നിശാക്ലബ്ബില്‍ കറക്കം, സോഷ്യല്‍ മീഡിയ! അര്‍ജന്റീന ടീമംഗത്തിന്റെ പോക്ക് ശരിയല്ലെന്ന് മെസ്സി, ലോകകപ്പ് ടീമില്‍ കാണില്ല?

ഖത്തര്‍ ലോകകപ്പ് ഫേവറിറ്റുകളാണ് അര്‍ജന്റീന. ചിട്ടയായ തയാറെടുപ്പുകളോടെയാണ് കോപ അമേരിക്കയും ഫൈനലിസിമയും അര്‍ജന്റീന ജയിച്ചത്. മെസ്സിയില്‍ മാത്രം കേന്ദ്രീകരിക്കാതെ, എല്ലാ കളിക്കാര്‍ക്കും കൃത്യമായ റോളുകള്‍ നല്‍കിക്കൊണ്ടുള്ള ശൈലീ മാറ്റം അര്‍ജന്റീനയെ മികച്ച ടീമാക്കി.

ഇതില്‍, ഒരാള്‍ മോശം പ്രകടനം പുറത്തെടുത്താല്‍ ആ ടീമിനെ ബാധിക്കും. ഫുട്‌ബോളല്ലാതെ മറ്റൊന്നും ലോകകപ്പ് കഴിയും വരെ ആരുടെയും ചിന്തയില്‍ പോലും വരരുത്. അതുകൊണ്ട് തന്നെ ലയണല്‍ മെസ്സിക്ക് പിടിവാശിയുണ്ട്, ഒരു സഹതാരവും ലക്ഷ്യത്തില്‍നിന്ന് പിറകോട്ട് പോകുവാന്‍ പാടില്ല! റോഡ്രിഗോ ഡി പോളിന്റെ ജീവിത ശൈലി ഫുട്‌ബോള്‍ താരത്തിന് യോജിച്ചതല്ലെന്ന തിരിച്ചറിവില്‍ മെസ്സി രംഗത്ത് വന്നിട്ടുണ്ട്.

റോഡ്രിഗോ ഡി പോൾ

നിശാക്ലബ്ബില്‍ പുതിയ കാമുകിക്കൊപ്പം കറങ്ങി നടക്കുകയും അതെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തും ഡി പോള്‍ കരിയര്‍ നശിപ്പിക്കുകയാണെന്ന സൂചന അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയഗോ സിമിയോണി നേരത്തെ തന്നെ നല്‍കിയിരുന്നു. മെസ്സിയും ഇത് ഗൗരവത്തോടെയാണ് കാണുന്നത്. കോപ അമേരിക്കയില്‍ ഡി പോളിന്റെ മികവ് അര്‍ജന്റീനക്ക് ഫലപ്രദമായിരുന്നു. എന്നാല്‍, പെട്ടെന്ന് കൈവന്ന സെലിബ്രിറ്റി സ്റ്റാറ്റസില്‍ ഡി പോള്‍ ഫുട്‌ബോളിനെ മറന്ന് നടക്കുന്ന കാഴ്ചയാണിപ്പോള്‍.

മെസിയുടെ മുപ്പത്തഞ്ചാം പിറന്നാള്‍ ആഘോഷത്തിന് കാമുകി ടിനി സ്‌റ്റോസെലിനൊപ്പമായിരുന്നു ഡി പോള്‍ എത്തിയത്. മുന്‍ ജീവിത പങ്കാളി കാമില ഹോമ്‌സുമായി പിരിഞ്ഞ ഡി പോളിന്റെ പുതിയ ജീവിതരീതികളോട് മെസിക്ക് ഒട്ടും യോജിപ്പില്ല. കഴിഞ്ഞ വര്‍ഷം ഉദിനിസെ ക്ലബ്ബില്‍ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡില്‍ ചേര്‍ന്ന ഡി പോളിന് ഫോം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സീസണിന്റെ രണ്ടാം പകുതിയില്‍ ഏറെയും സൈഡ് ബെഞ്ചിലായിരുന്നു.

കോപ അമേരിക്ക ജേതാവായതിന് പിന്നാലെയാണ് ഡി പോളിന് അത്‌ലറ്റിക്കോ മാഡ്രിഡ് അഞ്ച് വര്‍ഷ കരാര്‍ നല്‍കി അവസരം നല്‍കിയത്. എന്നാല്‍ മധ്യനിരയില്‍ അര്‍ജന്റീനക്കാരനായ കോച്ച് ഡിയഗോ സിമിയോണിക്ക് പ്രതീക്ഷിച്ച റിസള്‍ട്ട് നല്‍കാന്‍ ഡി പോളിന് കഴിഞ്ഞിട്ടില്ല.

Tags:    
News Summary - Lionel Messi angry with Rodrigo De Paul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT