ലയണൽ മെസ്സി
ന്യൂയോർക്ക്: അണ്ടർ 20 ഫുട്‌ബാൾ ലോകകപ്പ് ഫൈനലിലെത്തിയ അർജന്‍റീന ടീമിനെ അഭിനന്ദിച്ച് സൂപ്പർ താരം ലയണൽ മെസ്സി.
സെമി ഫൈനലിൽ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്താണ് അർജന്‍റീനയുടെ കൗമാരപ്പട ഫൈനലിൽ എത്തിയത്. പകരക്കാരനായി ഇറങ്ങിയ മാറ്റിയോ സിൽവെറ്റി 72ാം മിനിറ്റിലാണ് ടീമിന്റെ വിജയഗോൾ നേടിയത്. ആറു തവണ ചാമ്പ്യന്മാരായ അർജന്റീന 2007ന് ശേഷം ആദ്യമായാണ് കലാശപ്പോരിന് യോഗ്യത നേടുന്നത്. തിങ്കളാഴ്ച പുർച്ചെ നടക്കുന്ന ഫൈനലിൽ മൊറോക്കോയാണ് എതിരാളികൾ.
2005ലെ അണ്ടർ 20 ലോകകപ്പ് നേടിയ അർജന്‍റീന ടീമിൽ മെസ്സിയുണ്ടായിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ടീമിനെ അഭിനന്ദിച്ചത്. ‘ഇനി പോരാട്ടം ഫൈനലിൽ! എല്ലാവർക്കും അഭിനന്ദനങ്ങൾ! സിൽവെറ്റിക്ക് പ്രത്യേക അഭിനന്ദനം’ -മെസ്സി ഇസ്റ്റഗ്രാമിൽ കുറിച്ചു. ഇതോടൊപ്പം സിൽവെറ്റിയും താരങ്ങളും ഗോൾ ആഘോഷിക്കുന്നതിന്‍റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പരാജയമറിയാതെ മുന്നേറിയ അർജന്റീനക്കെതിരെ ശക്തമായ പ്രകടനമാണ് കൊളംബിയ കാഴ്ചവെച്ചത്. പന്തടക്കത്തിൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ കണ്ടെത്താനാകാത്തത് ടീമിന് തിരിച്ചടിയായി. എന്നാൽ ലഭിച്ച അവസരം കൃത്യമായി ഗോളാക്കി മാറ്റിയാണ് അർജന്റീന കലാശപ്പോരിട് ടിക്കറ്റെടുത്തത്. കരുത്തരായ അമേരിക്കയെ ക്വാർട്ടറിൽ തകർത്ത ആത്മവിശ്വാസത്തിലാണ് മൊറോക്കോ സെമി ഫൈനലിൽ പന്ത് തട്ടാനെത്തിയത്. ആദ്യപകുതിയിൽ തന്നെ ടീം ലീഡ് നേടി. 32-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലിസാൻഡ്രോ ഓൽമേറ്റ മൊറോക്കോയെ മുന്നിൽ എത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച മുന്നേറ്റത്തിലൂടെ ഫ്രാൻസ് ഗോൾ മടക്കി. 59-ാം മിനിറ്റിൽ ലൂക്കാസ് മിച്ചലാണ് ഫ്രാൻസിനായി വലകുലുക്കിയത്. പിന്നാലെ കളി അധികസമയത്തേക്ക് നീണ്ടെങ്കിലും ഇരുകൂട്ടർക്കും ഗോൾ കണ്ടെത്താനായില്ല. ഇതോടെ ഷൂട്ട് ഔട്ടിൽ കലാശിക്കുകയായിരുന്നു. 5-4 എന്ന സ്കോറിനാണ് മൊറോക്കോയുടെ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.