ഓൾഡ് ട്രാഫോഡിൽ ‘സാംബ നൃത്തം’; സൺ മാജികിൽ ഹോട്സ്പർ- എഫ്.എ കപ്പിൽ വമ്പന്മാർക്ക് ‘ഇത്തിരിക്കുഞ്ഞൻ ജയം’

എതിരാളികൾ ദുർബലരായപ്പോൾ കരുത്തുകാട്ടി പ്രിമിയർ ലീഗ് വമ്പന്മാർ. എഫ്.എ കപ്പ് നാലാം റൗണ്ട് മത്സരങ്ങളിൽ കാസമീറോയും ​ഫ്രെഡും ഗോളടിച്ച് യുനൈറ്റഡും ഹ്യൂ മിൻ സൺ ഡബ്ളിൽ ടോട്ടൻഹാം ഹോട്സ്പറും ജയം കുറിച്ചു.

മാഞ്ചസ്റ്റർ യുനൈറ്റഡിനായി ബ്രസീൽ താരങ്ങൾ ആധിപത്യം കാട്ടിയ മത്സരത്തിൽ കാസമീറോ രണ്ടു വട്ടമാണ് പന്ത് വലയിലെത്തിച്ചത്, ഓരോ ഗോളും അതിമനോഹരവും. മൂന്നാം ഗോളടിച്ച ഫ്രെഡും ബ്രസീൽ താരം. ഒരു അസിസ്റ്റുമായി ആന്റണിയും സാംബ സംഘത്തിൽ കരുത്തുകാട്ടി. ടെൻഹാഗിനു കീഴിൽ മനോഹര ഫുട്ബാളുമായി കളംനിറയുന്ന യുനൈറ്റഡ് അതേ മികവ് ദുർബലരായ റീഡിങ്ങിനെതിരെയും പുറത്തെടുത്തപ്പോൾ ആദ്യാവസാനം ഏകപക്ഷീയമായിരുന്നു മത്സരം. ആദ്യപകുതിയിൽ ഗോളൊഴിഞ്ഞുനിന്ന ക്ഷീണം തീർത്ത് ഇടവേളക്കു ശേഷം12 മിനിറ്റിനിടെയായിരുന്നു യുനൈറ്റഡ് മൂന്നുവട്ടം വല കുലുക്കിയത്. റീഡി​ങ്ങിന്റെ ആശ്വാസ ഗോൾ കാരോളും നേടി.

പ്രിസ്റ്റണെതിരെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയിനിനെ പുറത്തിരുത്തിയാണ് ഹോട്സ്പർ ഇറങ്ങിയത്. കഴിഞ്ഞ 17 മത്സരങ്ങളിൽ ഒരു തവണ മാത്രം വല കുലുക്കിയ​വനെന്ന നാണക്കേട് കഴുകിക്കളഞ്ഞായിരുന്നു ദക്ഷിണ കൊറിയൻ താരം സണ്ണിന്റെ പ്രകടനം. ഇടംകാലൻ ഷോട്ടുമായി രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾവേട്ട തുടങ്ങിയ സൺ വൈകാതെ അടുത്ത ഗോളും നേടി. ഡാൻജുമയുടെ വകയായിരുന്നു മൂന്നാം ഗോൾ.

മറ്റു മത്സരങ്ങളിൽ പ്രിമിയർ ലീഗ് ടീമുകളായ ലീഡ്സ്, ലെസ്റ്റർ, സതാംപ്ടൺ എന്നിവയും ജയം കണ്ടപ്പോൾ ഫുൾഹാം സമനിലയിൽ കുരുങ്ങി. 

Tags:    
News Summary - Man Utd Progress In FA Cup, Son At The Double For Spurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.