റാഷ്ഫോഡിനെ പിടിച്ചുകെട്ടാനാളില്ല, പിന്നെയും ജയം; പ്രിമിയർ ലീഗ് കിരീടം പിടിക്കുമോ യുനൈറ്റഡ്?

ലോകകപ്പ് കഴിഞ്ഞുള്ള കളികളിലൊക്കെയും മാരക ഫോം തുടരുന്ന മാർകസ് റാഷ്ഫോഡിന്റെ കാലിലേറി പിന്നെയും വമ്പൻ ജയംപിടിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. രണ്ടുവട്ടം വലകുലുക്കി 25കാരൻ നിറഞ്ഞുനിന്ന ദിനത്തിൽ മനോഹര സേവുകളുമായി ഗോളി ഡി ഗിയയും അസിസ്റ്റുകളുമായി ബ്രൂണോ ഫെർണാണ്ടസും കൂട്ടുനൽകിയായിരുന്നു ലെസ്റ്ററിനെതിരെ ഏകപക്ഷീയമായ മൂന്നുഗോൾ ജയം. ഇതോടെ, പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി അകലം മൂന്നു പോയിന്റാക്കി ചുരുക്കിയ യുനൈറ്റഡ് പ്രിമിയർ ലീഗിൽ കിരീടം സ്വപ്നം കണ്ടുതുടങ്ങി.

ടെൻ ഹാഗ് പരിശീലകക്കുപ്പായത്തിൽ എത്തിയതോടെ ഇരട്ട എഞ്ചിൻ കരുത്തിൽ കുതിക്കുന്ന യുനൈറ്റഡ് മാത്രമായിരുന്നു ഓൾഡ് ട്രാഫോഡിലും നിറഞ്ഞുനിന്നത്. സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം അവസരമാക്കിയ യുനൈറ്റഡിനായി 25ാം മിനിറ്റിൽ റാഷ്ഫോഡ് ലീഡ് പിടിച്ചു. ബ്രൂണോയുടെ മനോഹര പാസിലായിരുന്നു എതിർ പ്രതിരോധത്തി​ന് അവസരമേതും നൽകാതെയുള്ള ആദ്യ ഗോൾ. അതോടെ തളർന്നുപോ​യ ലെസ്റ്ററിനെ കാഴ്ചക്കാരാക്കി രണ്ടാം പകുതിയിൽ റാഷ്ഫോഡ് തന്നെ ലീഡുയർത്തി. ഫ്രെഡിന്റെ പാസിലായിരുന്നു ഗോൾ. മിനിറ്റുകൾക്കിടെ ബ്രൂണോയുടെ അസിസ്റ്റിൽ സാഞ്ചോയും ലെസ്റ്റർ ഗോളിയെ ഞെട്ടിച്ച് മാർജിൻ കാൽഡസനാക്കി ഉയർത്തി.

തുടക്കത്തിൽ രണ്ട് സുവർണാവസരങ്ങൾ ഗോളിനരികെയെത്തിച്ച് ലെസ്റ്റർ ചിലതു തെളിയിക്കാൻ ശ്രമം നടത്തിയെങ്കിലും ഗോളി ഡി ഗിയക്കു മുന്നിൽ തകർന്നു. പിന്നെയെല്ലാം റാഷ്ഫോഡ് മാത്രമായി ചിത്രത്തിൽ. ഓൾഡ് ട്രാഫോഡിൽ അവസാനം കളിച്ച ഏഴു കളികളിലും ഗോൾനേടുകയെന്ന അപൂർവ നേട്ടവും താരം ഇതോടെ സ്വന്തമാക്കി. ലോകകപ്പിനു ശേഷമുള്ള മത്സരങ്ങളിൽ മാത്രം താരം ഇതുവരെ 16 ഗോളുകൾ നേടിയിട്ടുണ്ട്.

തുടർച്ചയായ മൂന്നു കളികളിൽ തോൽക്കാതെയെത്തിയ ലെസ്റ്ററിന് ഇത് നെഞ്ചുതകർക്കുന്ന തോൽവിയായി. നിലവിൽ പോയിന്റ് നിലയിൽ 14ാമതാണ് ടീം.

യൂറോപ ലീഗിൽ ബാഴ്സക്കെതിരെ രണ്ടാം പാദവും വെംബ്ലിയിൽ ന്യുകാസിലിനെതിരെ കരബാവോ കപ്പ് ഫൈനലും കളിക്കാനിരിക്കുന്ന മാഞ്ചസ്റ്ററുകാർക്ക് തകർപ്പൻ ജയം ആത്മവിശ്വാസം ഇരട്ടിയാക്കും. നിലവിൽ പ്രിമിയർ ലീഗിലെ 22കളികളിൽ മൂന്നെണ്ണം മാത്രമാണ് യു​നൈറ്റഡ് തോൽവിയറിഞ്ഞത്. 18 കളികളിൽ 17 ഗോളടിച്ച് റാഷ്ഫോഡ് ആണ് ടീമിന്റെ വിജയകഥകളിലൊക്കെയും ഹീറോ.

നിലവിൽ മൂന്നാം സ്ഥാനത്തുള്ള യു​​നൈറ്റഡിന് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ച് പോയിന്റ് നിലയിൽ ഒന്നാമതെത്തലും അത്ര വിദൂരത്തല്ലെന്നതാണ് നിലവിലെ സാഹചര്യം. ആദ്യ മൂന്നു സ്ഥാനക്കാർക്കിടയിൽ പോയിന്റ് അകലം അത്ര കൂടുതലല്ലെന്നതാണ് യുനൈറ്റഡിന് പ്രതീക്ഷ നൽകുന്നത്. ഒന്നാമതുള്ള ഗണ്ണേഴ്സിനടുത്തെത്താൻ നിലവിൽ വേണ്ടത് അഞ്ചു പോയിന്റ് മാത്രമാണ്. 

Tags:    
News Summary - Man Utd vs Leicester City: Marcus Rashford runs riot again as Jadon Sancho revels in new role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.