ന്യൂയോർക്ക്: അടുത്തിടെയായി ലയണൽ മെസ്സിയോളം തന്നെ ഫുട്ബാൾ ആരാധകർകിടയിൽ പ്രശസ്തനാണ് സൂപ്പർതാരത്തിന്റെ അംഗരക്ഷകനായ യാസീൻ ച്യൂകോ. മുൻ മാർഷൽ ആർട്സ് താരം കൂടിയായ ച്യൂകോയുടെ കളത്തിലെ ജാഗ്രത ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ പ്രശസ്തവുമാണ്. എന്നാൽ, കളിയുടെ രസംകൊല്ലുന്ന ജാഗ്രതയും, മെസ്സിയുടെ നീക്കത്തിന് സമാനമായി കുമ്മായവരക്ക് പുറത്ത് ച്യുകോ നടത്തുന്ന നീക്കങ്ങളും പലപ്പോഴും വിമർശനവും ഏറ്റുവാങ്ങിയിട്ടുണ്ട്. ഒടുവിലിപ്പോൾ അതിരുവിട്ട സുരക്ഷാ ജാഗ്രതക്കെതിരെ വടിയെടുത്തിരിക്കുകയാണ് അമേരിക്കയിലെ ലീഗ് കപ്പ് സംഘാടകർ. കഴിഞ്ഞ ദിവസം നടന്ന ലീഗ് കപ്പിൽ മെസ്സിയുടെ ഇന്റർ മയാമിയും, അറ്റ്ലസും തമ്മിലെ മത്സരത്തിനു പിന്നാലെ കളത്തിൽ നടന്ന അതിരുവിട്ട പ്രകടനമാണ് ച്യൂകോക്ക് വിനയായത്. മത്സരം കഴിഞ്ഞതിനു പിന്നാലെ, കളിക്കളത്തിലേക്ക് അനധികൃതമായി പ്രവേശിച്ച ച്യൂകോ എതിർ ടീം അംഗത്തെ തള്ളിയതും പ്രശ്നമായി. ജൂലായ് 30ന് നടന്ന മത്സരത്തിനു പിന്നാലെയായിരുന്നു സംഭവം. അനുമതിയില്ലാതെ കളത്തിലേക്ക് പ്രവേശിച്ചതും, ടീം അംഗത്തെ തള്ളിയതും കണക്കിലെടുത്ത് അംഗരക്ഷകന് ലീഗ് കപ്പിൽ വിലക്കേർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. ഇന്റർ മയാമിക്ക് പിഴ ചുമത്താനും തീരുമാനിച്ചു. ഇതോടെ, ആഗസ്റ്റ് 31 വരെ നീണ്ടു നിൽക്കുന്ന ലീഗ് കപ്പിലെ മത്സരങ്ങളിൽ ടെക്നികൽ ഏരിയയിലും ബോഡിഗാർഡിന് പ്രവേശനമുണ്ടാവില്ല.
വാശിയേറിയ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ പിറന്ന ഗോളിൽ ഇന്റർ മയാമി 2-1ന് ജയിച്ചതിനു പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അറ്റ്ലസ് താരത്തിന്റെ മുഖത്തേക്ക് കൈ ഉയർത്തി മെസ്സി നടത്തിയ വിജയാഘോഷം രംഗം വഷളാക്കി. മത്സര ശേഷം, താരത്തിന് ജഴ്സി കൈമാറി ശാന്തമാക്കിയെങ്കിലും മൈതാനമധ്യത്തിൽ ഇരു ടീമുകളുടെയും താരങ്ങൾ ഒന്നിച്ച് സംഘർഷഭരിതമാക്കിയിരുന്നു. ഇതിനിടയിലേക്കായിരുന്നു യാസീൻ ച്യൂകയുടെയും പ്രവേശനം. മെസ്സിക്ക് പിന്നാലെ നടന്നു നീങ്ങിയ ച്യൂക, താരത്തെ സമീപിച്ച അറ്റ്ലസ് താരത്തെ തള്ളി നീക്കി. സംഭവം അപ്പോൾ തന്നെ കളത്തിൽ സീനായി മാറി. ഓടിയെത്തിയ അറ്റ്ലസ് കളിക്കാർ ബോഡി ഗാഡിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു. ചാനൽ അഭിമുഖങ്ങളിലും താരങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് സംഘാടകർ ച്യൂകയെ മത്സരങ്ങളിൽ ടെക്നികൽ ഏരിയയിൽ പോലും പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത്.
പി.എസ്.ജി കാലം തൊട്ടേ മെസ്സിയുടെ അംഗരക്ഷകനായി പ്രശസ്തനായ ച്യുകയെ എം.എൽ.എസിലൂടെയാണ് കൂടുതൽ കാണപ്പെടുന്നത്. കളിക്കിടയിൽ ഗ്രൗണ്ടിലേക്ക് കടന്നു കയറുന്ന ആരാധകരെ തടയാൻ മിന്നൽവേഗത്തിൽ ഓടിയെത്തുന്ന ച്യൂക സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു. നേരത്തെ എം.എൽ.എസ് മത്സരത്തിനിടയിലും ച്യുകക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
പി.എസ്.ജിയിൽ കളിക്കവെയാണ് മെസ്സിയുടെ സ്വകാര്യ സുരക്ഷാ ചുമതലയിൽ ഫ്രഞ്ചുകാരനായ യാസീൻ ച്യൂക എത്തുന്നത്. മുൻ യു.എസ് സൈനിക ഉദ്യോഗസ്ഥാനായിരുന്നുവെന്ന് വാർത്തകൾ വന്നുവെങ്കിലും ഇത് തെറ്റാണെന്ന് പിന്നീട് സ്ഥിരീകരണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.