ഇന്‍റർമിലാൻ കോപ്പ ഇറ്റാലിയ ചാമ്പ്യന്മാർ; ലൗട്ടാറോ മാര്‍ട്ടിനെസിന് ഇരട്ട ഗോൾ; തുടർച്ചയായ രണ്ടാം കിരീടം

കോപ്പ ഇറ്റാലിയ കിരീടം കരുത്തരായ ഇന്റര്‍മിലാന്. ഫൈനലില്‍ ഫിയോറെന്റീനയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്റര്‍ തുടർച്ചയായ രണ്ടാം കിരീടം നേടുന്നത്.

ഒരു ഗോളിന് പിന്നില്‍ നിന്നശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ഇന്റര്‍ വിജയം നേടിയത്. അർജന്‍റൈൻ സൂപ്പര്‍ താരം ലൗട്ടാറോ മാര്‍ട്ടിനെസാണ് വിജയശിൽപി. ടീമിന്‍റെ രണ്ടു ഗോളുകളും നേടിയത് മാർട്ടിനെസാണ്. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ നിക്കോളാസ് ഗോണ്‍സാലസിലൂടെ ഫിയോറെന്റീന ലീഡ് നേടി ഇന്‍ററിനെ ഞെട്ടിച്ചു. എന്നാൽ, 29ാം മിനിറ്റിൽ മാർട്ടിനെസ് ഇന്‍ററിനെ ഒപ്പമെത്തിച്ചു.

37ാം മിനിറ്റിലായിരുന്നു താരത്തിന്‍റെ വിജയഗോൾ. ഇതോടെ ഇന്ററിനായി ലൗട്ടാറോ മാര്‍ട്ടിനെസിന്‍റെ ഗോൾ നേട്ടം നൂറായി. ഇന്റര്‍ നേടുന്ന ഒമ്പതാം കോപ്പ ഇറ്റാലിയ കിരീടമാണിത്. 1939, 1978, 1982, 2005, 2006, 2010, 2011, 2022 വര്‍ഷങ്ങളിലാണ് ടീം ഇതിന് മുമ്പ് കിരീടം നേടിയത്. ഏറ്റവുമധികം കോപ്പ ഇറ്റാലിയ കിരീടം നേടിയ ടീം യുവന്റസാണ് (14). ഈ സീസണില്‍ ഇന്റര്‍ മിലാന്‍ നേടുന്ന രണ്ടാം കിരീടമാണിത്.

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിലും ടീം ചാമ്പ്യന്മാരായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാനിരിക്കെയാണ് ടീമിന്‍റെ കിരീട നേട്ടം. ജൂണ്‍ 11ന് രാത്രി 12.30നാണ് ഫൈനൽ.

Tags:    
News Summary - Lautaro Martinez's brace helps Inter defend Coppa Italia title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT