മെസ്സി ബാഴ്സലോണയിലേക്കോ?...

ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിന്റെ ​േപ്ല ഓഫിലെത്താതെ ഇന്റർ മയാമി പുറത്തായ സാഹചര്യത്തിൽ ഇതിഹാസ താരം ലയണൽ മെസ്സി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിൽ തിരിച്ചെത്തുമെന്ന അഭ്യൂഹം ശക്തമാണ്. മേജർ ലീഗ് സോക്കറിന്റെ 2024 എഡിഷൻ തുടങ്ങുന്നതുവരെയുള്ള കാലയളവിൽ ഇന്റർ മയാമിക്ക് മറ്റു കളികളില്ലാത്തതിനാൽ മെസ്സി ബാഴ്സക്കുവേണ്ടി കുപ്പായമണിഞ്ഞേക്കുമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വായ്പാടിസ്ഥാനത്തിൽ അൽപകാലത്തേക്ക് ബാഴ്സലോണ ക്ലബിന്റെ ഭാഗമാകാൻ കഴിയുമെന്നതു മുൻനിർത്തിയായിരുന്നു ഈ റിപ്പോർട്ടുകൾ.

എം.എൽ.എസ് സീസൺ സാധാരണഗതിയിൽ ​ഫെബ്രുവരി അവസാനത്തിലോ മാർച്ച് ആദ്യമോ ആണ് തുടങ്ങാറ്. ഇത്തവണ ഫെബ്രുവരി 25നാണ് ലീഗിന് തുടക്കമായത്. ഈ സാഹചര്യത്തിലാണ് നാലോ അഞ്ചോ മാസം വരുന്ന ഇടവേളയിൽ, അർജന്റീനാ നായകൻ ബാഴ്സയിലെത്തിയേക്കുമെന്ന ശ്രുതി പരന്നത്.

എന്നാൽ, ഈ സീസണിൽ മെസ്സി ബാഴ്സലോണയിൽ കളിക്കാനെത്താനുള്ള സാധ്യതകൾ തുലോം കുറവാണെന്നാണ് മയാമിയിൽനിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 18നും 21നുമായി എം.എൽ.എസിൽ ഇന്റർ മയാമിയുടെ രണ്ടു കളികൾ ബാക്കിയുണ്ട്. 21നാണ് മെസ്സിയുടെ എം.എൽ.എസ് സീസണിന് അവസാനമാവുക. അതിനുശേഷവും മെസ്സി മയാമിയിൽ തുടർന്നേക്കുമെന്നാണ് ക്ലബുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

എം.എൽ.എസ് സീസൺ കഴിഞ്ഞാലുടൻ മയാമിയുടെ ട്രെയിനിങ്ങിന് തുടക്കമാവും. സീസൺ അവസാനിച്ചശേഷം ചില പ്രദർശന മത്സരങ്ങളിൽ ക്ലബ് കളത്തിലിറങ്ങുന്നുമുണ്ട്. അതിനു പുറമെ, ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് അർജന്റീനക്കുവേണ്ടി നാലു കളികളിൽ ലോക ചാമ്പ്യൻ ബൂട്ടണിയും. പരഗ്വെ, പെറു ടീമുകൾക്കെതിരായ മത്സരങ്ങൾ ഈ മാസം നടക്കും. കരുത്തരായ ഉറുഗ്വെ, ബ്രസീൽ എന്നിവരുമായി നവംബറിലും അർജന്റീന ഏറ്റുമുട്ടും. നവംബർ 21നാണ് ലോകം കാത്തിരിക്കുന്ന അർജന്റീന-ബ്രസീൽ പോരാട്ടം.

ബാഴ്സലോണയിലേക്കുള്ള പോക്ക് യാഥാർഥ്യമാകില്ലെന്നു മാത്രമല്ല, ഈ മത്സരങ്ങളൊക്കെയുള്ളതിനാൽ കളിയിൽനിന്ന് നീണ്ട അവധിയെടുക്കാനും മെസ്സിക്ക് കഴിയില്ല. ജനുവരിയിൽ മയാമിക്കൊപ്പം പരിശീലനം പുനരാരംഭിക്കേണ്ടതുണ്ട്. അടുത്ത സീസൺ മുൻനിർത്തി ശക്തമായ മുന്നൊരുക്കമാണ് മയാമിയുടെ മുന്നിലുള്ള പ്രധാന ലക്ഷ്യം.

ഈ അഭ്യൂഹങ്ങളോട് ഇന്റർ മയാമി കോച്ച് ടാറ്റ മാർട്ടിനോ പരിഹാസത്തോടെയാണ് പ്രതികരിച്ചത്. ‘മെസ്സി ബാഴ്സയിൽ നടക്കാൻ പോവുകയാണോ?’ എന്നായിരുന്നു പരിശീലകന്റെ ആദ്യചോദ്യം. ‘ഈ ഘട്ടത്തിൽ എനിക്കൊന്നും അറിയില്ല. അഭ്യൂങ്ങളൊക്കെ കേട്ട് അതിശയം തോന്നുന്നു. മെസ്സി ബാഴ്സലോണ സന്ദർശിക്കാൻ പോവു​ന്നു എന്ന് നിങ്ങൾ പറഞ്ഞാൽ, ശരിയാണ്. അത് സംഭവിക്കാവുന്നതേയുള്ളൂ. അതേസമയം, വായ്പാടിസ്ഥാനത്തിൽ അവിടെ കളിക്കാൻ പോവുന്ന എന്നു പറഞ്ഞാൽ അതേക്കുറിച്ച് എനിക്കൊന്നുമറിയില്ല’ -മാർട്ടിനോ വ്യക്തമാക്കി.

പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുമ്പോൾ ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹം കഴിഞ്ഞ സീസണിനൊടുവിൽ കശ്തമായിരുന്നു. ഇതിഹാസതാരം തന്റെ പ്രിയപ്പെട്ട കളിക്കൂട്ടത്തിലേക്ക് തിരികെയെത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന സൂചനയാണ് ബാഴ്സലോണയുടെ ഫുട്ബാൾ ഡയറക്ടർ മാത്തിയു അലെമാനി ഉൾപെടെയുള്ളവർ നൽകിയതും. ‘ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഒന്നും പറയാനില്ല. മെസ്സി ബാഴ്സയു​ടെ ജീവിക്കു​ന്ന ഇതിഹാസമാണ്. ഫുട്ബാളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരൻ. ബാഴ്സലോണയിൽ അദ്ദേഹത്തോടു​ള്ള മതിപ്പും ആദരവും ചോദ്യം ചെയ്യപ്പെടാത്തതാണ്’ -എന്നായിരുന്നു അലെമാനിയുടെ അന്നത്തെ പ്രതികരണം. എന്നാൽ, എല്ലാ ഊഹാപോഹങ്ങളും കാറ്റിൽ പറത്തിയ മെസ്സി ലോക ഫുട്ബാളിനെ അമ്പരപ്പിച്ച് ഇന്റർ മയാമിയിലേക്ക് ചേക്കേറുകയായിരുന്നു.

Tags:    
News Summary - Lionel Messi to Barcelona?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.