കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ
കൊച്ചി: ഐ.എസ്.എൽ സീസണിലെ ആറ്റുനോറ്റ് കിട്ടിയ വിജയത്തിന്റെ തുടർച്ച തേടി സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു. വിഷുദിനമായ ബുധനാഴ്ച വൈകീട്ട് 7.30ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചാണ് മഞ്ഞപ്പടയുടെ മത്സരം. നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയാണ് എതിരാളികൾ. കഴിഞ്ഞ ദിവസം ചിരവൈരികളായ ബംഗളൂരു എഫ്.സിയെ അവരുടെ തട്ടകത്തിൽ 2-1ന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. സീസണിലെ ആദ്യ ഏഴ് കളികളിൽ ആറും തോൽക്കുകയും ഒരെണ്ണം മാത്രം സമനില പിടിക്കുകയും ചെയ്ത് ദയനീയ സ്ഥിതിയിലെത്തി നിൽക്കുകയായിരുന്നു ടീം. ഇതിനിടെയാണ് ബംഗളൂരുവിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ആശ്വാസ ജയം നേടിയത്. പുതിയ പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിന് കീഴിൽ ടീം സജ്ജമായിട്ടുണ്ട്.
നാലു പോയൻറുമായി 13ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സുള്ളത്. ആറ് പോയന്റുമായി പത്താം സ്ഥാനത്താണ് ഇന്നത്തെ എതിരാളികളായ നോർത്ത് ഈസ്റ്റ് ടീം. ബംഗളൂരുവിനെതിരെ നടന്ന മത്സരത്തിലെ അതേ ലൈനപ്പും കളിതന്ത്രങ്ങളും തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സ് വിഷുദിനത്തിലും പുറത്തെടുക്കുക. പ്രമുഖർ പലരും ടീം വിട്ടതോടെ ദുർബലമായ മഞ്ഞപ്പടക്ക് ഐ.എസ്.എല്ലിൽനിന്നുള്ള തരംതാഴ്ത്തൽ ഒഴിവാക്കാൻ ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.
ന്യൂഡൽഹി: ഐ.എസ്.എൽ മത്സരത്തിനിടെ തങ്ങളുടെ താരത്തിനുനേരെ വംശീയ അധിക്ഷേപം ഉണ്ടായെന്നുകാണിച്ച് കേരള ബ്ലാസ്റ്റേഴ്സ് നൽകിയ പരാതി അച്ചടക്ക സമിതിക്ക് കൈമാറി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ. ഏപ്രിൽ 11ന് ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കളിക്കിടെ ബ്ലാസ്റ്റേഴ്സിന്റെ സെനഗാൾ താരം ഫാലോ എൻഡിയായെ ബംഗളൂരു എഫ്.സി ആരാധകർ അധിക്ഷേപിച്ചെന്നാണ് പരാതി. വംശീയതയോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഫുട്ബാൾ മൈതാനങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് സ്ഥാനമില്ലെന്നും എ.ഐ.എഫ്.എഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.