ഹാലൻഡിന് ഹാഫ് സെഞ്ച്വറി, റെക്കോഡ്; സിറ്റി-ലിവർപൂൾ പോരാട്ടം സമനിലയിൽ

പ്രീമിയർ ലീഗിൽ കരുത്തരുടെ അങ്കം സമനിലയിൽ കലാശിച്ചു. ആദ്യ രണ്ടു സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള മത്സരം ഓരോ ഗോൾ വീതം നേടി സമിനിലയിൽ പിരിയുകയായിരുന്നു. സിറ്റിക്കായി എർലിങ് ഹാലൻഡും (27ാം മിനിറ്റിൽ) ലിവർപൂളിനായി അലക്സാണ്ടർ അർനോൾഡും (80ാം മിനിറ്റിൽ) ഗോൾ നേടി. ഒരു പോയന്‍റിന്‍റെ വ്യത്യാസത്തിൽ സിറ്റി തന്നെയാണ് പട്ടികയിൽ ഒന്നാമത്.

എതിരാളികളുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ചാമ്പ്യന്മാരെ സമനിലയിൽ തളക്കാനായതിന്‍റെ ആശ്വാസത്തിലാണ് ലിവർപൂൾ. മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ സിറ്റിക്കായിരുന്നു മേധാവിത്വം. പിന്നാലെ സന്ദർശകരും മത്സരത്തിലേക്ക് തിരിച്ചെത്തി. സ്വന്തം ആരാധകർക്കു മുന്നിൽ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. ഗോളി അലിസൺ ബെക്കറിന്‍റെ പാളിയ കിക്ക് നേരെ വന്നു വീണത് നഥാൻ അകെയുടെ കാലിൽ. രണ്ടു ലിവർപൂൾ താരങ്ങളെ മറികടന്ന് മുന്നോട്ട് കുതിച്ച താരം പന്ത് ബോക്സിനു മുന്നിലുണ്ടായിരുന്ന ഹാലൻഡിന് കൈമാറി. താരത്തിന്‍റെ ഷോട്ട് പിഴച്ചില്ല. ചാടിയ ഗോളിയുടെ കൈയിൽ തട്ടി പന്ത് പോസ്റ്റിന്‍റെ വലതുമൂലയിൽ.

ഇതോടെ ഹാലൻസിന്‍റെ പ്രീമിയർ ലീഗ് ഗോൾ നേട്ടം 48 മത്സരങ്ങളിൽനിന്ന് അമ്പതായി. ലീഗിൽ ഏറ്റവും വേഗത്തിൽ അമ്പത് ഗോൾ നേടുന്ന താരമെന്ന റെക്കോഡും നോർവീജിയൻ താരം സ്വന്തമാക്കി. മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ആൻഡ് കോളിനെയാണ് താരം മറികടന്നത്. 65 മത്സരങ്ങളിൽനിന്നാണ് കോൾ അമ്പതിൽ എത്തിയത്. പ്രീമിയർ ലീഗിൽ ലീവർപൂളിനെതിരെ ഹാലൻഡ് ആദ്യമായാണ് ഗോൾ നേടുന്നത്. താരം ഇതുവരെ നേരിട്ട ടീമുകളിൽ ഇനി ബ്രെന്‍റ്ഫോഡിനെതിരെ മാത്രമാണ് ഗോൾ നേടാനുള്ളത്. സീസണിൽ എവേ മത്സരത്തിൽ ആറാം തവണയാണ് ലിവർപൂൾ ആദ്യം ഗോൾ വഴങ്ങുന്നതും.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ലിവർപൂൾ ആക്രമണം കടുപ്പിച്ചു. ഇതിനിടെ 70ാം മിനിറ്റിൽ സിറ്റി താരം ഡയസ് വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ നിഷേധിച്ചു. അകാൻജി അലിസണെ ഫോൾ ചെയ്തതതായി കണ്ടെത്തി. ഒടുവിൽ മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കി നിൽക്കെ ഫലമുണ്ടായി. പ്രതിരോധ താരം അലക്സാണ്ടർ അർണോൾഡാണ് ലിവർപൂളിനായി സമനില ഗോൾ കണ്ടെത്തിയത്. മുഹമ്മദ് സലാ നൽകിയ പന്ത്, സിറ്റി ഗോളി എഡേഴ്സണെയും കീഴ്പ്പെടുത്തി പോസ്റ്റിന്‍റെ ഇടതുമൂലയിൽ എത്തിച്ചു. 85 മിനിറ്റിനിടെ ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ് അഞ്ചു പകരക്കാരെയും കളത്തിലിറക്കി പരീക്ഷിച്ചു.

എന്നാൽ, ഒരാളെപോലും മാറ്റി പരീക്ഷിക്കാൻ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള തയാറായില്ല. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ കോർണർ കിക്കിൽനിന്നുള്ള ഹാലൻഡിന്‍റെ ഗോൾശ്രമം. പന്ത് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്. 13 മത്സരങ്ങളിൽനിന്ന് 29 പോയന്‍റാണ് സിറ്റിക്ക്. ഇത്രയും മത്സരങ്ങളിൽനിന്ന് ലിവർപൂളിന് 28 പോയന്‍റും.

Tags:    
News Summary - Manchester City-Liverpool match tied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.