞ എട്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. ഫിഫ റാങ്കിങ്ങിൽ 30ാം സ്ഥാനത്തുള്ള കാനഡക്ക് പരിക്കാണ് പ്രധാന വില്ലൻ. സ്റ്റാർ ലെഫ്റ്റ് ബാക്കായ അൽഫോൺസോ ഡേവീസ് ഇന്നത്തെ കളിക്കുണ്ടാവില്ല. മിഡ്ഫീൽഡർ മാഴ്സെലോ ഫ്ലോറസും പുറത്താണ്. സെന്റർ ബാക്കായ മോയിസ് ബോംബിറ്റോ ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും ആദ്യ കളിയിൽ ഇറങ്ങുമോയെന്ന് ഉറപ്പില്ല. സ്വിറ്റ്സർലൻഡാണ് ബിയിലെ ഏറ്റവും കരുത്തർ. അവരെ മറികടന്ന് ഗ്രൂപ്പിൽ ഒന്നാമതാവാൻ കാനഡക്ക് വിയർക്കേണ്ടിവരും.
2014നുശേഷം വീണ്ടും ലോകകപ്പിനെത്തുന്ന ബോസ്നിയക്ക് അമിത പ്രതീക്ഷകളില്ലെങ്കിലും ഗ്രൂപ്പിൽ അത്ഭുതങ്ങൾ കാണിക്കുമോയെന്ന ആശങ്ക എതിരാളികൾക്കുണ്ട്. യോഗ്യത നേടിയ വഴികൾ നോക്കുമ്പോൾ ഇവരെ കരുതിയിരിക്കണം. യോഗ്യതാ േപ്ല ഓഫ് സെമി ഫൈനലിൽ വെയ്ൽസിനെയും ഫൈനലിൽ ഇറ്റലിയെയും ഷൂട്ടൗട്ടിൽ മറിച്ചിട്ടാണ് ബോസ്നിയയുടെ വരവ്. അസൂറികൾ ഇക്കുറിയും ലോകകപ്പ് കാണാതിരിക്കാൻ കാരണക്കാർ ഇവരാണെന്ന് ചുരുക്കം. 40കാരനായ ഇതിഹാസ സ്ട്രൈക്കർ എഡിൻ സെകോ ഉൾപ്പെടുന്നതാണ് സെർജി ബാർബറേസ് പരിശീലിപ്പിക്കുന്ന ടീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.