ലോകത്തിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാളായ ക്രൊയേഷ്യയുടെ ജോസ്കോ ഗ്വാർഡിയോൾ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിൽ.
ബുണ്ടസ് ലീഗ ക്ലബായ ആർ.ബി ലൈപ്സിഗിൽനിന്നാണ് 21കാരനായ സെന്‍റർ ബാക്ക് താരം സിറ്റിയിലെത്തുന്നത്.
ഏകദേശം 820 കോടിയുടേതാണ് കരാർ. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ പ്രതിരോധ താരമെന്ന നേട്ടം ഇനി ഗ്വാർഡിയോളിന്‍റെ പേരിലാകും. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ പേരുമായി സാമ്യമുള്ളതിനാൽ ‘ലിറ്റിൽ പെപ്’ എന്നാണ് താരത്തെ വിളിക്കുന്നത്.
അഞ്ചു വർഷത്തെ കരാറിലാണ് താരം സിറ്റിയിലെത്തുന്നത്. ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യക്കുവേണ്ടി ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്. ട്രബിൾ നേടിയ സിറ്റി ഈ സീസണിലും ശക്തമായ ടീമുമായാണ് എത്തുന്നത്. നേരത്തെ മറ്റൊരു ക്രൊയേഷ്യൻ താരം കൊവാചിചിനെയും ടീമിൽ എത്തിച്ചിരുന്നു.
ജെർമൻ കപ്പിൽ ലൈപ്സിഗിനെ തുടർച്ചയായ രണ്ടു സീസണുകളിൽ കിരീട നേട്ടത്തിലെത്തിക്കുന്നതിൽ താരം വലിയ പങ്കുവഹിച്ചു. ചാമ്പ്യൻസ് ലീഗിലും കളിച്ചു. 2021 ജൂലൈയിൽ ക്രൊയേഷ്യൻ പ്രഫഷനൽ ക്ലബായ ഡൈനാമോ സാഗ്രെബിൽനിന്നാണ് താരം ലൈപ്സിഗിലെത്തുന്നത്.
ഒരുദിവസം ഇംഗ്ലണ്ടിൽ കളിക്കുന്നത് പതിവായി സ്വപ്നം കണ്ടിരുന്നെന്നും അത് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമായതിൽ അതിയായ സന്തോഷമുണ്ടെന്നും ഗ്വാർഡിയോൾ പ്രതികരിച്ചു.
‘കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കളി കണ്ടവർക്കറിയാം, അവരാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന്. സിറ്റിയിൽ ചേരുന്നത് എനിക്കും കുടുംബത്തിനും സന്തോഷമുള്ള കാര്യമാണ്’ -താരം പറഞ്ഞു. മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ ഹാരി മഗ്വയർ, ലിവർപൂളിന്‍റെ വിർജിൽ വാൻ ഡിക് എന്നിവരാണ് വില കൂടിയ മറ്റു പ്രതിരോധ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.