‘സന എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്’; അർബുദം തട്ടിയെടുത്ത എന്റിക്വെയുടെ മകൾക്ക് ആദരമർപ്പിച്ച് പി.എസ്.ജി ആരാധകർ, വൈകാരിക നിമിഷം

മ്യൂണിക്ക്: ലോക ഫുട്ബാളിലെ സൂപ്പർതാരങ്ങളെ അണിനിരത്തിയിട്ടും പിടികൊടുക്കാതിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമാണ് പരിശീലകൻ ലൂയിസ് എന്റിക്വെയിലൂടെ പി.എസ്.ജി സ്വന്തമാക്കിയത്. മ്യൂണിക്കിലെ അലയൻസ് അരീനയിൽ ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ പൊട്ടിക്കരഞ്ഞും ആർത്തുവിളിച്ചുമാണ് ആരാധകർ കിരീട നേട്ടം ആഘോഷിച്ചത്.

ഫൈനലിൽ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്താണ് പാരീസ് ക്ലബിന്‍റെ കിരീട നേട്ടം. ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ ക്ലബിനായി ഒരുമിച്ച് പന്തുതട്ടിയിട്ടും നേടാൻ കഴിയാതെ പോയ ചാമ്പ്യൻസ് ലീഗ് കിരീടത്തിലാണ് എന്റിക്വെയുടെ കീഴിൽ ഒത്തൊരുമയോടെ കളിച്ച് ടീം മുത്തമിട്ടത്. അർബുദം തട്ടിയെടുത്ത മകൾക്ക് ആദരമർപ്പിച്ചാണ് പ്രിയ പരിശീലകനോടുള്ള സ്നേഹം പി.എസ്.ജി ആരാധകർ പ്രകടിപ്പിച്ചത്.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് എന്റിക്വെയുടെ മകള്‍ സന അർബുദത്തിന് കീഴടങ്ങുന്നത്. 2019 ഐഗസ്റ്റ് 30നാണ് ഒമ്പതു വയസുകാരിയായിരുന്ന മകളുടെ വിയോഗ വാര്‍ത്ത എന്റിക്വെ ലോകത്തെ അറിയിക്കുന്നത്. അഞ്ചു മാസത്തോളം രോഗത്തോട് പൊരുതിയാണ് മരണത്തിന് കീഴടങ്ങിയത്. ശരീരത്തിലെ അസ്ഥികളെയാണ് അർബുദം ബാധിച്ചത്. 2018 ലോകകപ്പിനുശേഷം സ്പെയിനിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത എന്റിക്വെ മകളുടെ ചികിത്സാ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി 2019 ജൂണ്‍ 19ന് രാജിവെച്ചിരുന്നു.

മത്സരശേഷം മ്യൂണിക്കിലെ സ്റ്റേഡിയത്തിൽ എന്റിക്വെയുടെയും മകളുടെയും കൂറ്റൻ ടിഫോ ബാനർ ഉയർത്തിയാണ് പി.എസ്.ജി ആരാധകർ ആദരം അർപ്പിച്ചത്. 2015ല്‍ യുവെന്റസിനെ തോല്‍പ്പിച്ച് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയശേഷമുള്ളതാണ് ഈ ചിത്രം. ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിലെ ടര്‍ഫില്‍ അന്ന് ബാഴ്സ ജഴ്സി ധരിച്ച അഞ്ചു വയസ്സുള്ള മകൾ സനക്കൊപ്പം ബാഴ്സലോണ പതാക നാട്ടുന്ന എന്റിക്വെയുടെ ചിത്രം വൈറലായിരുന്നു. ആ ചിത്രത്തിൽ ബാഴ്സക്കു പകരം പി.എസ്.ജിയുടെ ജഴ്സി ധരിച്ച സനയോടൊപ്പം ടീമിന്‍റെ പതാക നാട്ടുന്ന എന്റിക്വെയുടെ ചിത്രമാണ് ആരാധകര്‍ മ്യൂണിക്കില്‍ ബാനറായി ഉയര്‍ത്തിയത്.

സനക്ക് ആദരമര്‍പ്പിച്ച് പ്രത്യേകം രൂപകല്‍പന ചെയ്ത കറുത്ത ടീ ഷര്‍ട്ട് ധരിച്ചാണ് എന്റിക്വെ ഫൈനല്‍ മത്സരത്തിനെത്തിയത്. ആരാധകരുടെ സ്‌നേഹത്തിന് എന്റിക്വെ നന്ദിയറിയിക്കുകയും ചെയ്തു. ആരാധകരുടെ പ്രവൃത്തി ഏറെ വൈകാരികമായിരുന്നെന്ന് മത്സരശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ എന്റിക്വെ പറഞ്ഞു. ‘എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അവര്‍ ചിന്തിച്ചു എന്നത് മനോഹരമായ കാര്യമാണ്. എന്റെ മകളെക്കുറിച്ച് ഓര്‍ക്കാന്‍ എനിക്ക് ചാമ്പ്യൻസ് ലീഗ് ജയിക്കേണ്ട ആവശ്യമില്ല, അവൾ എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. തോല്‍ക്കുമ്പോഴും അവളുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്. സന എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്’ -എന്റിക്വെ പറഞ്ഞു.

Tags:    
News Summary - Luis Enrique pays PSG tribute to late daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.