ഫ്ലുമിനൻസിന്റെ വലനിറച്ച് ക്ലബ് ലോകകപ്പും മാഞ്ചസ്റ്റർ സിറ്റിക്ക്

ജിദ്ദ: ഫ്ലുമിനൻസിനെ ഗോൾ മഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ്(4-0) ലാറ്റിനമേരിക്കൻ ക്ലബിനെ തകർത്തെറിഞ്ഞത്.

ഇരട്ടഗോൾ നേടിയ അർജന്റീനയുടെ ഹൂലിയൻ ആൽവാരസാണ് സിറ്റിയുടെ ജയം അനായാസമാക്കിയത്. ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ല്ല സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ലെ അ​ൽ​ജൗ​ഹ​റ സ്​​റ്റേ​ഡി​യ​ത്തിൽ നടന്ന കലാശപ്പോരിൽ സർവമേഖലയിലും ആധിപത്യം സിറ്റിക്കായിരുന്നു. ആൽവാരസും ഫോഡനും ബെർണാഡോ സിൽവയും ഗ്രിയാലിഷും ചേർന്ന സിറ്റിയുടെ മുന്നേറ്റനിരയെ ചെറുക്കാൻ ഫ്ലുമിനൻസിനായില്ല.  


കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഹൂലിയൻ ആൽവാരസിലൂടെ സിറ്റി ലീഡെടുത്തു. 27ാം മിനിറ്റിൽ ഫ്ലൂമിനൻസിന്റെ ബ്രസീലിയൻ ഡിഫൻഡർ നിനോയുടെ സെൽഫ് ഗോളെത്തിയതോടെ സിറ്റിയുടെ ലീഡ് ഇരട്ടിയായി.

രണ്ടാം പകുതി 72ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിക്കായി മൂന്നാം ഗോൾ നേടി. 88ാം മിനിറ്റിൽ ഹൂലിയൻ ആൽവാരസ് വീണ്ടും ഗോൾ കണ്ടെത്തിയതോടെ (4-0) ഫ്ലുമിനൻസിന്റെ പതനം പൂർണമായി.   


ഫിഫ ക്ലബ് ലോകകപ്പിൽ മാഞ്ചസ്റ്റർ സിറ്റി ആദ്യമായാണ് മുത്തമിടുന്നത്. ഒരു ഇം​ഗ്ലീഷ് ക്ലബ് പ്രീമിയർ ലീ​​ഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീ​ഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ഒരു വർഷത്തിൽ സ്വന്തമാക്കുന്നതും ആദ്യമാണ്. ഇതോടെ സിറ്റിയുടെ കപ്പിത്താൻ പെപ് ഗ്വാർഡിയോളയുടെ 14ാം കിരീടമാണ് ഷോക്കേസിലെത്തുന്നത്.

Tags:    
News Summary - Manchester City 4-0 Fluminense: Club World Cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.