യുനൈറ്റഡ്, ലിവർപൂൾ, ടോട്ടൻഹാം ക്ലബുകളുടെ ഉടമസ്ഥത ഖത്തറിലേക്ക് ചേക്കേറുമോ? സൂചന നൽകി ബ്ലൂം​ബർഗ് റിപ്പോർട്ട്

പ്രിമിയർ ലീഗിലെ വമ്പന്മാരായ യുനൈറ്റഡ്, ലിവർപൂൾ, ടോട്ടൻഹാം ക്ലബുകളിൽ ഏതെങ്കിലുമൊന്ന് ഏറ്റെടുക്കാൻ ഖത്തർ സ്‍പോർട്സ് ഇ​ൻവെസ്റ്റ്മെന്റ്സിന് താൽപര്യമെന്ന് റിപ്പോർട്ട്. യുനൈറ്റഡ്, ലിവർപൂൾ ക്ലബുകളുടെ ഓഹരികൾ വിറ്റഴിക്കുകയാണെന്നറിയിച്ച് അടുത്തിടെ രംഗത്തുവന്നിരുന്നു. ടോട്ടൻഹാം ​ചെയർമാൻ ഡാനിയൽ ലെവിയുമായി ഖത്തർ സ്‍പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് അധ്യക്ഷൻ നാസൽ അൽഖിലൈഫി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ വന്നു. ഇതിനു പിന്നാലെയാണ് ഇവയിൽ നിക്ഷേപത്തിന് ഖത്തർ അധികൃതർക്ക് താൽപര്യമെന്ന് യു.എസ് ആസ്ഥാനമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്.

ഖത്തർ ലോകകപ്പ് വൻ വിജയമായിരുന്നു. വൻതുക മുടക്കി സ്റ്റേഡിയങ്ങൾ നിർമിച്ചും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയും ലോകമാമാങ്കം വൻ വിജയമാക്കിയ രാജ്യം കായിക രംഗത്ത് കൂടുതൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രിമിയർ ലീഗ് ക്ലബുകളിൽ താൽപര്യമറിയിക്കുന്നത്. ഫ്രഞ്ച് ലിഗ് വണ്ണിൽ പാരിസ് സെന്റ് ജർമൻ, പോർച്ചുഗലിലെ എസ്.സി ബ്രാഗ ക്ലബുകളും ഖത്തർ നിയന്ത്രണത്തിലുള്ളവയാണ്.

മാഞ്ചസ്റ്റർ യുനൈറ്റഡ് ഉടമകളായ ഗ്ലേസർ കുടുംബം വിൽക്കാൻ താൽപര്യമറിയിച്ച് അടുത്തിടെ രംഗത്തെത്തിയിരുന്നു. ലിവർപൂൾ ഉടമകളും സമാനമായി വിൽപന പരസ്യമാക്കിയിട്ടുണ്ട്. 60,000 പേർക്ക് സൗകര്യമുള്ള വിശാലമായ കളിമുറ്റം പൂർത്തിയാക്കിയ ടോട്ടൻഹാം ക്ലബ് നിലവിൽ 200 കോടി​ യൂറോ മൂല്യമുള്ളതാണ്. പ്രിമിയർ ലീഗിൽ മറ്റൊരു മുൻനിര ടീമായ ചെൽസി 250 കോടി പൗണ്ടിന് അടുത്തിടെ അമേരിക്കൻ കൺസോർട്യം ഏറ്റെടുത്തിരുന്നു. യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ റഷ്യൻ ഉടമയായ റോമൻ അബ്രമോവിച്ചിന് വിലക്കു വന്നതോടെയായിരുന്നു കൈമാറ്റം.

പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ ക്ലബുകൾ യഥാക്രമം യു.എ.ഇ, സൗദി ഉടമസ്ഥതയിലുള്ളതാണ്. അബൂദബി ആസ്ഥാനമായുള്ള സിറ്റി ഫുട്ബാൾ ഗ്രൂപിനാണ് മാഞ്ചസ്റ്റർ ടീമിന്റെ ഉടമസ്ഥതയെങ്കിൽ സൗദി വെൽത്ത് ഫണ്ടിന്റെ മേൽ​നോട്ടത്തിലുള്ള കൺസോർട്യത്തിനാണ് ന്യൂകാസിൽ മേൽനോട്ടം. ഇരു ടീമുകളും നിലവിൽ പ്രിമിയർ ലീഗിൽ മികച്ച കുതിപ്പ് തുടരുകയാണ്.

യുവേഫ നിയമപ്രകാരം പൂർണമായും ഒരേ ഉടമക്കു കീഴിലുള്ള രണ്ടു ടീമുകൾക്ക് യൂറോപ്യൻ മത്സരങ്ങളിൽ മാറ്റുരക്കാനാകില്ല. എന്നാൽ, ഓഹരി സ്വന്തമാക്കുന്നതിന് വിലക്കില്ല താനും. നിലവിൽ വിവിധ ക്ലബുകൾ ഭാഗികമായോ പൂർണമായോ നിയന്ത്രിക്കുന്ന ഗ്രൂപുകളുണ്ട്. സിറ്റി ഫുട്ബാൾ ഗ്രൂപി​നു കീഴിൽ മാത്രം നിലവിൽ 10 ക്ലബുകളുണ്ട്. എനർജി പാനീയമായ റെഡ് ബുൾ ബ്രാൻഡിനു കീഴിലാണ് ലീപ്സിഷ്, സാൽസ്ബർഗ് ടീമുകൾ. 

Tags:    
News Summary - Man United, Liverpool or Spurs May Be Buyout Targets for Qatar Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.